Kerala
കല്പ്പറ്റ: സര്ക്കാര് ഓഫീസുകളുടെ ശുചിത്വവും പൊതുസൗകര്യങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പ് സര്ക്കുലര് മുഖേന നിര്ദേശങ്ങള് പുറപ്പെടുവിച്ചു.
സര്ക്കാര് ഓഫീസുകളുടെ ഭിത്തികള് വിവിധ സര്വീസ് സംഘടനകള് പോസ്റ്ററുകള് പതിച്ച് വൃത്തികേടാക്കുന്നതും പൊതുജനങ്ങള്ക്ക് അസൗകര്യം സൃഷ്ടിക്കുന്ന വിധത്തില് ഓഫീസ് പരിസരത്ത് കൊടിമരങ്ങളും ബാനറുകളും സ്ഥാപിക്കുന്നതും നേരത്തേ സര്ക്കുലര് മുഖേന നിരോധിച്ചതാണെങ്കിലും ലംഘനം തുടരുകയാണ്. ഇത് ശ്രദ്ധയില്പ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചത്.
മുന് സര്ക്കുലറിലെ നിര്ദേശങ്ങള് കര്ശനമായി പാലിക്കാന് വകുപ്പുമേധാവികള് ശ്രദ്ധിക്കണമെന്ന് പുതിയ സര്ക്കുലറില് പറയുന്നു. ഇക്കാര്യത്തില് വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികള്ക്കെതിരേ കര്ശന നടപടി സ്വീകരിക്കും. സ്ഥാപനാധിഷ്ഠിത ശുചിത്വ പെരുമാറ്റ മാനദണ്ഡം തയാറാക്കി നടപ്പാക്കുന്നതില് അതത് സ്ഥാപന മേധാവികള്ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടാകുമെന്നും സര്ക്കുലറിലുണ്ട്.
Kerala
കൊച്ചി: സംസ്ഥാനത്ത് ഹയര് സെക്കന്ഡറി, വിഎച്ച്എസ്ഇ പരീക്ഷകള് ഇന്ന് അവസാനിക്കാനിരിക്കെ അധ്യയന വര്ഷം തീരുന്നത് ആഘോഷമാക്കേണ്ടെന്ന സര്ക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
സ്കൂള് വാര്ഷിക പരീക്ഷകള് തീരുന്ന ദിവസവും മധ്യവേനലവധിക്ക് സ്കൂള് അടക്കുന്ന ദിവസവും ഇത്തരത്തിലുള്ള ആഘോഷങ്ങളൊന്നും പാടില്ലെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്ക്കുലറിലുള്ളത്.
മുന്വര്ഷങ്ങളില് പരീക്ഷാദിനങ്ങളില് നടന്ന ആഘോഷങ്ങള് അതിരുകടന്ന് അക്രമസംഭവങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുന്കരുതല് എന്ന രീതിയില് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര് ഉത്തരവ് ഇറക്കിയിരിക്കുന്നത്. എസ്എസ്എല്സി പരീക്ഷ ഈ മാസം 30 ന് അവസാനിക്കും. ഒന്നു മുതല് ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകള് പൂര്ത്തിയാക്കി 31 നാണ് മധ്യവേനലവധിക്കായി സ്കൂളുകള് അടക്കുന്നത്.
സ്കൂള് വാര്ഷിക പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള് അച്ചടക്കരഹിതമായ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നില്ലെന്ന് അധ്യാപകര് ഉറപ്പുവരുത്തണം. ഈ ദിവസങ്ങളില് കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനു രക്ഷിതാക്കളുടെ സഹകരണം തേടണം.
സ്കൂള് കാമ്പസിനു പുറത്ത് ആവശ്യമെങ്കില് പോലീസിന്റെ സഹായം തേടാമെന്നും സര്ക്കുലറില് പറയുന്നു. ഈ നിര്ദേശങ്ങള് എല്ലാ വര്ഷവും ബാധകമായിരിക്കുമെന്നും സ്കൂള് മേധാവികള് ഇത് കര്ശനമായി പാലിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുണ്ട്.