Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഓപ്പൺഎഐ തങ്ങളുടെ പുതിയ ഇമേജ് ജനറേഷൻ മോഡലായ 'ChatGPT Images 2.5' പുറത്തിറക്കി. നിലവിലുള്ള ചാറ്റ്ജിപിടി-ഇമേജ്-2 മോഡലിന്റെ അടുത്ത പതിപ്പായ ഇത്, ചിത്രങ്ങൾ കൂടുതൽ വേഗത്തിലും മികച്ച ഗുണനിലവാരത്തിലും തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും സഹായിക്കും.
ചിത്രങ്ങളിലെ ലൈറ്റിംഗ്, ടെക്സ്ചർ, സൂക്ഷ്മമായ വിശദാംശങ്ങൾ എന്നിവ കൂടുതൽ സ്വാഭാവികമായി പ്രതിഫലിപ്പിക്കാൻ പുതിയ പതിപ്പിന് കഴിയും. ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ചിത്രം നൽകി പുതിയൊരു പശ്ചാത്തലത്തിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടാൽ, ആ വ്യക്തിയുടെ മുഖച്ഛായയോ തനിമയോ മാറാതെ തന്നെ ചിത്രം നിർമിച്ചു നൽകാൻ ഈ മോഡലിന് സാധിക്കും.
പ്രോംപ്റ്റുകൾ വാക്കാൽ നൽകുന്നതിന് പകരം, മനസ്സിലുള്ള ആശയങ്ങൾ വരച്ച് കാണിക്കാനുള്ള സ്കെച്ച് എന്ന പുതിയ ഫീച്ചറും ചാറ്റ്ജിപിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ മനസ്സിലുള്ള ആശയം ചാറ്റ്ജിപിറ്റിയിൽ വരയ്ക്കുകയും, പ്രോംപ്റ്റിലൂടെ `@Sketch` എന്ന് ടൈപ്പ് ചെയ്ത് ആവശ്യമായ തിരുത്തലുകളോടെ മികച്ച ചിത്രം സൃഷ്ടിക്കുകയും ചെയ്യാം.
ഡെവലപ്പർമാർക്കായി ജിപിടി-ഇമേജ്-2.5 ഫ്ലേർ,ജിപിടി-ഇമേജ്2.5 സൺബസ്റ്റ്, എന്നീ രണ്ട് പുതിയ എപിഐ മോഡലുകളും ഓപ്പൺഎഐ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഫ്ലേർ മോഡൽ മുൻ പതിപ്പിനേക്കാൾ 50 ശതമാനം കുറഞ്ഞ സമയത്തിനുള്ളിൽ വേഗത്തിൽ ചിത്രങ്ങൾ നൽകും. ചാറ്റ്ജിപിറ്റി ഡെസ്ക്ടോപ്പ്, മൊബൈൽ, വെബ് പതിപ്പുകളിൽ പുതിയ അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിറ്റിയിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങിയതായി നിർമാതാക്കളായ ഓപ്പൺഎഐ. ഇന്ത്യയിലെ ഫ്രീ , ഗോ പ്ലാനുകൾ ഉപയോഗിക്കുന്ന മുതിർന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകളിലാണ് പ്രോത്സാഹിത സന്ദേശങ്ങൾ കാണിച്ചു തുടങ്ങുന്നത്. അമ്പതിലധികം ബ്രാൻഡുകളാണ് ആദ്യ ആഴ്ചയിൽ ചാറ്റ്ജിപിറ്റിയിലൂടെ പരസ്യം നൽകുന്നത്.
സെപ്റ്റംബർ 4 മുതൽ ബിസിനസുകൾക്ക് സ്വയം പരസ്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന 'ആഡ്സ് മാനേജർ' സേവനവും ലഭ്യമാകും. പ്രതിദിനം കുറഞ്ഞത് 725 രൂപ ബജറ്റിൽ കമ്പനികൾക്ക് ചാറ്റ്ജിപിറ്റിയിൽ പരസ്യങ്ങൾ നൽകാം. ഉപയോക്താക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടിക്ക് താഴെയായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഇവ സ്പോൺസേഡ് എന്ന് കൃത്യമായി അടയാളപ്പെടുത്തുമെന്നും എഐ മറുപടിയിൽ നിന്ന് വേർതിരിച്ചു കാണിക്കുമെന്നും കമ്പനി അറിയിച്ചു.
പരസ്യങ്ങൾ നൽകുന്നത് വഴി ചാറ്റ്ജിപിറ്റി നൽകുന്ന മറുപടികളിൽ യാതൊരുവിധ മാറ്റവും വരുത്തില്ലെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഏറ്റവും ഉപയോഗപ്രദമായ വിവരങ്ങൾ തന്നെ തുടർന്നും ലഭിക്കും.
കൂടാതെ ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററിയോ വ്യക്തിഗത വിവരങ്ങളോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും, ചാറ്റുകൾ പൂർണമായും സ്വകാര്യമായിരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു. 18 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളിലും രാഷ്ട്രീയം, മാനസികാരോഗ്യം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിലും പരസ്യങ്ങൾ ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി.
Tech
ന്യൂ ഡൽഹി: ചാറ്റ്ജിപിടിയുടെ സൗജന്യ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ എടുത്തിട്ടുള്ളവർക്കും അടുത്ത ആഴ്ച മുതൽ ആപ്പിൽ പരസ്യങ്ങൾ കാണിച്ചു തുടങ്ങുമെന്ന് നിർമാതാക്കളായ ഓപ്പൺഎഐ അറിയിച്ചു. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം.
ഓഗസ്റ്റ് 24 മുതൽ യൂറോപ്പിലെ 31 രാജ്യങ്ങളിൽ പരസ്യങ്ങൾ നൽകാൻ പരസ്യദാതാക്കൾക്ക് അവസരമൊരുക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.
ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയിലാണ് ഓപ്പൺഎഐ ചാറ്റ്ജിപിടിയിൽ ആദ്യമായി പരസ്യങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ യൂറോപ്പിലേക്കും ഇത് വ്യാപിപ്പിക്കുന്നത്.
സൗജന്യമായി സേവനം ഉപയോഗിക്കുന്നവർക്കും പ്രതിമാസം എട്ട് യൂറോ (ഏകദേശം $9.30) അടയ്ക്കുന്ന 'ഗോ' ഉപയോക്താക്കൾക്കുമാണ് പരസ്യങ്ങൾ കാണിക്കുക. കൂടുതൽ തുക നൽകുന്ന പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഉണ്ടായിരിക്കില്ലെന്ന് കമ്പനി അറിയിച്ചു.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യദാതാക്കൾക്ക് വിൽക്കില്ലെന്നും ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾ പൂർണമായും സ്വകാര്യമായിരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു. പരസ്യങ്ങൾ പ്രത്യേകമായി വേർതിരിച്ച് തന്നെ കാണിക്കും.
പരസ്യങ്ങൾ കാണിക്കുന്നത് വഴി ചാറ്റ്ജിപിടി നൽകുന്ന ഉത്തരങ്ങളുടെ നിഷ്പക്ഷതയെ ഉപയോക്താക്കൾ സംശയിച്ചേക്കാം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പ്രധാന എതിരാളികളായ ആന്ത്രോപിക് തങ്ങളുടെ പ്ലാറ്റ്ഫോം പരസ്യമുക്തമായി തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Tech
ന്യൂഡൽഹി: കൗമാരക്കാർക്കായി ചാറ്റ്ജിപിടിയുടെ പ്രത്യേക പതിപ്പുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമുഖരായ ഓപ്പൺഎഐ. ചാറ്റ്ജിപിടി ഫോർ ടീൻസ്' പുറത്തിറക്കി. 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പുതിയ മോഡ്, കുട്ടികൾക്ക് ഹാനികരമായേക്കാവുന്ന ഉള്ളടക്കങ്ങളും അനുചിതമായ സംഭാഷണങ്ങളും പൂർണമായി തടയുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എത്തുത്തുന്നത്.
ആത്മഹത്യ, ഭക്ഷണ വൈകല്യങ്ങൾ, അക്രമം, അശ്ലീല ഉള്ളടക്കങ്ങൾ എന്നിവ ഒഴിവാക്കുന്നതിനൊപ്പം, എഐയ്ക്ക് വികാരങ്ങളോ ചിന്തയോ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പെരുമാറ്റങ്ങളും പ്രണയാതുരമായ ഭാഷാപ്രയോഗങ്ങളും ചാറ്റ്ബോട്ട് ഒഴിവാക്കും. നേരത്തെ കുട്ടികളെ തെറ്റായ രീതിയിൽ സ്വാധീനിച്ചെന്നാരോപിച്ച് കമ്പനിക്കെതിരെ നിയമനടപടികൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഈ പുതിയ നീക്കം.
വെറുതെ ഉത്തരങ്ങൾ പകർത്തിയെഴുതുന്നതിന് പകരം വിഷയങ്ങൾ ഘട്ടംഘട്ടമായി മനസ്സിലാക്കി പഠിക്കാൻ കുട്ടികളെ സഹായിക്കുകയാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 'സ്റ്റഡി മോഡ്', ക്വിസുകൾ, ഗൃഹപാഠങ്ങൾ ചെയ്യാനുള്ള ഓർമപ്പെടുത്തലുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത് ഉപയോഗ സമയം നിയന്ത്രിക്കാനുള്ള 'പാരന്റൽ കൺട്രോൾസ്', പഠന സമയത്തും ഉറക്ക സമയത്തും ആപ്പ് ഉപയോഗിക്കുന്നത് തടയുന്ന 'സ്റ്റഡി അവേഴ്സ്', 'ക്വയറ്റ് അവേഴ്സ്' എന്നീ ഫീച്ചറുകളും ലഭ്യമാണ്.
തുടർച്ചയായി 90 മിനിറ്റിലധികം ഉപയോഗിച്ചാൽ ഇടവേള എടുക്കാനുള്ള ഓർമപ്പെടുത്തലുകളും സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് മുൻപുള്ള മുന്നറിയിപ്പുകളും ഇത് നൽകും. 18 വയസിൽ താഴെയുള്ള ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചറുകൾ ഓട്ടോമാറ്റിക്കായി ലഭ്യമാകും.
Viral
നൂറുകണക്കിന് ചെരുപ്പുകൾ ചിതറിക്കിടക്കുന്ന ഒരു വലിയ കൂട്ടത്തിൽ നിന്ന് കാണാതായ സ്വന്തം ചെരുപ്പ് തപ്പിയെടുക്കുക എന്നത് ആർക്കും തലവേദനയുണ്ടാക്കുന്ന കാര്യമാണ്.
എന്നാൽ ആയിരത്തിലധികം ജോഡി ചെരുപ്പുകൾക്കിടയിൽ നിന്ന് തന്റെ കാണാതായ ഒരു ചെരുപ്പ് കണ്ടെത്താൻ കൈയ്യിലുള്ള സാങ്കേതികവിദ്യയെ വേറിട്ട രീതിയിൽ പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ഒരു യുവാവ്.
മനുഷ്യർ നടത്തുന്ന തിരച്ചിലിന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ചാറ്റ്ജിപിടിയുടെ സഹായത്തോടെയാണ് അദ്ദേഹം മിനിറ്റുകൾക്കുള്ളിൽ തന്റെ പാദരക്ഷ തിരിച്ചറിഞ്ഞത്.
ശുഭാംഗ് ബോർക്കർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ കൗതുകകരമായ സംഭവം പുറത്തറിയുന്നത്. ചെരുപ്പുകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തിന്റെ ഒരു ചിത്രം പകർത്തി ചാറ്റ്ജിപിടിയിലേക്ക് അപ്ലോഡ് ചെയ്യുകയാണ് അദ്ദേഹം ആദ്യം ചെയ്തത്.
തുടർന്ന് ചിത്രത്തിൽ തന്റെ കാണാതായ ചെരുപ്പ് ഏത് ഭാഗത്താണ് ഉള്ളതെന്ന് കണ്ടെത്താൻ എഐയോട് ആവശ്യപ്പെട്ടു. ചിത്രത്തിലെ ദൃശ്യങ്ങൾ കൃത്യമായി വിശകലനം ചെയ്ത ചാറ്റ്ജിപിടി, ചെരുപ്പ് ഇരിക്കുന്ന കൃത്യമായ സ്ഥലം അടയാളപ്പെടുത്തി നൽകുകയും, ഓരോന്നായി തപ്പി സമയം കളയാതെ തന്നെ അത് വീണ്ടെടുക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
ഇൻസ്റ്റാഗ്രാമിൽ വൻ പ്രചാരം നേടിയ ഈ വീഡിയോ ഇതിനോടകം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. സങ്കീർണമായ കോഡിംഗിനും എഴുത്തുകൾക്കുമായി മാത്രം ഉപയോഗിച്ചിരുന്ന എഐ സാങ്കേതികവിദ്യയെ ദൈനംദിന ജീവിതത്തിലെ ലളിതമായ ഒരു പ്രശ്നപരിഹാരത്തിന് ഉപയോഗിച്ചതിനെക്കുറിച്ചുള്ള രസകരമായ ചർച്ചകൾക്കാണ് ഇത് വഴിവെച്ചത്.
ആധുനിക കാലത്തെ കൊച്ചു കൊച്ചു പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് ഇത്തരം ഡിജിറ്റൽ പരിഹാരങ്ങൾ ഏറെ സമയം ലാഭിക്കാൻ സഹായിക്കുമെന്ന് ഒരുവിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു. വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് മറ്റു ചിലരും രംഗത്തെത്തിയിട്ടുണ്ട്.
മുൻപൊരിക്കൽ വലിയൊരു പുസ്തകമേളയിലെ വലിയ ഷെൽഫുകൾക്കിടയിൽ നിന്ന് ആഗ്രഹിച്ച പുസ്തകം കണ്ടെത്താൻ ഇതേപോലെ ചിത്രം പകർത്തി എഐയുടെ സഹായം തേടിയ അനുഭവം ഒരു യുവതി പങ്കുവെക്കുകയുണ്ടായി.
സാധാരണ ഗവേഷണങ്ങൾക്കും ജോലി ആവശ്യങ്ങൾക്കും അപ്പുറത്തേക്ക്, മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങളിൽ എഐ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.
Tech
ന്യൂഡൽഹി: മാക് കമ്പ്യൂട്ടറുകളിൽ ഉപയോക്താക്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ഓർത്തു വെക്കാനും ഭാവിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമായി പുതിയ 'കമ്പ്യൂട്ടർ ഹിസ്റ്ററി' ഫീച്ചർ അവതരിപ്പിച്ച് ഓപ്പൺ എഐ. മാക് ഒഎസിലെ ചാറ്റ് ജിപിടി ഡെസ്ക്ടോപ്പ് ആപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുക.
ഉപയോക്താക്കൾ മുൻപ് കമ്പ്യൂട്ടറിൽ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് വീണ്ടും വിശദീകരിച്ചു നൽകേണ്ട ആവശ്യമില്ലാതെ, മുൻകാല പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് മറുപടികൾ കൂടുതൽ കൃത്യമാക്കാൻ ഈ ഫീച്ചറിലൂടെ എഐക്ക് സാധിക്കും. മുൻപ് ഉപയോക്താവ് തുറന്ന രേഖകൾ കണ്ടെത്താനും ദിവസത്തെ ജോലികളുടെ സംഗ്രഹം നൽകാനും ചാറ്റ് ജിപിടിക്ക് ഇതിലൂടെ കഴിയും.
ഡിഫോൾട്ടായി ഈ ഫീച്ചർ ഓഫ് ആയിരിക്കും. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം ഇത് ഓൺ ചെയ്യാം. കൂടാതെ ഏതെല്ലാം ആപ്പുകളിലെയും വെബ്സൈറ്റുകളിലെയും വിവരങ്ങൾ ചാറ്റ് ജിപിടി ശേഖരിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനും, ശേഖരിച്ച വിവരങ്ങൾ പരിശോധിക്കാനും ഡിലീറ്റ് ചെയ്യാനും സാധിക്കും.
സ്ക്രീൻഷോട്ടുകൾക്ക് പകരം മാക്ഒഎസിന്റെ ആക്സസിബിലിറ്റി ഫീച്ചറുകൾ വഴിയുള്ള ക്ലിക്കുകൾ, ടൈപ്പിംഗ്, ആപ്പ് മാറ്റങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ ചാറ്റ് ജിപിടി പ്രോ , ബിസിനസ് , എന്റർപ്രൈസ് ഉപയോക്താക്കൾക്കാണ് കമ്പ്യൂട്ടർ ഹിസ്റ്ററി ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. യുകെ, യൂറോപ്യൻ സാമ്പത്തിക മേഖല എന്നിവിടങ്ങളിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാക്കിയിട്ടില്ല.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ചാറ്റ്ജിപിടിയിൽ സൗജന്യ ഉപയോക്താക്കൾക്കായി പരസ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ഓപ്പൺഎഐ . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി.
കമ്പനിയുടെ പ്രൈവസി പോളിസിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതാണ് ഈ ഇമെയിൽ. സൗജന്യമായി ഉപയോഗിക്കുന്ന, കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. എന്നാൽ പണം നൽകി ഉപയോഗിക്കുന്ന ചാറ്റ്ജിപിടി പ്ലസ് , പ്രോ, എന്റർപ്രൈസ്, ബിസിനസ്, എഡ്യൂക്കേഷൻ പ്ലാനുകളിൽ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല.
പരസ്യങ്ങൾ വരുന്നത് ചാറ്റ്ജിപിടിയുടെ ഉത്തരങ്ങളെയോ നൽകുന്ന വിവരങ്ങളെയോ യാതൊരുവിധത്തിലും സ്വാധീനിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഗൂഗിൾ സെർച്ചിൽ കാണുന്നതുപോലെ സ്പോൺസേർഡ് എന്ന ലേബലോടെ മാത്രമായിരിക്കും ഇവ കാണിക്കുക. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ചാറ്റ് ഹിസ്റ്ററിയോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും ഓപ്പൺഎഐ ഉറപ്പുനൽകുന്നു.
നിലവിൽ യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ആരംഭിച്ച ഈ മാറ്റം ഉടൻ തന്നെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
Tech
സാൻ ഫ്രാൻസിസ്കോ: ചാറ്റ്ജിപിടി സൗജന്യമായി ഉപയോഗിക്കുന്നവർക്ക് വൻ ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനവുമായി ഓപ്പൺഎഐ. സൗജന്യ അക്കൗണ്ടുകൾക്കും ഗോ അക്കൗണ്ടുകൾക്കും ഏർപ്പെടുത്തിയിരുന്ന ടെക്സ്റ്റ് സന്ദേശങ്ങളുടെ ദൈനംദിന പരിധി പൂർണമായും ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചു. വരുന്ന ആഴ്ച മുതൽ സൗജന്യ ഉപയോക്താക്കൾക്ക് എത്ര വേണമെങ്കിലും പരിധിയില്ലാതെ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ചാറ്റ്ജിപിടിയുമായി സംവദിക്കാൻ സാധിക്കും.
എങ്കിലും ഇമേജ് ജനറേഷൻ, വോയ്സ് മോഡ്, ഫയലുകളും ചിത്രങ്ങളും അപ്ലോഡ് ചെയ്ത് വിവരങ്ങൾ ചോദിക്കൽ എന്നിവയ്ക്ക് നിലവിലുള്ള പരിധികൾ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. ഇതോടൊപ്പം, സൗജന്യ/ഗോ അക്കൗണ്ടുകൾക്കായി 'ജിപിടി-5.6 ലൂണ' എന്ന പുതിയ മോഡൽ കമ്പനി ഡിഫോൾട്ടായി ലഭ്യമാക്കി തുടങ്ങി. സന്ദേശങ്ങൾക്ക് കൂടുതൽ ആലോചിച്ച് മറുപടി നൽകാൻ സഹായിക്കുന്ന "തിങ്ക്" ബട്ടണും സൗജന്യമായി ഉപയോഗിക്കാനാകും.
പ്ലസ്, പ്രോ ഉപയോക്താക്കൾക്കായി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 'ജിപിടി-5.6 സോൾ' ഓപ്പൺഎഐ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. സംഭാഷണങ്ങൾക്ക് കൂടുതൽ കൃത്യവും ലളിതവുമായ മറുപടികൾ നൽകാൻ ഇതിന് സാധിക്കും. കൂടുതൽ ഉപയോക്താക്കൾക്ക് കൃത്രിമബുദ്ധിയുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരങ്ങളെന്ന് ഓപ്പൺഎഐ വ്യക്തമാക്കി.
Tech
സാൻഫ്രാൻസിസ്കോ: ഓപ്പൺഎഐ തങ്ങളുടെ ആദ്യ ഉപഭോക്തൃ ഹാർഡ്വെയർ ഉപകരണം പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്ക്രീനില്ലാത്തതും എന്നാൽ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതുമായ ഒരു 'സ്മാർട്ട് സ്പീക്കർ' രൂപത്തിലായിരിക്കും ചാറ്റ്ജിപിറ്റിയുടെ ഈ ഭൗതിക രൂപം വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീടുകളിൽ ഉപയോക്താക്കൾക്ക് സൗഹൃദപരമായ രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന ഒരു 'എഐ സുഹൃത്ത്' ആയിട്ടാണ് ഇത് വികസിപ്പിക്കുന്നത്.പരമ്പരാഗത സ്മാർട്ട് സ്പീക്കറുകളിൽ നിന്ന് വ്യത്യസ്തമായി, ഓപ്പൺഎഐയുടെ ഏറ്റവും പുതിയ എഐ മോഡലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
സ്പീക്കറിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളും വഴി ചുറ്റുപാടുകളെ മനസ്സിലാക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങളോട് കൂടുതൽ ബുദ്ധിപരമായി പ്രതികരിക്കാനും ഇതിന് സാധിക്കും. ഉപയോക്താവിന്റെ ഇമെയിലുകളും മറ്റ് വ്യക്തിഗത ഡാറ്റയും വിശകലനം ചെയ്ത്, അവരുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് വിവരങ്ങൾ പങ്കുവെക്കാൻ ഈ ഉപകരണത്തിന് കഴിയും.
റീചാർജ് ചെയ്യാവുന്ന ബാറ്ററിയുള്ളതിനാൽ ഈ ഉപകരണം വീട്ടിലെ ഏത് മുറിയിലേക്കും എളുപ്പത്തിൽ മാറ്റാനാകും. അടുക്കളയിൽ പാചകക്കുറിപ്പുകൾ പറഞ്ഞുതരാനും മറ്റ് ജോലികൾ ചെയ്യുമ്പോൾ സംസാരിക്കാനും പാട്ട് കേൾക്കാനും ഇത് സഹായിക്കും. ഓപ്പൺഎഐയുടെ പുത്തൻ വോയിസ് മോഡലായ ജിപിടി ലൈവ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. സംസാരിക്കുന്നതിനിടയിൽ തടസ്സപ്പെടുത്താനും, തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിൽ മനുഷ്യരുമായി സംസാരിക്കുന്നതുപോലെയുള്ള അനുഭവം ഇത് സമ്മാനിക്കും.
ഓപ്പൺഎഐയുടെ ഈ പുതിയ ഹാർഡ്വെയർ നീക്കത്തിന് മുന്നിൽ ആപ്പിൾ ഉയർത്തുന്ന നിയമപരമായ വെല്ലുവിളികളുണ്ട്. വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആപ്പിൾ നൽകിയ കേസിന്റെ ഭാഗമായി ഓപ്പൺഎഐയുടെ ഹാർഡ്വെയർ ബിസിനസിനെതിരെ സ്റ്റേ വാങ്ങാൻ ആപ്പിൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
സ്മാർട്ട് സ്പീക്കർ കൂടാതെ വെയറബിൾസ്, ഹോം റോബോട്ടിക്സ്, സ്മാർട്ട്ഫോണിന് പകരമാകാൻ സാധ്യതയുള്ള ഉപകരണം ഉൾപ്പെടെ അഞ്ചോളം കൺസ്യൂമർ ഡിവൈസുകൾ ഓപ്പൺഎഐ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആപ്പിളിന്റെ മുൻ ചീഫ് ഡിസൈനർ ജോണി ഐവുമായി ചേർന്നാണ് ഓപ്പൺഎഐ ഇതിനായി പ്രവർത്തിക്കുന്നത്.
ഈ വർഷം അവസാനം ഉപകരണം പരിചയപ്പെടുത്തുമെങ്കിലും, 2027ഓടെ മാത്രമേ ഇത് വിപണിയിൽ ലഭ്യമാകൂ. ആമസോൺ എക്കോ , ഗൂഗിൾ നെസ്റ്റ് , ആപ്പിൾ ഹോംപോഡ് എന്നിവയ്ക്കുള്ള ശക്തമായ മറുപടിയായാണ് ചാറ്റ്ജിപിറ്റി കേന്ദ്രീകൃതമായ ഈ പുതിയ സ്പീക്കറെന്ന് ടെക് ലോകം വിലയിരുത്തുന്നു.
Tech
ടോക്കിയോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട്, സൈബർ ആക്രമണത്തിനായി ചാറ്റ്ജിപിറ്റി ഉപയോഗിച്ച 15 വയസുകാരനായ സ്കൂൾ വിദ്യാർഥിയെ ജപ്പാനിൽ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ അനിമേഷൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ബന്ദായ് ചാനലിന്റെ' (Bandai Channel) സെർവറുകൾ ഹാക്ക് ചെയ്ത് 46,000ത്തിലധികം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വ്യാജ കോഡുകളിലൂടെ ഇല്ലാതാക്കി എന്നതാണ് വിദ്യാർഥിക്കതിരെയുള്ള കുറ്റം.
കമ്പനിക്ക് വൻ സാമ്പത്തിക നഷ്ടവും സേവന തടസ്സവും ഉണ്ടാക്കിയ സംഭവത്തിലാണ് ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് നടപടിയെടുത്തത്. ടോക്കിയോയ്ക്ക് സമീപമുള്ള ടോകൊറോസാവ സ്വദേശിയായ ഹൈസ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്.
2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. താൻ നിർമിച്ച സൈബർ ആക്രമണത്തിനുള്ള കോഡിന്റെ വേഗത കൂട്ടാനും കൂടുതൽ ഫലപ്രദമാക്കാനുമാണ് താൻ ചാറ്റ്ജിപിറ്റിയുടെ സഹായം തേടിയതെന്ന് വിദ്യാർഥി പോലീസിനോട് സമ്മതിച്ചു.
ആദ്യം താൻ തന്നെയാണ് കോഡ് തയ്യാറാക്കിയതെന്നും, എന്നാൽ പ്രൊസസിങ് വേഗത കുറവായതിനാൽ ചാറ്റ്ജിപിറ്റിയോട് ചോദിച്ച് മറ്റൊരു പ്രോഗ്രാമിങ് ഭാഷയിലേക്ക് മാറ്റി ഇത് പൂർത്തിയാക്കുകയായിരുന്നുവെന്നും വിദ്യാർഥി വെളിപ്പെടുത്തി. ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോം ആയതുകൊണ്ടാണ് താൻ 'ബന്ദായ് ചാനൽ' തെരഞ്ഞെടുത്തതെന്നും വ്യക്തിപരമായ വിരോധം ഒന്നിനുമില്ലെന്നും കുട്ടി പറഞ്ഞു.
പ്രൈമറി സ്കൂൾ മുതൽ സ്വയം പ്രോഗ്രാമിങ് പഠിക്കുന്ന ഈ വിദ്യാർഥി നെറ്റ്വർക്ക് കമ്മ്യൂണിക്കേഷൻസ് പരിശോധിക്കുന്നതിൽ തത്പരനായിരുന്നു. സൈബർ ആക്രമണം തടയാൻ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയെങ്കിലും, തന്റെ ഐപി അഡ്രസ് മുപ്പതോളം തവണ മാറ്റി വിദ്യാർഥി വീണ്ടും ആക്രമണം തുടരുകയായിരുന്നു.
ഈ ആക്രമണം കാരണം ഒരു മാസത്തോളം കമ്പനിയുടെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയും ഉപയോക്താക്കൾക്ക് പണം തിരികെ നൽകേണ്ടി വരികയും ചെയ്തു. കൂടാതെ 13.6 ലക്ഷത്തോളം ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങളും പേയ്മെന്റ് വിവരങ്ങളും ചോർന്നതായും സംശയമുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾക്കായി ജനറേറ്റീവ് എഐ ടൂളുകൾ നേരിട്ട് ഉപയോഗിച്ച ജപ്പാനിലെ ആദ്യത്തെ കേസുകളിൽ ഒന്നാണിത്. കോഡിങ് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന ചാറ്റ്ജിപിറ്റി പോലുള്ള ടൂളുകൾ, ആവശ്യമായ സാങ്കേതിക അറിവില്ലാത്തവർക്ക് പോലും സൈബർ ആക്രമണങ്ങൾ നടത്താൻ സഹായകരമാകുന്നു എന്ന വലിയ സുരക്ഷാ ഭീഷണിയാണ് ഈ സംഭവം ഉയർത്തുന്നത്.
Tech
ന്യൂ ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയ്ക്കായി ചെലവഴിക്കുന്ന ഭീമമായ തുക വെട്ടിക്കുറയ്ക്കാൻ പുതിയ തന്ത്രങ്ങളുമായി മൈക്രോസോഫ്റ്റ്. തങ്ങളുടെ ജനപ്രിയ ഓഫീസ് ആപ്ലിക്കേഷനുകളിൽ നിന്നും ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ എഐ മോഡലുകൾ മാറ്റി, പകരം സ്വന്തമായി വികസിപ്പിച്ചെടുത്ത ഇൻ-ഹൗസ് എഐ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
മൈക്രോസോഫ്റ്റ് എക്സൽ, ഔട്ട്ലുക്ക് എന്നീ ആപ്പുകളിൽ ഓരോ ആഴ്ചയും വരുന്ന പതിനായിരക്കണക്കിന് എഐ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യാൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച 'എംഎഐ' മോഡലുകൾ ഉപയോഗിച്ചു തുടങ്ങിയതായാണ് വിവരം. മുൻപ് ഈ ഫീച്ചറുകൾക്കായി ചാറ്റ്ജിപിടിയുടെയും ക്ലോഡിന്റെയു മോഡലുകളെയായിരുന്നു കമ്പനി ആശ്രയിച്ചിരുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
മൈക്രോസോഫ്റ്റിന്റെ വിപുലമായ എഐ ബിസിനസുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാറ്റം ഇപ്പോൾ ചെറുതാണെങ്കിലും, ഭാവിയിലേക്കുള്ള കമ്പനിയുടെ തന്ത്രപരമായ ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. തങ്ങളുടെ പ്രധാന ഉത്പന്നമായ 'കോപൈലറ്റിൽ'എഐ ഫീച്ചറുകൾ കൂടുതൽ ശക്തമാക്കുമ്പോൾ തന്നെ, പ്രവർത്തനച്ചെലവ് നിയന്ത്രിക്കാനും മറ്റ് എഐ കമ്പനികളോടുള്ള അമിത ആശ്രയം കുറയ്ക്കാനും ഇതിലൂടെ മൈക്രോസോഫ്റ്റിന് സാധിക്കും.
"ഞങ്ങൾ ആന്ത്രോപിക് കമ്പനിക്ക് വലിയ തുകയാണ് നൽകുന്നത്. ഈ ചെലവ് കുറയ്ക്കുകയും ഭാവിയിൽ ഇത് പൂർണമായും ഇല്ലാതാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് എഐ വിഭാഗം മേധാവി മുസ്തഫ സുലൈമാൻ വ്യക്തമാക്കിയിരുന്നു. കമ്പനിക്കുള്ളിലെ പല വിഭാഗങ്ങളും എഐ ടോക്കണുകൾക്കായി ദശലക്ഷക്കണക്കിന് ഡോളറാണ് ചിലവഴിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കുറഞ്ഞ കമ്പ്യൂട്ടിംഗ് ശേഷി ഉപയോഗിച്ച് മികച്ച ഫലം നൽകാനാണ് 'എംഎഐ' മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ 'എംഎഐ-തിങ്കിംഗ്-1' ഉൾപ്പെടെ 7 പുതിയ എഐ മോഡലുകൾ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു. ആന്ത്രോപിക്കിന്റെ ഏറ്റവും പ്രീമിയം മോഡലായ 'ക്ലോഡ് ഓപസ് 4.6ന് സമാനമായ കോഡിംഗ് ശേഷി വളരെ കുറഞ്ഞ ചെലവിൽ നൽകാൻ തങ്ങളുടെ പുതിയ മോഡലിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം
എക്സൽ, ഔട്ട്ലുക്ക് എന്നിവയ്ക്ക് പുറമെ ഗിറ്റ്ഹബ് കോപൈലറ്റിലും ഈ മോഡലുകൾ ലഭ്യമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ മൈക്രോസോഫ്റ്റ് ടീംസ് ആപ്പിലും സ്വന്തം എഐ മോഡലുകൾ കൊണ്ടുവരുമെന്ന് സുലൈമാൻ അറിയിച്ചു. വലിയ മോഡലുകൾ നിർമിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ചെറിയ എഐ മോഡലുകൾ വികസിപ്പിക്കാനുള്ള ആഗോള ടെക് കമ്പനികളുടെ മത്സരത്തിലേക്കാണ് മൈക്രോസോഫ്റ്റിന്റെ ഈ പുതിയ നീക്കം വിരൽ ചൂണ്ടുന്നത്.
Movies
വെള്ളിത്തിരയിൽ സാങ്കേതികവിദ്യകൊണ്ട് വിസ്മയങ്ങൾതീർക്കുന്ന ഉലകനായകൻ കമൽഹാസൻ നിർമിത ബുദ്ധി (എഐ) യുടെ അമിത ഉപയോഗത്തിൽ മുന്നറിയിപ്പുമായി രംഗത്ത്. അടുത്തിടെ, ഹോളിവുഡ് റേഞ്ചിലുള്ള എഐ വിദ്യകൾ പഠിക്കാൻ അമേരിക്കയിൽ പോയിവന്നതിനുശേഷമാണ് കമൽഹാസൻ തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്. ചെന്നൈയിലെ കോളജിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളോട് സംസാരിക്കവേയാണ് ഉലകനായകൻ കടുത്ത യാഥാർഥ്യം തുറന്നുപറഞ്ഞത്. അപ്പായുടെ മാസ് ഡയലോഗിന് സോഷ്യൽ മീഡിയയിൽ ഫുൾ സപ്പോർട്ടുമായി മകൾ ശ്രുതി ഹാസനും എത്തിയതോടെ സംഭവം ചർച്ചയായി മാറി.
എഐ ടൂളുകളെ അനാവശ്യമായി ആശ്രയിക്കുന്നത് നമ്മുടെ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നു എന്നാണ് കമൽ വളരെ ലളിതമായി വിഥ്യാർഥികളോടു പറഞ്ഞത്. നമ്മൾ കൗതുകത്തിനുവേണ്ടി ചാറ്റ്ജിപിടി പോലുള്ള പ്ലാറ്റ്ഫോമുകളിൽ ചോദിക്കുന്ന ഓരോ ചോദ്യവും പ്രോസസ് ചെയ്യാൻ വലിയ തോതിൽ വൈദ്യുതിയും ജലവും ആവശ്യമുണ്ട്. നിങ്ങൾ ഓരോ തവണ ചാറ്റ്ജിപിടിയോട് ചോദ്യം ചോദിക്കുമ്പോഴും ഒരു ഗ്ലാസ് വെള്ളം വീതം പാഴാകുന്നുണ്ടെന്ന് ഓർക്കുക! കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്തോറും കൂടുതൽ വെള്ളം പാഴാകും. അതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾക്കു മാത്രം എഐ ഉപയോഗിക്കുക. ബാക്കി സംശയങ്ങൾ നിങ്ങളുടെ അടുത്തുള്ള സുഹൃത്തുക്കളോട് ചോദിച്ച് മനസിലാക്കൂ. എഐയേക്കാൾ കൂടുതൽ അറിവുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. എല്ലാം അറിയാമെന്ന ഭാവം തനിക്കില്ല, കാരണം ചാറ്റ്ജിപിടി അല്ലല്ലോ! അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയാൻ തനിക്ക് ഒരു മടിയുമില്ല- കമൽഹാസൻ പറഞ്ഞു.
ഉലകനായകന്റെ പ്രസംഗം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് ശ്രുതി പൂർണപിന്തുണ പ്രഖ്യാപിച്ചു. വെറുതെ സപ്പോർട്ട് മാത്രമല്ല, എഐ സാങ്കേതികവിദ്യയുടെ അമിത ഉപയോഗം പ്രകൃതിയിലെ ജലസ്രോതസുകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയും ശ്രുതി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. എഐ നിർമിത ആർട്ടുകൾക്കും ഉള്ളടക്കങ്ങൾക്കും പിന്നാലെ പോകാതെ, മനുഷ്യന്റെ യഥാർഥ കഴിവിനും നൈപുണ്യത്തിനും പ്രാധാന്യം നൽകണമെന്നാണ് ശ്രുതിയുടെ പക്ഷം.
നിങ്ങൾ ഇപ്പോഴും യഥാർഥ മനുഷ്യനെ വിലമതിക്കുന്നുവെങ്കിൽ ഫോളോ ചെയ്യൂ, എഐയേക്കാൾ മുകളിൽ എന്ന കിടിലൻ അടിക്കുറിപ്പോടെയാണ് ശ്രുതി വിഷയം ആരാധകരിലേക്ക് എത്തിച്ചത്.
എന്തായാലും സിനിമയിൽ പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന ഉലകനായകൻ തന്നെ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയത് സിനിമാ-സാങ്കേതിക ലോകത്ത് വലിയ ചർച്ചയായി. സാങ്കേതികവിദ്യയാകാം, പക്ഷേ അത് മനുഷ്യനെയും പ്രകൃതിയെയും വിഴുങ്ങുന്നതാകരുത് എന്ന താരത്തിന്റെ വാക്കുകൾ വിസ്മരിക്കാൻ കഴിയില്ല.
Tech
ചാറ്റ്ജിപിടിയെ നവീകരിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉത്പാജനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എല്ലാം ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.
ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചെന്ന് അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.
Tech
ന്യു ഡൽഹി : ആപ്പിൾ കാർപ്ലേയിൽ ചാറ്റ്ബോട്ട് സേവനം ലഭ്യമാക്കിയതായി ഓപ്പൺ എഐ. ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ വാഹനങ്ങളിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി നേരിട്ട് ചാറ്റ്ജിപിടി ഉപയോഗിക്കാൻ സാധിക്കും. ഐഒഎസ് 26.4 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവർക്ക് ആഗോളതലത്തിൽ ഈ സേവനം ലഭ്യമാകും. പ്രധാനമായും ശബ്ദത്തിലൂടെയുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം, ഡ്രൈവിംഗിനിടയിൽ ചാറ്റ്ജിപിടിയുമായി സംസാരിക്കാൻ സഹായിക്കുന്നു. ഐഫോൺ വാഹനവുമായി ബന്ധിപ്പിച്ച ശേഷം ആപ്പിലെ വോയ്സ് മോഡ് വഴി പുതിയ സംഭാഷണങ്ങൾ തുടങ്ങാനോ മുമ്പുണ്ടായിരുന്നവ തുടരാനോ സാധിക്കും.
യാത്രക്കാർക്കും ഡ്രൈവർമാർക്കും ഫോണിൽ സ്പർശിക്കാതെ തന്നെ വിവരങ്ങൾ ചോദിക്കാനും സംശയനിവാരണം നടത്താനും ഈ ഫീച്ചർ സഹായിക്കും. കാർപ്ലേയിൽ ആപ്പ് തുറക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വോയ്സ് മോഡ് പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. യാത്രക്കാർക്കും വിനോദത്തിനും അറിവിനുമായി ഈ സേവനം ഒരുപോലെ പ്രയോജനപ്പെടുത്താം. യാത്രയ്ക്കിടയിലും തടസ്സങ്ങളില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ലഭ്യമാക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.
എന്നാൽ ഈ ഫീച്ചറിനു ചില പരിമിതികളുമുണ്ട്. കാർപ്ലേയിലെ ചാറ്റ്ജിപിടിക്ക് നാവിഗേഷൻ വിവരങ്ങൾ, തത്സമയ ലൊക്കേഷൻ, അല്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങൾ എന്നിവ ലഭ്യമാകില്ല. കൂടാതെ, മാപ്പുകളോ മെസേജിംഗ് സേവനങ്ങളോ പോലുള്ള മറ്റ് ആപ്പുകളെ നിയന്ത്രിക്കാനും കഴിയില്ല. ഉപയോക്താക്കൾ ഹാൻഡ്സ് ഫ്രീ രീതിയിൽ മാത്രം ഇത് ഉപയോഗിക്കണമെന്നും, ഡ്രൈവിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യമായ സെറ്റപ്പുകൾ പൂർത്തിയാക്കണമെന്നും ഓപ്പൺ എഐ നിർദ്ദേശിക്കുന്നു.
Tech
മറ്റ് ചാറ്റ്ബോട്ടുകളിൽ നിന്നുള്ള വിവരങ്ങളും സംഭാഷണങ്ങളും ജെമിനിയിലേക്ക് മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. ഇതിനെ സഹായിക്കുന്ന തരത്തിലുള്ള സ്വിച്ചിംഗ് ടൂളാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്വിച്ചിംഗ് ടൂളുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ വഴി വ്യക്തിഗത വിവരങ്ങൾ, താത്പര്യങ്ങൾ, പഴയ ചാറ്റ് ഹിസ്റ്ററികൾ എന്നിവ എളുപ്പത്തിൽ കൈമാറാൻ സാധിക്കും.
നിലവിൽ ഉപയോഗിക്കുന്ന ചാറ്റ്ബോട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കോപ്പി ചെയ്ത് ജെമിനിയിൽ പേസ്റ്റ് ചെയ്തോ, അല്ലെങ്കിൽ ചാറ്റ് ലോഗുകൾ അടങ്ങിയ സിപ്പ് ഫയലുകൾ അപ്ലോഡ് ചെയ്തോ ഈ മാറ്റം സാധ്യമാക്കാം.
പഴയ പ്ലാറ്റ്ഫോമുകളിൽ നൽകിയിരുന്ന വിവരങ്ങൾ വീണ്ടും ആവർത്തിക്കാതെ തന്നെ ഉപയോക്താവിനെക്കുറിച്ച് മനസിലാക്കാൻ ജെമിനിയെ ഇത് സഹായിക്കുന്നു.
നിലവിൽ 75 കോടിയിലധികം സജീവ ഉപയോക്താക്കളുള്ള ജെമിനി, ഇത്തരം ഫീച്ചറുകളിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
പഴയ സംഭാഷണങ്ങൾ ജെമിനിയിൽ തിരയാനും തുടർന്ന് സംസാരിക്കാനും സാധിക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണ്.
മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ഡിജിറ്റൽ ചരിത്രം നഷ്ടപ്പെടാതെ തന്നെ ജെമിനിയിലേക്ക് വരാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.