എരുമേലി: നിരീക്ഷണ കാമറകൾ ഇല്ലാത്തതിനാൽ വഴിനീളെ എന്നും മാലിന്യങ്ങൾ. ദിവസവും അതു വർധിച്ചുകൊണ്ടിരിക്കുന്നു. മാലിന്യങ്ങൾ ഇടരുതെന്ന് ആകർഷകമായ സന്ദേശങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി നിരവധി മുന്നറിയിപ്പ് ബോർഡുകൾ പതിനായിരങ്ങൾ ചെലവിട്ട് സ്ഥാപിച്ചിട്ടുണ്ട്. ആ ബോർഡുകളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. ഓരോ ബോർഡിന്റെ ചുവട്ടിലും അനവധി ചാക്കുകെട്ടുകളും ഷിമ്മിക്കൂടുകളിലുമായി നിറയെ മാലിന്യങ്ങൾ തുരുതുരാ പ്രവാഹിച്ചുകൊണ്ടിരിക്കുന്നു.
ഹരിതസുന്ദര ടൗൺ എന്ന പേരുള്ള ബോർഡിന്റെ ചുവട്ടിലാണ് ഏറ്റവും കൂടുതൽ മാലിന്യങ്ങൾ നിറയുന്നത്. എരുമേലിയിൽനിന്നു റാന്നിക്കുള്ള സംസ്ഥാന പാതയിൽ കനകപ്പലം മുതൽ മുക്കട വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് എന്നും മാലിന്യങ്ങൾ നിറയുന്നത്. റോഡിന്റെ ഇരുവശവും വനമാണ്. മാലിന്യങ്ങളുടെ ആധിക്യം മൂലം കാനന ഭംഗിയും നഷ്ടപ്പെട്ടിരിക്കുകയാണ്.
മാലിന്യങ്ങൾ ഇടരുതെന്ന് ഒരു ഡസനിലേറെ മുന്നറിയിപ്പ് ബോർഡുകൾ എരുമേലി പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ വനം വകുപ്പിന്റെ ബോർഡുകളും പ്രദേശത്തെ എൻഎം എൽപി സ്കൂൾ വക മുന്നറിയിപ്പ് ബോർഡുകളുമുണ്ട്. പലതവണ വിവിധ സംഘടനകൾ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കിയതാണ്. എന്നാൽ, തൊട്ടടുത്ത ദിവസം വീണ്ടും പഴയപടിയാകും.
നിരീക്ഷണ കാമറകൾ സ്ഥാപിച്ചാൽ മാലിന്യമിടീൽ പിടിച്ച് കേസെടുത്ത് നടപടികൾ സ്വീകരിക്കാൻ സാധിക്കും. ഈ റോഡിന്റെ അടുത്തുള്ള കനകപ്പലം - വെച്ചൂച്ചിറ റോഡിൽ ഇതേ സ്ഥിതിയായിരുന്നു മുമ്പ്. നിരീക്ഷണ കാമറകൾ ഇവിടെ സ്ഥാപിച്ചതോടെ മാലിന്യങ്ങൾ ഒഴിഞ്ഞു. ഇതേപോലെ കനകപ്പലം മുതൽ മുക്കട വരെയുള്ള റോഡ് കാമറ നിരീക്ഷണ വലയത്തിലായാൽ സുന്ദര പാതയായി മാറും.
ഇതിന് എരുമേലി പോലീസ്, പഞ്ചായത്ത്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് സംയുക്ത ഇടപെടൽ നടത്തണമെന്നുള്ള ആവശ്യം ശക്തമായി. ഇതിനു സഹായം ആവശ്യമാണെങ്കിൽ നൽകാമെന്നു വ്യാപാരി സംഘടനാ ഭാരവാഹികൾ പറയുന്നു.
Tags : nattu visheshsam No surveillance cameras