മൂന്നാര്‍: ജോലി ഭാരവും വളര്‍ത്തു നായ്ക്കളുടെ ഭീഷണിയുംമൂലം സെന്‍സസ് ഡ്യൂട്ടി ഭാരമാകുന്നതായി അധ്യാപകര്‍. സെന്‍സസ് നടപടികളുടെ ഭാഗമായി എന്യുമറേഷന് ഫോമുകളില്‍ വിവരശേഖരണം നടത്തുന്നതിന് ചുമതല ലഭിച്ചിട്ടുള്ള അധ്യാപകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അധിക ജോലി വലിയ രീതിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ഒരു എന്യുമേറ്ററിന് 200 വീടുകളാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും 375 വീടുകളില്നിന്നുവരെ വിവരം ശേഖരിക്കേണ്ടി വരുന്നുണ്ട്. അനുവദനീയമായ കാലയളവിനുള്ളില്‍ ജോലികൾ പൂര്‍ത്തിയാക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ സെന്‍സസ് ഡ്യൂട്ടി പൂര്‍ത്തിയാക്കണം. സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോള്‍ സ്കൂളുകളിൽ വിദ്യാർഥികളുടെ പഠനം മുടങ്ങാത്ത വിധത്തില്‍ ദിവസവേതനത്തിന് ആളെ നിയമിക്കണമെന്നും എന്യൂമറേറ്റര്‍മാര്‍ ആവശ്യപ്പെട്ടു.