കോഴിക്കോട്: ഇതര രാജ്യങ്ങളുമായി മത്സരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശക്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. പ്ലസ്വണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് തലക്കുളത്തൂര്‍ സിഎംഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലോകം ഗ്ലോബല്‍ വില്ലേജായി മാറുകയും അകലം കുറയുകയും ചെയ്ത കാലത്ത് വിദ്യാഭ്യാസ രംഗത്തും അനുദിനം മാറ്റങ്ങളുണ്ടാകുന്നു. ലോകം സഞ്ചരിക്കുന്നതിനൊപ്പം നമുക്കും സഞ്ചരിക്കാനാവുകയും എല്ലാ വിദ്യാഭ്യാസ സ്വപ്നങ്ങളും സഫലീകരിക്കാനാവുകയും വേണം.
മറ്റുള്ളവരെ കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനായി ആകര്‍ഷിക്കാനാവുംവിധം നമ്മുടെ വിദ്യാഭ്യാസ രീതികള്‍ പരിഷ്കരിച്ച് മുന്നോട്ടുപോകും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഉള്‍പ്പെടെയുണ്ടായ നൂതന മാറ്റങ്ങള്‍ വിദ്യാഭ്യാസരംഗത്തും പ്രകടമാകേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.
സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വിദ്യാ ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.