District News
കട്ടപ്പന: നവീകരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി കട്ടപ്പനയാറിന്റെ തീരപ്രദേശങ്ങളില്നിന്നു വെട്ടി മാറ്റിയ മരങ്ങള് പുഴയിലേക്കു തള്ളിയത് സ്വാഭാവിക നീരൊഴുക്കിന് തടസമാകുന്നതായി പരാതി.
കട്ടപ്പന സ്കൂള്കവല മുതല് പൊന്നിക്കവല കാഞ്ചിയാര് കുഴിയോലിപ്പടി ഭാഗം വരെ പുഴയുടെ ഇരുവശങ്ങളിലേയും മരങ്ങളാണ് വെട്ടി കട്ടപ്പനയാറിലേക്കു തള്ളിയിരിക്കുന്നത്. മഴ ശക്തമായി വെള്ളമൊഴുക്ക് വര്ധിക്കുമ്പോള് സ്വാഭാവിക നീരൊഴുക്കിന് തടസം നേരിടുന്നതിനാല് സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണെന്ന് നാട്ടുകാര് പറയുന്നു.
കട്ടപ്പനയാറിന്റെ സംരക്ഷണ പ്രവര്ത്തനങ്ങള് നടന്നുവരികയാണ്. ആദ്യഘട്ട പ്രവര്ത്തനങ്ങളുടെ ഭാഗമായി ആറിന്റെ ഇരുവശങ്ങളിലേയും കല്ക്കെട്ടുകളുടെ നിര്മാണ പ്രവര്ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായാണ് ആറ് കടന്നുപോകുന്ന തീരപ്രദേശങ്ങളിലെ ഇരുഭാഗത്തേയും മരങ്ങള് വെട്ടിമാറ്റിയത്. എന്നാല് വെട്ടിമാറ്റിയ മരങ്ങള് ആറ്റിലേക്കുതന്നെ നിക്ഷേപിച്ചാണ് കരാറുകാര് മടങ്ങിയെന്നാണ് ഉയരുന്ന പരാതി.
ഏതാനും ദിവസങ്ങള്ക്ക് മുമ്പ് മഴ പെയ്തപ്പോള് ആറ് കവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങളും പാലങ്ങളും മൂടിപ്പോകുന്ന സാഹചര്യമുണ്ടായി. ചെറിയ തടിപ്പാലങ്ങള് ഒഴുകിപ്പോകുകയും ചെയ്തു. അതിനാല് അടിയന്തരമായി ആറ്റില്നിന്നു മരച്ചില്ലകള് അടക്കമുള്ളവ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കൊച്ചി: സോളാര് കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന് സന്നദ്ധസംഘടനകള്ക്ക് സിഎസ്ആര് ഫണ്ട് തരപ്പെടുത്തി നല്കാമെന്നു വാഗ്ദാനം ചെയ്ത് വന്തുക തട്ടിയതായി പരാതി.
വളര്ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ട്രസ്റ്റ് രജിസ്റ്റര് ചെയ്യിപ്പിച്ചതായും പലപ്പോഴായി 27 ലക്ഷത്തോളം രൂപ വാങ്ങിയതായും മലപ്പുറം സ്വദേശി കെ. റിന്ഷാദ് പത്രസമ്മേളനത്തില് പറഞ്ഞു.
സിഎസ്ആര് ഫണ്ട് തരപ്പെടുത്തുന്നതിന് ട്രസ്റ്റിന്റെ രജിസ്ട്രേഷനും രേഖകള്ക്കുമെന്ന നിലയില് പല തവണയായി പണം വാങ്ങുകയായിരുന്നു. അഭിഭാഷകനാണെന്നാണ് ബിജു പറഞ്ഞിരുന്നത്. പിന്നീട് സുഹൃത്ത് വഴിയാണ് സോളാര് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനാണെന്ന് അറിയുന്നത്.
തട്ടിപ്പ് മനസിലായി പണം തിരികെ ആവശ്യപ്പെട്ടപ്പോള് ബിജുവും ഭാര്യയെന്നു പരിചയപ്പെടുത്തിയ നിഷാ പീറ്ററും ഭീഷണിപ്പെടുത്തിയെന്നും റിന്ഷാദ് പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും കടവന്ത്ര പോലീസിലും പരാതി നല്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിക്കുള്ള പണം യുകെയിൽനിന്ന് കണ്ടെത്തുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പദ്ധതി നടപ്പാക്കിയ മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി വിജിലൻസ് റിപ്പോർട്ട്.
പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബർ 27മുതൽ 2022 മാർച്ച് എട്ടുവരെ ഈ അക്കൗണ്ട് വഴി വിനിമയം നടത്തുകയും ചെയ്തിരുന്നതായും പറയുന്നു.
ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജനി പദ്ധതിക്കായി 1,27,33,545 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയത്. പുനർജനി സ്പെഷൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ, കറന്റ് അക്കൗണ്ട് വഴിയുമാണ് പണം സ്വരൂപിച്ചത്.
അതേസമയം, യുകെയിലെ മലയാളികളിൽനിന്ന് പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്ക് അയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു ധാരണാപത്രവും ഒപ്പുവച്ചിട്ടില്ല. സാധാരണ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ ധാരണാപത്രം ഒപ്പുവയ്ക്കാറുണ്ട്.
ഒമാൻ എയർവെയ്സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി. സതീശൻ യുകെയിലേക്കു പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശനുവേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് നികുതി അടച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണ്.
വി.ഡി. സതീശന്റെ യുകെയിലെ താമസസൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോടു വ്യക്തമാക്കിയിട്ടുണ്ട്. യുകെ യാത്രയ്ക്കു പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി.ഡി. സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ജോലികളില് പങ്കെടുത്ത സര്ക്കാര് ഉദ്യോഗസ്ഥര്ക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷന് രണ്ടു ദിവസത്തെ ഡ്യൂട്ടി ഓഫ് അനുവദിച്ചെങ്കിലും പ്രഖ്യാപനം കടലാസിലൊതുങ്ങിയെന്ന് പോലീസ് ഉദ്യോഗസ്ഥര്.
ഒരേയൊരു ഡ്യൂട്ടി മാത്രം ചെയ്യുന്ന മറ്റു സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് രണ്ടു ദിവസത്തെ ഡ്യൂട്ടി ഓഫ് അനുവദിച്ചെങ്കിലും സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ തഴഞ്ഞെന്നാണ് ആക്ഷേപം.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു ദിവസത്തെ ഇടവേളയില് രണ്ടു ഘട്ടങ്ങളായി നടക്കുന്നതിനാൽ പോലീസുകാർ നാലു ദിവസം വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു. ഇതു സേനാംഗങ്ങൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കി.
ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാന പോലീസ് സേനയിലെ എല്ലാ വിഭാഗങ്ങളില്നിന്നുമായി 5,000ലധികം ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. മകരവിളക്ക് ഉള്പ്പെടെയുള്ള സമയത്ത് ഉദ്യോഗസ്ഥരുടെ എണ്ണം ഇതിലും കൂടും. കഴിഞ്ഞദിവസം മൂന്നാം ടേണിലെ ഉദ്യോഗസ്ഥര് ശബരിമല ഡ്യൂട്ടിയില് പ്രവേശിച്ചു.
രണ്ടാം ടേണ് പൂര്ത്തിയാക്കിയവര് ശബരിമലയില്നിന്നു തിരിച്ചെത്തി പിറ്റേന്നുതന്നെ തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജോലികള്ക്കായി നിയോഗിക്കപ്പെടുകയായിരുന്നു. ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങളിലും ക്രമസമാധാനച്ചുമതലയുടെ ഭാഗമായി ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവരാണ്.
ആദ്യഘട്ട തെരഞ്ഞെടുപ്പില് ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥര് ചൊവ്വാഴ്ച രാത്രിയോടെ കണ്ണൂര്, വയനാട്, മലപ്പുറം ഉള്പ്പെടെയുള്ള വടക്കന് ജില്ലകളിലെ ഡ്യൂട്ടിക്കായി പുറപ്പെട്ടു. വെള്ളിയാഴ്ച അര്ധരാത്രിയോടെ മാത്രമേ ഇവര്ക്കു മടങ്ങിയെത്താനാകൂ. വീട്ടില് പോകാനും മറ്റും കഴിയാത്തതിനാല് ഇട്ട യൂണിഫോമിലാണ് മറ്റു ജില്ലകളിലേക്കു ഡ്യൂട്ടിക്കായി പോകേണ്ടിവന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര് പറയുന്നു. മലബാര് മേഖലയില് നിലവില് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 22,000 പോലീസ് ഉദ്യോഗസ്ഥരാണ്.
ഇന്ന് വോട്ടെടുപ്പും കഴിഞ്ഞ് മെഷീനുകള് തിരിച്ചേൽപ്പിച്ചശേഷം പുലര്ച്ചെയാകും പലര്ക്കും ജില്ലകളിലേക്കു മടങ്ങാനാകുക. 13ന് നടക്കുന്ന വോട്ടെണ്ണലിലും പലര്ക്കും ഡ്യൂട്ടിയുണ്ട്.