കൊല്ലം: കച്ചേരി ജംഗ്ഷനില്‍ താലൂക്ക് ഓഫീസിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന മൂന്ന് പോലീസ് നിരീക്ഷണ കാമറകളും കാടുമൂടി പ്രവര്‍ത്തന രഹിതമായ നിലയില്‍.
നഗരത്തിലെ സുരക്ഷ ഉറപ്പാക്കാന്‍ കണ്ട്രോള് റൂമുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന കാമറകളാണ് മാസങ്ങളായി പരിപാലനമില്ലാതെ കിടക്കുന്നത്.
വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായ നിരീക്ഷണ കാമറകളാണ് ഇപ്പോള്‍ വള്ളിപ്പടര്‍പ്പുകളാല്‍ മൂടിയത്. കാമറകളുടെ ലെന്‍സും അനുബന്ധ വയറിംഗും ഉള്‍പ്പടെ പൂര്‍ണമായും മൂടിയ നിലയിലാണ്. ജംഗ്ഷനില്‍ നടക്കുന്ന അപകടങ്ങളോ മറ്റ് കുറ്റകൃത്യങ്ങളോ നിരീക്ഷിക്കാനോ തെളിവുകള്‍ ശേഖരിക്കാനോ കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. സുരക്ഷയ്ക്കായി വന്‍തുക മുടക്കി സ്ഥാപിച്ച സംവിധാനം നോക്കുകുത്തിയായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്നാണിവിടം. നിരീക്ഷണ സംവിധാനങ്ങള്‍ കാര്യക്ഷമമായി പരിപാലിക്കേണ്ട ഉത്തരവാദിത്തമുള്ള പൊലീസ് അധികൃതരുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയാണ് തുടരുന്നത്.