ഓപ്പൺ എഐ
ന്യൂഡൽഹി: കൗമാരക്കാർക്കായി ചാറ്റ്ജിപിടിയുടെ പ്രത്യേക പതിപ്പുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമുഖരായ ഓപ്പൺഎഐ. ചാറ്റ്ജിപിടി ഫോർ ടീൻസ്' പുറത്തിറക്കി. 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പുതിയ മോഡ്, കുട്ടികൾക്ക് ഹാനികരമായേക്കാവുന്ന ഉള്ളടക്കങ്ങളും അനുചിതമായ സംഭാഷണങ്ങളും പൂർണമായി തടയുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എത്തുത്തുന്നത്.
ആത്മഹത്യ, ഭക്ഷണ വൈകല്യങ്ങൾ, അക്രമം, അശ്ലീല ഉള്ളടക്കങ്ങൾ എന്നിവ ഒഴിവാക്കുന്നതിനൊപ്പം, എഐയ്ക്ക് വികാരങ്ങളോ ചിന്തയോ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പെരുമാറ്റങ്ങളും പ്രണയാതുരമായ ഭാഷാപ്രയോഗങ്ങളും ചാറ്റ്ബോട്ട് ഒഴിവാക്കും. നേരത്തെ കുട്ടികളെ തെറ്റായ രീതിയിൽ സ്വാധീനിച്ചെന്നാരോപിച്ച് കമ്പനിക്കെതിരെ നിയമനടപടികൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഈ പുതിയ നീക്കം.
വെറുതെ ഉത്തരങ്ങൾ പകർത്തിയെഴുതുന്നതിന് പകരം വിഷയങ്ങൾ ഘട്ടംഘട്ടമായി മനസ്സിലാക്കി പഠിക്കാൻ കുട്ടികളെ സഹായിക്കുകയാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 'സ്റ്റഡി മോഡ്', ക്വിസുകൾ, ഗൃഹപാഠങ്ങൾ ചെയ്യാനുള്ള ഓർമപ്പെടുത്തലുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത് ഉപയോഗ സമയം നിയന്ത്രിക്കാനുള്ള 'പാരന്റൽ കൺട്രോൾസ്', പഠന സമയത്തും ഉറക്ക സമയത്തും ആപ്പ് ഉപയോഗിക്കുന്നത് തടയുന്ന 'സ്റ്റഡി അവേഴ്സ്', 'ക്വയറ്റ് അവേഴ്സ്' എന്നീ ഫീച്ചറുകളും ലഭ്യമാണ്.
തുടർച്ചയായി 90 മിനിറ്റിലധികം ഉപയോഗിച്ചാൽ ഇടവേള എടുക്കാനുള്ള ഓർമപ്പെടുത്തലുകളും സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് മുൻപുള്ള മുന്നറിയിപ്പുകളും ഇത് നൽകും. 18 വയസിൽ താഴെയുള്ള ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചറുകൾ ഓട്ടോമാറ്റിക്കായി ലഭ്യമാകും.
Tags : technology openai chatgpt chatgptforteens