Business
പരവൂര്: ഓണ്ലൈന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സൈബര് തട്ടിപ്പുകള് തടയാന് പുതിയ സംവിധാനങ്ങള് ഏര്പ്പെടുത്താന് റിസര്വ് ബാങ്ക് നീക്കം.
10,000 രൂപയ്ക്ക് മുകളിലുള്ള ഓണ്ലൈന് പണമിടപാടുകള്ക്ക് ഒരു മണിക്കൂര് വെയ്റ്റിംഗ് ടൈം ഏര്പ്പെടുന്നത് അടക്കമുള്ള മാറ്റങ്ങളാണ് ആര്ബിഐ പരിഗണിക്കുന്നത്. ഇവ പ്രാബല്യത്തില് വരുത്തുന്നതിന് മുന്നോടിയായി മേയ് എട്ടുവരെ പൊതുജനാഭിപ്രായം തേടാനും ആര്ബിഐ തീരുമാനിച്ചു. ഇതില്നിന്നു ലഭിക്കുന്ന പ്രതികരണങ്ങള്കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്നും റിസര്വ് ബാങ്ക് അധികൃതര് വ്യക്തമാക്കി.
രാജ്യത്ത് ഡിജിറ്റല് തട്ടിപ്പ് അനുദിനം ക്രമാതീതമായി വര്ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നീക്കങ്ങള് ആര്ബിഐ സജീവമാക്കുന്നത്. 10,000 രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും കൂള് ഓഫ് പീരീഡ് അഥവാ വെയ്റ്റിംഗ് ടൈം ഏര്പ്പെടുത്തും.
ഇതുവഴി ഈ സമയത്തിനുള്ളില് ഉപയോക്താവിന് ഇടപാട് റദ്ദ് ചെയ്യാനുള്ള അവസരം ലഭിക്കും. പണം അയച്ചുകഴിഞ്ഞാലും ഒരു മണിക്കൂര് കഴിഞ്ഞ് മാത്രമേ സ്വീകര്ത്താവിലേക്ക് എത്തുകയുള്ളൂവെന്ന് വ്യക്തം. ഈ ഒരു മണിക്കൂറിനുള്ളില് ഉദ്ദേശിക്കുന്ന ആളിലേക്ക് തന്നെയാണ് പണം എത്തുന്നതെന്ന് കൃത്യമായി സ്ഥിരീകരിക്കാന് ഉപഭോക്താവിന് സാധിക്കും. ഏതെങ്കിലും തരത്തില് ഇടപാട് തട്ടിപ്പാണന്ന് സംശയം തോന്നിയാല് അത് കാന്സല് ചെയ്യാനും സാധിക്കും.
70 വയസിനു മുകളില് ഉള്ളവരെ സംബന്ധിച്ചിടത്തോളം 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്ക്ക് വിശ്വസ്തനായ ഇടനിലക്കാരന്റെ അനുവാദം നിര്ബന്ധമാക്കുന്നതാണ് ആര്ബിഐയുടെ പരിഗണനയിലുള്ള മറ്റൊരു നിര്ദേശം. പ്രായമായവര് തട്ടിപ്പുകളില് വീഴാതിരിക്കാന് വേണ്ടിയാണിത്. എന്നാല്, മര്ച്ചന്റ് പേയ്മെന്റുകള്, ഓട്ടോ ചെക്ക് ഇടപാടുകള് എന്നിവയെ ഇതില്നിന്ന് ഒഴിവാക്കും. വ്യക്തികള് തമ്മിലുള്ള ഇടപാടുകള്ക്ക് മാത്രമായിരിക്കും ഈ നിബന്ധന ബാധകമാകുക.
ബാങ്ക് അക്കൗണ്ടുകള്ക്ക് സാധാരണ ഗതിയില് ഒരു വര്ഷം നിശ്ചിത തുക മാത്രമേ സ്വീകരിക്കാന് കഴിയൂ എന്ന പരിധി വയ്ക്കാനും റിസര്വ് ബാങ്ക് ആലോചിക്കുന്നു. മിനിമം 25 ലക്ഷം പരിധി വയ്ക്കണമെന്ന നിര്ദേശമാണ് നിലവില് ആര്ബിഐക്ക് മുന്നിലുള്ളത്.
ഉയര്ന്ന വരുമാനവും മറ്റുമുള്ളവര്ക്ക് ഈ പരിധി ഉണ്ടാകില്ല . അല്ലാത്തവര്ക്ക് പരിധിയില് കൂടുതല് തുക വന്നാല് ഷാഡോ ക്രെഡിറ്റ് എന്ന പേരില് സൂക്ഷിക്കും. ഇടപാടുകള് യഥാര്ഥമെന്ന് വ്യക്തമാക്കുന്ന തെളിവ് ബാങ്കിന് സമര്പ്പിച്ചാല് പണം അക്കൗണ്ടില് എത്തുകയും ചെയ്യും. ഇല്ലങ്കില് പണം വന്ന അക്കൗണ്ടിലേക്ക് തിരികെ പോകും.
കില് സ്വിച്ച് എന്ന സംവിധാനം ഏര്പ്പെടുത്തുന്നതും ആര്ബിഐ പരിഗണിക്കുന്നുണ്ട്. ഡിജിറ്റല് അറസ്റ്റ് പോലുള്ള തട്ടിപ്പുകളില് പെട്ടുവെന്ന് സംശയം തോന്നിയാല് ഒറ്റ ബട്ടണ് ഞെക്കിയാല് സ്വന്തം അക്കൗണ്ടുകളില്നിന്നുള്ള എല്ലാ ഓണ്ലൈന് പണമിടപാടുകളും ഒറ്റയടിക്ക് മരവിപ്പിക്കാന് ഈ സംവിധാനം വഴി സാധിക്കുമെന്ന് ആര്ബിഐ അധികൃതര് സൂചിപ്പിച്ചു.
District News
പിലാത്തറ: ബ്രിട്ടീഷുകാര്ക്ക് മുമ്പേയെത്തിയ ക്രൈസ്തവ മിഷണറിമാരുടെ ലക്ഷ്യം സുവിശേഷവത്കരണത്തിനു പകരം മതംമാറ്റമായിരുന്നുവെങ്കില് ഭാരതത്തില് ക്രൈസ്തവരുടെ എണ്ണം കൂടുതല് വര്ധിക്കുമായിരുന്നുവെന്ന് തലശേരി ആര്ച്ച്ബിഷപ് മാര് ജോസഫ് പാംപ്ലാനി. ദൈവവചന സഭയുടെ (എസ്വിഡി) നൂറ്റിയന്പതാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി പിലാത്തറയില് നിര്മിച്ച ജൂബിലി സ്മാരക മന്ദിരത്തിന്റെ ആശീര്വാദകര്മം നിര്വഹിച്ചശേഷം അനുഗ്രഹഭാഷണം നടത്തുകയായിരുന്നു മാര് ജോസഫ് പാംപ്ലാനി.
മദ്യപാനവും രാസലഹരികളും മനുഷ്യന്റെ ശരീരവും ബന്ധങ്ങളും കുടുംബവും നശിപ്പിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ലഹരിവസ്തുക്കള് ഇല്ലാതാക്കുന്നു. ഇത്തരക്കാര്ക്ക് ആധുനിക ചികിത്സയും സ്നേഹത്തോടുകൂടിയ പരിചരണവും ആവശ്യമാണ്. അടിമകളാക്കി മാറ്റിയ ലഹരിയോട് നോ പറയാനാവാതെ വിഷമിക്കുന്നവരെ വീണ്ടും ജീവിതത്തോട് ചേര്ത്തുകെട്ടുകയെന്നത് വലിയ ശുശ്രൂഷയാണ്. സമൂഹത്തില് പാര്ശ്വവത്കരിക്കപ്പെട്ടവര് ദൈവത്തിനു വേണ്ടപ്പെട്ടവരാണ് എന്ന സത്യം ബോധ്യപ്പെടുത്തി അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയെന്നതാണു സഭ നടത്തുന്ന സുവിശേഷപ്രവര്ത്തനമെന്നും മാര് ജോസഫ് പാംപ്ലാനി പറഞ്ഞു.
പിലാത്തറ വചനജ്യോതി ലഹരി മോചന ചികിത്സാ കേന്ദ്രത്തിന്റെ 13-ാം വാര്ഷികത്തിന്റെ ഉദ്ഘാടനം ദീപം തെളിച്ച് എസ്വിഡി ഇന്ത്യ-മുംബൈ പ്രൊവിന്ഷ്യല് സുപ്പീരിയര് ഫാ. ടോമി തോമസ് നിര്വഹിച്ചു. മനുഷ്യന്റെ ലഹരി വിരുദ്ധമായ ജീവിതത്തിലൂടെയുള്ള സമഗ്ര പുരോഗതിയും എല്ലായിടത്തും ദൈവവചനമെത്തിക്കുകയെന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്മാരകഫലക അനാച്ഛാദനം എം. വിജിന് എംഎല്എ നിര്വഹിച്ചു. ഫാ. റിച്ചാര്ഡ് മത്തിയാസ് എസ്വിഡി അധ്യക്ഷത വഹിച്ചു. ഫാ. വിനോയ് തോമസ് എസ്വിഡി, വചനജ്യോതി ഡയറക്ടര് ഫാ. ആന്റണി പുതുമന എസ്വിഡി, കണ്ണൂര് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര് പി. ബിജു, തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പില്, പഞ്ചായത്തംഗം ഇ. രോഹിണി തുടങ്ങിയവര് പ്രസംഗിച്ചു. തുടര്ന്ന് കലാപരിപാടികളും സ്നേഹവിരുന്നുമുണ്ടായി. ലഹരി വസ്തുക്കളില് നിന്നു മോചനം ആഗ്രഹിക്കുന്നവര്ക്ക് 9496162164 എന്ന ഫോൺ നമ്പറില് ബന്ധപ്പെടാവുന്നതാണെന്ന് സ്ഥാപന ഡയറക്ടര് പറഞ്ഞു.
National
ന്യൂഡൽഹി: പട്ടികജാതി (എസ്സി) വിഭാഗത്തിൽപെട്ട ഏതൊരാളും ക്രിസ്തുമതം സ്വീകരിച്ചാൽ അവർക്ക് ലഭിച്ചുകൊണ്ടിരുന്ന പട്ടികജാതി ആനുകൂല്യങ്ങൾ സ്വമേധയാ നഷ്ടപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോടു നിർദേശിച്ച് അലഹബാദ് ഹൈക്കോടതി.
ഇത്തരത്തിൽ മതം മാറിയവർക്ക് ആനുകൂല്യങ്ങൾ തുടർന്നാൽ അതു ഭരണഘടനയോടുള്ള വഞ്ചനയും സംവരണനയങ്ങളുടെ ധാർമികതയ്ക്ക് എതിരാണെന്നും ജസ്റ്റീസ് പ്രവീണ് കുമാർ ഗിരി വ്യക്തമാക്കി.
ഹിന്ദു, സിക്ക്, ബുദ്ധമത വിശ്വാസികൾ ഒഴികെ മറ്റാരെയും പട്ടികജാതി സമൂഹത്തിന്റെ അംഗമായി കണക്കാക്കാൻ കഴിയില്ലെന്ന 1950ലെ ഭരണഘടനാ ഉത്തരവിലെ മൂന്നാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് പ്രവീണ് കുമാർ വിധി പ്രസ്താവിച്ചത്. ദളിത് ക്രൈസ്തവർക്കു പട്ടികജാതി പദവി നൽകണമെന്ന ക്രൈസ്തവസഭകളുടെ കാലങ്ങളായുള്ള ആവശ്യം നിലനിൽക്കവെയാണു അലഹബാദ് ഹൈക്കോടതിയിൽനിന്ന് ഇത്തരമൊരു ഉത്തരവ് ഉണ്ടാകുന്നത്.
ക്രൈസ്തവ മതം പ്രഘോഷിച്ചു എന്നതിന്റെ പേരിൽ മതവികാരത്തെ അപമാനിക്കൽ, ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിതേന്ദ്ര സഹാനി എന്ന വ്യക്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി നിരീക്ഷണം.
സഹാനി ക്രിസ്തുമതം സ്വീകരിച്ചെങ്കിലും സത്യവാങ്മൂലത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്നു പരാമർശിച്ചിരിക്കുന്നതായി കോടതി കണ്ടെത്തി. ഇതു പരസ്പരവിരുദ്ധമാണെന്നു നിരീക്ഷിച്ച കോടതി മതം മാറിയിട്ടും പട്ടികജാതി ആനുകൂല്യങ്ങൾ നിയമവിരുദ്ധമായി നിലനിർത്താൻ സഹാനി വ്യാജരേഖ നിർമിക്കുകയോ മറ്റു ശ്രമങ്ങൾ നടത്തിയിരിക്കുകയോ ചെയ്തേക്കാമെന്നും പറഞ്ഞു.
തുടർന്നാണ് ഇത്തരം വിഷയത്തിൽ സംസ്ഥാനവ്യാപകമായി കൂടുതൽ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാരിനോടു നിർദേശിച്ചത്. ന്യൂനപക്ഷ, പട്ടികജാതി പദവികൾ തമ്മിലുള്ള വ്യത്യാസം കർശനമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി നിർദേശിച്ചു.
ക്രിസ്തുമതത്തിൽ ജാതിവ്യവസ്ഥ ഇല്ലാത്ത സാഹചര്യത്തിൽ മതപരിവർത്തനത്തിനുശേഷം പട്ടികജാതി പദവി നിലനിർത്തുന്നത് ആനുകൂല്യങ്ങൾ വ്യാജമായി അവകാശപ്പെടുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും കോടതി നിർദേശിച്ചു. ഇതിനായി നാലു മാസത്തെ സമയപരിധിയും നൽകി.