പത്തനംതിട്ട: സെൻസസ് ജോലികൾക്കായി കൂടുതൽ അധ്യാപകരെ നിയമിച്ചുതുടങ്ങിയതോടെ സ്കൂളുകളിൽ അധ്യയനം തടസപ്പെടും. ഒരു വിദ്യാലയത്തിൽനിന്നു പകുതിയിലധികം അധ്യാപകരെ വിളിക്കരുതെന്ന് നിർദേശം വന്നിട്ടും പരിശീലനത്തിനായി അധ്യാപകരെ കൂട്ടത്തോടെ വിളിക്കുന്നതായാണ് പരാതി.
സ്ഥിരനിയമനമുള്ള അധ്യാപകർക്കാണ് സെൻസസ് ഡ്യൂട്ടി. ഇവർ പോകുന്നതോടെ സ്കൂളുകളുടെ പ്രവർത്തനം താറുമാറാകും. ഒരു മാസത്തോളെ നീളുന്നതാണ് സെൻസസ് പ്രക്രിയ. ഇതിന്റെ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. സെൻസസ് ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നവരിൽ 80 ശതമാനവും അധ്യാപകരാണ്.
എയ്ഡഡ്, സർക്കാർ വേർതിരിവില്ലാതെയാണ് സ്ഥിരാധ്യാപകരെ തെരഞ്ഞുപിടിച്ച് നിയമിച്ചിരിക്കുന്നത്. ജില്ലയിൽ സ്ഥിരം നിയമനമുള്ള അധ്യാപകർ പരിമിതമായതിനാലാണ് ഇത്തരക്കാരായ കൂടുതൽ പേരെ കണ്ടെത്തേണ്ടിവരുന്നത്. സ്ഥിര നിയമനമുള്ള അധ്യാപകർ ഉള്ള സ്കൂളുകളിൽ ദിവസവേതനക്കാരുടെ നിയമനമില്ല. ഇക്കാരണത്താൽ സെൻസസ് ഡ്യൂട്ടിക്കു കൂടുതൽ അധ്യാപകർ പോകുന്നതോടെ അധ്യായനം പൂർണമായി തടസപ്പെടും.
താലൂക്കുതലത്തിൽ സമാഹരിച്ച ജീവനക്കാരുടെ പട്ടികയിൽനിന്നു സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ നിശ്ചിത എണ്ണം ആളുകൾക്കു ചുമതല നല്കാനാണ് നിർദേശം. എന്നാൽ, താലൂക്കുതലത്തിൽ വേണ്ടപ്പെട്ടവരെ ഒഴിവാക്കി വലിയ വിദ്യാലയങ്ങളിൽനിന്നു കൂട്ടത്തോടെ അധ്യാപകരെ നിയോഗിച്ച് അധ്യയനം താറുമാറാക്കാൻ ശ്രമം നടക്കുന്നതായ ആരോപണവും ഉയർന്നു.
ജീവനക്കാരുടെ പട്ടികയിൽനിന്നു ഡ്യൂട്ടി ലിസ്റ്റ് തയാറാക്കി വില്ലേജ് ഓഫീസ് വഴിയാണ് അറിയിപ്പ് നല്കിവന്നത്.എന്നാൽ, കഴിഞ്ഞ ദിവസം മുതൽ താലൂക്ക് സെൻസസ് വകുപ്പിൽനിന്നു നേരിട്ട് അധ്യാപകരെ വിളിക്കുകയാണ്. യാതൊരുവിധ രേഖയുമില്ലാതെ അധ്യാപകരെ വിടുതൽ ചെയ്യാനാകില്ലെന്ന് പ്രഥമാധ്യാപകരും പറയുന്നു. യാതൊരു മാനദണ്ഡവുമില്ലാതെയാണ് അധ്യാപകരെ നിയമിച്ചിരിക്കുന്നത്. ചില സ്കൂളുകളിലെ 90 ശതമാനം അധ്യാപകരെയും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ 10 - 20 ശതമാനം ആളുകൾക്കു മാത്രമാണ് ഡ്യൂട്ടി.
വിവരശേഖരണം നടക്കുന്ന ജൂലൈയിലും പിന്നീട് അന്തിമ സെൻസസ് നടക്കുന്ന ഫെബ്രുവരിയിലുമായി അധ്യാപകർ കൂട്ടത്തോടെ സെൻസസിന് ഇറങ്ങിയാൽ സ്കൂളുകളിലെ പരീക്ഷകളെ അടക്കം ബാധിക്കും. ഓരോ സ്കൂളിലും അധ്യാപകരുടെ അനുപാതം സംബന്ധിച്ച മാർഗനിർദേശം പാലിക്കാത്തതാണ് പ്രശ്നമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
അധ്യയന സമയം കഴിഞ്ഞ് സെൻസസ് ഡ്യൂട്ടി ചെയ്യണമെന്നാണ് നിർദേശമെങ്കിലു ഒരു മാസത്തിനുള്ളിൽ 300 വീടുകളിലെത്തി വിവരശേഖരണം പൂർത്തിയാക്കണമെങ്കിൽ കുറച്ചുദിവസത്തേക്ക് അവധി എടുത്തേ മതിയാകൂവെന്ന് അധ്യാപകർ പറയുന്നു. ഡ്യൂട്ടി ലീവ് അധ്യാപകർക്ക് അനുവദിക്കുമെങ്കിൽ താത്കാലിക അധ്യാപകരെ നിയമിച്ച് സ്കൂളുകളിലെ പ്രശ്നത്തിനു താത്കാലിക പരിഹാരം തേടാം.
സെൻസസ് പ്രവർത്തനങ്ങൾ അധ്യയനത്തെ ബാധിക്കുമെന്ന പരാതി വ്യാപകമായതോടെ 50 ശതമാനത്തിലധികം അധ്യാപകരെയും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള സ്കൂളുകളുടെ പട്ടിക ശേഖരിച്ച് അതത് ജില്ലാ കളക്ടർമാരെ ഏല്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്.
ഗൂഢാലോചനയെന്ന് കെപിഎസ്ടിഎ
സ്കൂളുകളിലെ അധ്യയനം മുടങ്ങാതെ വേണം അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്കു നിയോഗിക്കേണ്ടതെന്ന ഉത്തരവ് നിലനിൽക്കേ യാതൊരു മാനദണ്ഡവും പാലിക്കാതെ ചില സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന ഇടപെടൽ സംശയമുളവാക്കുന്നതാണെന്ന് കെപിഎസ്ടിഎ. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയം തുടക്കത്തിലേ പാളുന്നുവെന്ന പ്രചാരണത്തിനുവേണ്ടിയുള്ള ശ്രമമാണിതെന്ന് കെപിഎസ്ടിഎ ഭാരവാഹികൾ പറഞ്ഞു.
ആശയക്കുഴപ്പം ഒഴിവാക്കാൻ ജില്ലാ കളക്ടറും സംസ്ഥാന സെൻസസ് ചുമതലക്കാരും സത്വര നിർദേശങ്ങൾ താലൂക്കുതലത്തിൽ നല്കണമെന്ന് കെപിഎസ ടിഎ ഭാരവാഹികളായ ഫിലിപ്പ് ജോർജ്, വി.ജി.കിഷോർ എന്നിവർ ആവശ്യപ്പെട്ടു. അധ്യാപകർ തന്നെ ചുമതല നിർവഹിച്ചാലേ കണക്കെടുപ്പ് പൂർത്തിയാകൂ എന്നുണ്ടെങ്കിൽ വിവിധ അധ്യാപക തസ്തികകളിലെ റാങ്ക് ഹോൾഡേഴ്സ് പട്ടിക എല്ലാ ജില്ലകളിലും നിലവിലുണ്ട്. തൊഴിലിനായി കാത്തിരിക്കുന്ന ഇവർക്ക് ആശ്വാസമാകുന്ന തരത്തിൽ റാങ്ക് ഹോൾഡേഴ്സിന് ചുമതല നല്കി അധ്യയനം മുടങ്ങുന്ന പ്രശ്നത്തിനു പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും കെപിഎസ്ടിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.