National
ന്യൂഡൽഹി: ഉച്ചകോടികൾക്കും ചർച്ചകൾക്കുമപ്പുറം വീണ്ടുമൊരു 'കാർപ്ലോമസി'ക്ക് സാക്ഷ്യം വഹിച്ച് ന്യൂഡൽഹി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോടൊപ്പം ഒരേ ലിമോസിൻ കാറിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയടക്കം മുൻപ് മൂന്ന് ഘട്ടങ്ങളിൽ ഇരുവരും ഒന്നിച്ചു നടത്തിയ യാത്രകളുടെ തുടർച്ചയായാണ് നാലാം തവണയും ഈ അപൂർവ സൗഹൃദ നിമിഷം ആവർത്തിച്ചത്.
ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഇരുനേതാക്കളുടെയും നിർണായക കൂടിക്കാഴ്ച. ചർച്ചയ്ക്കിടെ പ്രശസ്ത തമിഴ് വേദഗ്രന്ഥമായ 'തിരുക്കുറലിന്റെ' റഷ്യൻ പരിഭാഷ മോദി പുടിന് സമ്മാനമായി നൽകി. തമിഴ് കവിയും തത്ത്വചിന്തകനുമായ തിരുവള്ളുവർ രചിച്ച തിരുക്കുറൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ജനകീയവുമായ ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
National
ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ 'ജി7' നെതിരെ രൂക്ഷമായ പരിഹാസവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോക ജിഡിപിയുടെ 40 ശതമാനത്തിലധികവും ബ്രിക്സ് രാജ്യങ്ങളാണ് ഉത്പാദിപ്പിച്ചതെന്നും എന്നാൽ ജി7 രാജ്യങ്ങളുടെ വിഹിതം വെറും 29 ശതമാനം മാത്രമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി.
ലോകം വലിയ സാമ്പത്തിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും പഴയ വികസിത രാജ്യങ്ങൾക്ക് പകരം പുതിയ വളർച്ചാ കേന്ദ്രങ്ങൾ ഉയർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങളിലൂടെയും മറ്റും പാശ്ചാത്യ രാജ്യങ്ങൾ അന്യായമായ മത്സരരീതികളാണ് പുറത്തെടുക്കുന്നത്. ഉപരോധങ്ങളെ അതിജീവിച്ച് റഷ്യ സ്വന്തം പരമാധികാരം ദൃഢമാക്കിയതായും വിശ്വസ്തരായ പങ്കാളികളുമായി സഹകരണം ശക്തമാക്കിയതായും പുടിൻ വ്യക്തമാക്കി.
തുടർന്ന് സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ കണക്കുകൾ ശരിവെച്ചു. ലോക ജനസംഖ്യയുടെ 50 ശതമാനവും ആഗോള വ്യാപാരത്തിന്റെ 25 ശതമാനത്തിലധികവും ബ്രിക്സ് രാജ്യങ്ങളുടെ പങ്കാണ്. ആഗോള ജിഡിപി രണ്ടര ഇരട്ടി വളർന്നപ്പോൾ, ബ്രിക്സ് രാജ്യങ്ങളുടെ ജിഡിപി നാലര ഇരട്ടിയോളം വർധിച്ചു. അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ സന്തുലിതമായ വ്യാപാരവും സേവന മേഖലയിലെ വികസനവും കൈവരിക്കുകയാണ് ലക്ഷ്യമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി.
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകളും നടന്നു. പശ്ചിമേഷ്യൻ, കരിങ്കടൽ മേഖലകളിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മോദി, സമാധാന ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന് ആവർത്തിച്ചു. റഷ്യയിൽ നടക്കുന്ന 24-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലേക്കുള്ള പുടിന്റെ ക്ഷണം പ്രധാനമന്ത്രി സ്വീകരിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എത്തുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഷി ജിൻപിംഗ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്.
ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. പിന്നാലെയാണ് മന്ത്രാലയം പ്രസ്താവനയിലൂടെ ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം സ്ഥിരീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്റ് ഷി ജിൻപിംഗ് സെപ്റ്റംബർ 12 മുതൽ 13വരെ ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏഴ് വർഷത്തിനിടയിലെ ഷി ജിൻപിംഗിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാഗ്രത. നഗരത്തിലെ വിവിധ മേഖലകളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ഡൽഹി പൊലിസ് ജാഗ്രതാ നിർദേശങ്ങൾ നൽകി.
സെപ്തംബർ 12, 13 തിയതികളിലാണ് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ നടക്കുക. വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ഡൽഹിയിലെത്തും.
പൊതു ഇടങ്ങൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഉപേക്ഷിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ ബാഗുകളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ തൊടുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുത്.
സംശയ സാഹചര്യത്തിൽ കാണുന്ന വ്യക്തികൾ വാഹനങ്ങൾ എന്നിവ പൊലിസിനെ അറിയിക്കുക. കൃത്യമായ പരിശോധന നടത്താതെ അപരിചിതർക്ക് താമസസൗകര്യമോ അഭയമോ ജോലിയോ നൽകുന്നത് ഒഴിവാക്കണം. ഹോട്ടൽ, ഗസ്റ്റ് ഹൗസ്, മറ്റ് താമസസൗകര്യങ്ങളുടെ നടത്തിപ്പുകാർ അതിഥികളുടെയും സന്ദർശകരുടെയും രേഖകൾ കൃത്യമായി പരിശോധിക്കുകയും സൂക്ഷിക്കുകയും വേണം.
വീട്ടുജോലിക്കാർ, വാടകക്കാർ, മറ്റ് വ്യക്തികൾ എന്നിവരുടെ ആവശ്യമായ പൊലീസ് പരിശോധന ഉറപ്പാക്കണമെന്നും താമസക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഉച്ചകോടിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങൾ, നിശ്ചിത റൂട്ടുകൾ, വേദികൾ എന്നിവയ്ക്ക് സമീപം അനാവശ്യമായി ആളുകൾ കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
യാത്രകൾ നേരത്തെ ആസൂത്രണം ചെയ്യണമെന്നും അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും പൊലീസ് അറിയിച്ചു. സാധ്യമാകുന്നിടത്തെല്ലാം മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. നിയന്ത്രിത മേഖലകളിലൂടെയും വിഐപി സഞ്ചാരത്തിനായി നിശ്ചയിച്ച റൂട്ടുകളിലൂടെയും അനാവശ്യ യാത്രകൾ ഒഴിവാക്കണം.
റോഡുകളിൽ ഡ്യൂട്ടിയിലുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും ഗതാഗത നിയന്ത്രണങ്ങളും പാലിക്കണം. നിയന്ത്രിത റോഡുകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും പൊലിസ് മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാർ ആവശ്യമായ അധിക സമയം കണക്കാക്കി നേരത്തെ യാത്രതിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
International
ജൊഹാനസ്ബർഗ്: ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക നാവികാഭ്യാസം ആരംഭിച്ചു. ‘വിൽ ഫോർ പീസ് 2026’ എന്നാണു പേര്. ബ്രിക്സ് പ്ലസ് സൈനികാഭ്യാസം ആണിതെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു.
ബ്രസീൽ, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങൾ നിരീക്ഷകരായി പ്രവർത്തിക്കും. റഷ്യ, ചൈന രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക സൈനികാഭ്യാസം നടത്താറുള്ളതാണ്.
എന്നാൽ, ബ്രിക്സ് രാജ്യങ്ങൾക്കെതിരേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് കണ്ണുരുട്ടുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ അഭ്യാസം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
Leader Page
അമേരിക്കന് അപ്രമാദിത്വവും യൂറോപ്യന് സ്വാധീനവും ഇല്ലാത്തതും അതേസമയം ലോകജനസംഖ്യയുടെ പകുതിയിലേറെ വരുന്നതുമായ രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്. ബ്രസീല്, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്, ഇന്തോനേഷ്യ, യുഎഇ എന്നീ രാജ്യങ്ങള് അംഗങ്ങള്. ഇറാന്റെ സാന്നിധ്യവും നിലപാടും ഉച്ചകോടിയില് ഏറെ നിര്ണായകമാകും. ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചതിന്റെ കാലാവധി ഒമ്പതിന് അവസാനിക്കാനിരിക്കേയാണ് ഇന്നും നാളെയുമായി ബ്രിക്സിന്റെ 17-ാം ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില് നടക്കുന്നത്.
‘കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിനായി ആഗോള ദക്ഷിണ സഹകരണം ശക്തിപ്പെടുത്തല്’ എന്നതാണ് ഉച്ചകോടിയുടെ മുഖ്യവിഷയം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില് അംഗരാജ്യങ്ങളുടെ ഏകോപനം ചര്ച്ചയില് ഉയരും. 17-ാം ഉച്ചകോടിയുടെ രണ്ട് മുന്ഗണനാവിഷയങ്ങളും ഏറെ ശ്രദ്ധേയമാണ്. 1). ആഗോള ദക്ഷിണ സഹകരണം, 2). പരിസ്ഥിതി വികസനത്തിനായുള്ള അംഗരാജ്യങ്ങളുടെ പങ്കാളിത്തം. ഈ ലക്ഷ്യപ്രാപ്തിക്കായി ആറു പ്രധാന മേഖലകളും ഉള്ക്കൊള്ളിച്ചിട്ടുണ്ട്. 1. ആഗോള ആരോഗ്യ സഹകരണം, 2. വ്യാപാരം, നിക്ഷേപം, ധനകാര്യം 3. കാലാവസ്ഥാ വ്യതിയാനം, 4. കൃത്രിമബുദ്ധി (എഐ) ഭരണം, 5. ബഹുമുഖ സമാധാന സുരക്ഷ പദ്ധതികള്, 6. അടിസ്ഥാന വികസനമേഖലകള്. അംഗരാജ്യങ്ങളുടെ ആഗോള സ്വാധീനം വര്ധിപ്പിക്കാനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക ബന്ധങ്ങള് വളര്ത്തിയെടുക്കാനും കൂടുതല് ക്രിയാത്മക നിര്ദേശങ്ങള് ഉച്ചകോടിയില് ഉയരും. ആഗോള ഭീകരതയ്ക്കെതിരേ ഇന്ത്യ ഉച്ചകോടിയില് ഉറച്ച നിലപാടുകളെടുക്കുമെന്ന് ഉറപ്പാണ്.
ആസിയാന് ബ്രിക്സില്
ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഒരു പ്രത്യേകത ആസിയാന് രാജ്യമായ ഇന്തോനേഷ്യയും അംഗരാജ്യമായി ആദ്യമായി പങ്കെടുക്കുന്നുവെന്നതാണ്. 2024 ഒക്ടോബറില് മലേഷ്യയും തായ്ലൻഡും വിയറ്റ്നാമും പങ്കാളി രാജ്യങ്ങളുമായി. ഈ പങ്കാളിത്തം ആസിയാന് ഐക്യത്തില് വിള്ളലുകള് സൃഷ്ടിക്കാനുള്ള സാധ്യതയേറെ. സാമ്പത്തിക വളര്ച്ച, വ്യാപാര വൈവിധ്യവത്കരണം, വികസന ധനസഹായം എന്നിവയ്ക്കുള്ള ബദല് അവസരങ്ങള് ബ്രിക്സിലുണ്ട്. ഇന്തോനേഷ്യക്ക് ഇന്ത്യയും ചൈനയുമായുള്ള ബന്ധങ്ങള് ബ്രിക്സിലൂടെ കൂടുതല് ദൃഢമാകും. വികസനബാങ്കിലേക്കുള്ള പ്രവേശനവും ലഭിക്കും. ബ്രിക്സ് ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ വായ്പാ സൗകര്യങ്ങളും ധനസഹായവും വ്യാപാര ആനുകൂല്യങ്ങളും ബ്രിക്സ് പങ്കാളികളായ ആസിയാന് രാജ്യങ്ങള്ക്കും നേട്ടമാകും.
ഡി ഡോളറൈസേഷന് സാധ്യമോ?
അമേരിക്കന് ഡോളര് ആധിപത്യം പുലര്ത്തുന്ന സാമ്പത്തികക്രമത്തെ വെല്ലുവിളിക്കാന് ബ്രിക്സ് രാജ്യങ്ങള്ക്കാവുമോ? ആവേശത്തോടെ ബ്രിക്സ് കറന്സിക്കുവേണ്ടി വാദിച്ചിരുന്ന ബ്രസീലും പരുങ്ങലിലാണ്. ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന് തീരുമാനിച്ചാലും ബദല് പേയ്മെന്റ് സംവിധാനങ്ങളും രൂപപ്പെടണം. ബ്രിക്സിനുള്ളിലെ ഐക്യത്തിന്റെ അഭാവം ധനനയത്തെയും കരുതല് ശേഖര മാനേജ്മെന്റിനെയും സംബന്ധിച്ചുള്ള വ്യത്യസ്ത സമീപനങ്ങളും അംഗരാജ്യ ഏകോപനങ്ങള് പ്രയാസമാക്കുന്നു. ഒരൊറ്റ കറന്സി നിയന്ത്രിക്കാന് ബ്രിക്സിന് സംയുക്ത സ്ഥാപനങ്ങളില്ലാത്തതും ഡി ഡോളറൈസേഷന് പ്രയാസമുളവാക്കുന്നു. നിലവില് അന്താരാഷ്ട്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം ഡോളറിലായതിനാല് അതില്നിന്ന് പുതിയൊരു കറന്സിയിലേക്കുള്ള മാറ്റം ചെലവേറിയതും ദൈര്ഘ്യമേറിയതും സാങ്കേതികമായി സങ്കീര്ണവുമായിരിക്കും. ഡി ഡോളറൈസേഷനില് നേരിട്ടുള്ള ഏറ്റുമുട്ടലിനുപകരം കൂടുതല് ജാഗ്രതയോടെയുള്ള ക്രമീകരണങ്ങള്ക്കായിരിക്കും ബ്രിക്സ് ഉച്ചകോടി മുന്ഗണന നല്കുക. എങ്കിലും ആഗോള വ്യാപാരത്തില് ബദല് പേമെന്റ് പ്ലാറ്റ്ഫോം ഗൗരവമായി ഉച്ചകോടിയില് ചര്ച്ചചെയ്യപ്പെടും.
ബ്രിക്സ് കറന്സിയെക്കുറിച്ച് അംഗരാജ്യങ്ങള്ക്കിടയില് ചര്ച്ചകള് സജീവമായിട്ട് അധികനാളികളായിട്ടില്ല. അതേസമയം 2023ല് ദക്ഷിണാഫ്രിക്കയില് നടന്ന പതിനഞ്ചാം ഉച്ചകോടിയില് ബ്രസീല് പ്രസിഡന്റ് ലുല ഡ സില്വയാണ് ഡോളര് ഇതര ബ്രിക്സ് കറന്സി വേണമെന്ന് ശക്തമായി വാദിച്ചത്. ഇക്കുറി ബ്രിക്സ് ഉച്ചകോടി ബ്രസീലിന്റെ ആതിഥേയത്വത്തില് നടക്കുമ്പോള് ഈ വാദം കൂടുതല് കരുത്താര്ജിക്കേണ്ടതാണ്. 2024 നവംബറില് റഷ്യയിലെ കസാനില് ചേര്ന്ന 16-ാം ബ്രിക്സ് ഉച്ചകോടിയിലും ബ്രിക്സ് കറന്സി ചര്ച്ചയായിരുന്നു. നിലവില് ലോകത്തെ വിദേശനിക്ഷേപത്തിന്റെ 58 ശതമാനവും ഡോളറിലാണ്. എണ്ണവില്പനയിലും ഡോളറാണ് അടിസ്ഥാന കറന്സി.
ബ്രിക്സ് കറന്സിയില് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൗനം പാലിക്കുന്നു. ബ്രിക്സ് കറന്സി എന്ന ആശയത്തിന്മേല് ഉയരുന്ന ഒട്ടനവധി ചോദ്യങ്ങള്ക്ക് അംഗരാജ്യങ്ങള്ക്ക് വ്യക്തമായ ഉത്തരമില്ല. അമേരിക്കന് ഉപരോധങ്ങള് മറികടക്കാന് പുത്തന് കറന്സിക്കാവുമോ? ബ്രിക്സ് കറന്സി നിലവിലുള്ള ആഭ്യന്തര കറന്സിക്കു പകരമാകുമോ? സ്ഥിരവും ക്രമീകരിക്കാവുന്നതുമായ വിനിമയനിരക്ക് സംവിധാനം എങ്ങനെ പ്രവര്ത്തിക്കും? ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം വര്ധിപ്പിക്കുന്നതിന് ബ്രിക്സ് കറന്സി ആകര്ഷകമാകുമോ? സ്വര്ണവുമായി ബന്ധിപ്പിച്ച ഒരു കറന്സി കൂടുതല് ലാഭകരമോ? ബ്രിക്സ് കറന്സിക്കെതിരേ അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് നല്കുന്ന മുന്നറിയിപ്പുകള് എഴുതിത്തള്ളാമോ? ചുരുക്കത്തില് ബ്രിക്സ് കറന്സിയെന്ന സ്വപ്നം ബ്രസീല് ഉച്ചകോടിയിലും ചര്ച്ചകളില് മാത്രം ഒതുങ്ങുമെന്നു വ്യക്തം. മറ്റൊരുവാക്കില് പറഞ്ഞാല് അമേരിക്കന് ഡോളര് മുന്കാലങ്ങളിലേതുപോലെ ഇനിയും ലോകത്തെ നിയന്ത്രിക്കും.
കരുത്തുനേടി ഇന്ത്യ
17-ാം ബ്രിക്സ് ഉച്ചകോടിയില് ഇക്കുറി പങ്കെടുക്കുന്ന ഇന്ത്യ പഴയ ഇന്ത്യയല്ല. ലോക സാമ്പത്തിക ശക്തിയായി അമേരിക്കയ്ക്കും ചൈനയ്ക്കും ജര്മനിക്കും പിന്നിലിന്ന് നാലാം സ്ഥാനത്ത് ഇന്ത്യയാണ്. മൂന്നാം സ്ഥാനത്തേക്ക് വൈകാതെ എത്തുകയും ചെയ്യും. ആളോഹരി വരുമാനത്തില് ഇന്ത്യ വളരെ പിന്നിലെങ്കിലും വന് സാമ്പത്തിക ശക്തിയായുള്ള ഇന്ത്യയുടെ കുതിപ്പ് ഏതൊരു പൗരനും അഭിമാനമേകും. അതിനാല്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്ക്കും നിലപാടുകള്ക്കും ബ്രിക്സ് ഉച്ചകോടിയില് ഏറെ സ്വീകാര്യതയുണ്ട്.
റഷ്യയെയും അമേരിക്കയെയും ചേര്ത്തുനിര്ത്താനും ഇറാനോട് പിണങ്ങാതെ ഇസ്രയേലിനോട് ഇണങ്ങാനും ചൈനയുടെ കരംപിടിക്കാനും യൂറോപ്യന് യൂണിയനുമായും യുകെ, ഇറ്റലി, ജര്മനി ഉള്പ്പെടെയുള്ള രാജ്യങ്ങളുമായും നയതന്ത്രബന്ധങ്ങള് എക്കാലത്തേക്കാളും ശക്തമാക്കാനും ഇന്ന് ഇന്ത്യക്കാവുന്നു.
ആഫ്രിക്കന് രാജ്യങ്ങള്ക്ക് ഇന്ത്യയുടെ വാക്കുകള് അവസാന വാക്കെങ്കില് ആറു ഗള്ഫ് രാജ്യങ്ങള്ക്കും നരേന്ദ്ര മോദി ഉറ്റമിത്രമാണ്. ഈ നേതൃത്വത്തിന്റെ കരുത്തുമായാണ് ബ്രിക്സ് ഉച്ചകോടിയില് ഇന്ത്യന് പ്രതിനിധിസംഘം പങ്കെടുക്കുന്നത്. അതിനാല്തന്നെ ഉച്ചകോടി പ്രമേയങ്ങളും പ്രഖ്യാപനങ്ങളും ഇന്ത്യയുടെ വളര്ച്ചയുടെയും മുന്നേറ്റത്തിന്റെയും ഭീകരതയ്ക്കെതിരേയുള്ള നിലപാടുകളുടെയും തലങ്ങളില് പുതുവഴികള് തുറക്കുമെന്ന് പ്രതീക്ഷിക്കാം.