Kerala
ഇരിട്ടി: ആനത്താര പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥല ഉടമയ്ക്ക് കണ്ണൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഉൾപ്പെടെ ഏഴു സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്ത് നഷ്ടപരിഹാരം നല്കാൻ തലശേരി ലാൻഡ് അക്വിസിഷൻ കോടതിയുടെ ഉത്തരവ്.
കൊട്ടിയൂർ നെല്ലിയോടി സ്വദേശി കെ.വി. സെബാസ്റ്റ്യൻ നല്കിയ എക്സിക്യൂഷൻ പരാതിലാണ് കോടതിയുടെ ഉത്തരവ്.
കൊട്ടിയൂർ നെല്ലിയോടിയിൽ അറുപതോളം കുടുംബങ്ങളുടെ 32 ഹെക്ടർ ഭൂമിയാണ് ആനത്താര പദ്ധതിക്കായി 2012ൽ നാമമാത്ര നഷ്ടപരിഹാരം നല്കി ഏറ്റെടുക്കുന്നത്. ഇതിനെതിരേ ഭൂവുടമകൾ തലശേരി എൽഎആർ കോടതിയിൽ കേസ് ഫയൽ ചെയ്തു. 2018ൽ നഷ്ടപരിഹാരത്തുക വർധിപ്പിച്ച് കോടതി ഉത്തരവായി.
തലശേരി സബ് കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ നല്കി. ഭൂവുടമകളും കേസിൽ കക്ഷി ചേർന്നു. സർക്കാരിന്റെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി സബ് കോടതി വർധിപ്പിച്ച തുകയേക്കാൾ കൂടുതൽ തുക നഷ്ടപരിഹാരമായി നിശ്ചയിച്ചുകൊണ്ട് സർക്കാർ അപ്പീൽ തള്ളി. രണ്ടു മാസത്തിനുള്ളിൽ സ്ഥലം ഉടമകൾക്ക് പണം അനുവദിക്കണമെന്നായിരുന്നു ഉത്തരവ്.
ഒന്നര വർഷമായിട്ടും നഷ്ടപരിഹാരത്തുക അനുവദിക്കാഞ്ഞതിനെത്തുടർന്നാണ് സ്ഥലം ഉടമയായ കെ.വി. സെബാസ്റ്റ്യൻ, അഡ്വ. ജോസ് കുമ്പുക്കൽ മുഖേന തലശേരി ലാൻഡ് അക്വിസിഷൻ കോടതിയിൽ എക്സിക്യൂഷൻ ഹർജി നൽകിയത്.
ഈ ഹർജി അനുവദിച്ചുകൊണ്ടാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഉൾപ്പെടെ ജപ്തിചെയ്ത് ലേലം ചെയ്തു വിറ്റ് ഹർജിക്കാരന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഉത്തരവായിരിക്കുന്നത്.
Editorial
മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുൾപ്പെടെ എടുത്തുമാറ്റിയ ഓർമച്ചിപ്പുകളെ ആനന്ദത്തിനും ഗെയിമുകൾക്കും ഒളിഞ്ഞുനോട്ടത്തിനും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സിനിമയാണ് ‘മസ്തിഷ്കമരണം’. അതിനെ ഓർമിപ്പിക്കുന്നവിധം, നിർമിതബുദ്ധിയിൽ നിന്നെടുത്ത വിവരങ്ങൾ കോടതിയുത്തരവിന് ഉപയോഗിച്ച ആപത്കരമായ സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
നിർമിതബുദ്ധി നൽകിയ വ്യാജ റഫറൻസ് കേസുകളുദ്ധരിച്ച് ആന്ധ്രയിലെ ഒരു വിചാരണക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അതു കണ്ടെത്തിയെങ്കിലും കേസിൽ അപാകമില്ലെന്നു കണ്ട് വിധി അംഗീകരിച്ചു. അപ്പീൽ സുപ്രീംകോടതിയിലെത്തി.
വിധി ശരിയാണെങ്കിൽപോലും വിചാരണക്കോടതിയുടെ നടപടി തെറ്റാണെന്നു കണ്ട സുപ്രീംകോടതി ഇനിയിത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളിലേക്കു കടന്നിരിക്കുകയാണ്. സിനിമയിലോ ആശുപത്രിയിലോ അല്ലാത്തൊരു മസ്തിഷ്കമരണത്തെ നാം അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു.
ആന്ധ്ര, വിജയവാഡയിലെ ഒരു വിചാരണക്കോടതിയിലാണ് സംഭവം. ഒരു വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിൽ, അഡ്വക്കറ്റ് കമ്മീഷണറെ നിയോഗിച്ചിരുന്നു. കമ്മീഷണറുടെ റിപ്പോർട്ടിനെതിരേയുള്ള ഹർജിക്കാരുടെ പരാതികൾ തള്ളിക്കൊണ്ട് വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
പക്ഷേ, ആ ഉത്തരവിന് ആധാരമായി കോടതി ഉദ്ധരിച്ച ചില മുൻകാല വിധികൾ യഥാർഥത്തിൽ ഉള്ളതായിരുന്നില്ല. നിർമിതബുദ്ധിയെ വിശ്വസിച്ച് റഫറൻസ് എടുത്തപ്പോൾ ഉണ്ടായ പിഴവായിരുന്നു. ഇതിനെതിരേ ഹർജിക്കാർ കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, റഫറൻസായി വിചാരണക്കോടതി ഉപയോഗിച്ച വിധികൾ യഥാർഥത്തിൽ ഉള്ളതല്ലെന്നു കണ്ടെത്തി.
പക്ഷേ, റഫറൻസിൽ പിഴവുണ്ടായെങ്കിലും ഉത്തരവിലെ നിയമപരമായ നിരീക്ഷണം ശരിയാണെന്നു കണ്ടെത്തിയ ഹൈക്കോടതി ഹർജി തള്ളി. അതേസമയം, മനുഷ്യബുദ്ധിയെയോ ജുഡീഷൽ യുക്തിയെയോ മാറ്റി സ്ഥാപിക്കാൻ എഐക്കു കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നിർമിതബുദ്ധിയേക്കാൾ വിശ്വസനീയമായ ആധികാരിക രേഖകളെ ആശ്രയിക്കണമെന്നും അല്ലെങ്കിൽ ജനങ്ങൾക്കു കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, വിഷയം സുപ്രീംകോടതിയിലെത്തി.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫെബ്രുവരി 27ന് കേസിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ്. നിലവിലില്ലാത്തതോ കെട്ടിച്ചമച്ചതോ ആയ വിധിന്യായങ്ങളെ ആശ്രയിക്കുന്നത് വെറും പിഴവായി കണക്കാക്കില്ലെന്നും, മറിച്ച്, അത് തെറ്റായ പെരുമാറ്റത്തിനു തുല്യമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി.
ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മമായ പരിശോധന ആവശ്യമാണെന്നു പറഞ്ഞ സുപ്രീംകോടതി, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർക്കും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ചു. കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനെ ബെഞ്ച് നിയമിച്ചിട്ടുമുണ്ട്.
ഫെബ്രുവരി 17ന്, ‘ദയയും മനുഷ്യരാശിയും’ എന്ന തലക്കെട്ടിൽ, നിലവിലില്ലാത്ത ഒരു വിധിന്യായം ഉദ്ധരിക്കപ്പെട്ടതിനെത്തുടർന്ന്, അഭിഭാഷകർ ഹർജി തയാറാക്കുന്നതിൽ ഉൾപ്പെടെ എഐ ഉപയോഗിക്കുന്ന തെറ്റായ പ്രവണതയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കോടതികളിലെ അഴിമതിയെക്കുറിച്ചുള്ള പാഠം എൻസിഇആർടി സിലബസിൽനിന്നു നീക്കിയ സുപ്രീംകോടതി നീക്കത്തിനു പിന്നാലെയാണ് വക്കീലന്മാരും ന്യായാധിപരും നിർമിതബുദ്ധിയുടെ തെറ്റായ കണ്ടെത്തലുകളെ ആശ്രയിച്ച് ജോലി എളുപ്പമാക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. നിർമിതബുദ്ധി ഭാവിയിൽ ആപത്താകുമോ എന്ന ചർച്ചയിലാണ് ലോകം.
പക്ഷേ, നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നവർ ഇപ്പോൾതന്നെ ആപത്തായി മാറുന്ന കാഴ്ചകളാണു പുറത്തുവരുന്നത്. വിദ്യാർഥികളും അധ്യാപകരും മുതൽ ബാങ്കിംഗ് സ്ഥാപനങ്ങളും സർക്കാരും വരെ നിർമിതബുദ്ധിയെ ആശ്രയിക്കുന്നുണ്ട്.
കെടുതികൾ അറിയാനിരിക്കുന്നതേയുള്ളൂ. അതിൽ ഏറ്റവും ആപത്കരമാണ് ഈ കുറുക്കുവഴിയെ നീതിന്യായ സംവിധാനങ്ങൾ ആശ്രയിക്കുന്നത്. പിന്നെ നീതിയുമില്ല, ന്യായവുമില്ല. എഐയെ അന്ധമായി വിശ്വസിക്കരുത്. നിർമിതബുദ്ധിയെ ഉപയോഗിക്കുന്ന വക്കീലന്മാരും ന്യായാധിപരും അതുതന്നെ വിശ്വസിക്കുന്നവരുടെ ജീവിതത്തെയോ നിയമസംവിധാനത്തിന്റെ വിശ്വാസ്യതയെയോ ബാധിക്കുന്നതാണെന്നു തിരിച്ചറിയണം.
എഐ ഉപയോഗിച്ച് തീരുമാനങ്ങളിലെത്താനാണെങ്കിൽ ലക്ഷക്കണക്കിനു കേസുകൾ കെട്ടിക്കിടക്കുന്ന രാജ്യത്ത് അതിനായി ഒരു എഐ കോടതി സ്ഥാപിച്ചാൽ മതിയല്ലോ. വർഷങ്ങൾ നീണ്ട വിചാരണകളും ആവശ്യമില്ല. പക്ഷേ, മനുഷ്യനു നീതി കൊടുക്കാൻ നിർമിതബുദ്ധിയുടെ യാന്ത്രികത മതിയെന്നു തെളിഞ്ഞിട്ടില്ല.
നാളത്തെ സൂപ്പർ കംപ്യൂട്ടറുകൾ അതു ചെയ്യുമെങ്കിൽ അന്നത്തെ തലമുറ അതേക്കുറിച്ചു തീരുമാനിക്കട്ടെ. എല്ലാറ്റിലുമുപരി, സ്ഥിരമായി എഐയെ ആശ്രയിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നവർ സ്വന്തം ബുദ്ധിയുടെ ഉപയോഗവും നിരീക്ഷണപാടവവും ക്ഷയിക്കുന്നതും തിരിച്ചറിയണം.
2046ൽ നടക്കാനിടയുള്ള കഥയാണ് ‘ഒരു മസ്തിഷ്കമരണം’. പക്ഷേ, നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നവർ സ്വന്തം മസ്തിഷ്കത്തെ മരണത്തിനു വിട്ടുകൊടുക്കുകയാണ്. ഇതു ഭാവിയെക്കുറിച്ചല്ല, വർത്തമാനത്തെക്കുറിച്ചാണ്.
Kerala
കൊച്ചി: എന്‍ഫോഴ്സ്മെന്റ് (ഇഡി) ഡയറക്ടറേറ്റ് കണ്ടുകെട്ടിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ 65.07 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റഴിച്ചു തട്ടിപ്പിന് ഇരയായ നിക്ഷേപകർക്കു വിതരണം ചെയ്യാന്‍ കൊച്ചിയിലെ കള്ളപ്പണ നിരോധന നിയമ (പിഎംഎല്‍എ) കോടതി അനുമതി നല്കി. സ്വത്തുക്കള്‍ വിറ്റഴിച്ച് വഞ്ചിതരായ നിക്ഷേപകര്‍ക്കു നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശം പരിഗണിച്ച പിഎംഎല്‍എ കോടതിയില്‍ നടപടിക്ക് എതിര്‍പ്പില്ലെന്ന് ഇഡി അറിയിച്ചു. പത്തനംതിട്ട ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡ് ഉടമകളുടെ സ്വത്തുക്കള്‍ 2021ലാണ് കണ്ടുകെട്ടിയത്.
മുന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, മകളും മുന്‍ ഡയറക്ടറുമായ റിനു മറിയം തോമസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
33.20 കോടി രൂപയുടെ നിക്ഷേപങ്ങളും 31.87 കോടിയുടെ ഭൂസ്വത്തുക്കളുമാണ് കണ്ടുകെട്ടിയിട്ടുള്ളത്.
ഇവ സംസ്ഥാനസര്‍ക്കാരിനായി ചീഫ് സെക്രട്ടറിയെ പ്രതിനിധീകരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ക്കു കൈമാറും. ബാനിംഗ് ഒഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ്സ് (ബഡ്സ് ) ആക്ട് 2019 പ്രകാരമാണ് സ്വത്തുക്കള്‍ വിറ്റഴിച്ച് അര്‍ഹരായ നിക്ഷേപകര്‍ക്ക് കൈമാറുക.
Kerala
കൊച്ചി: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി അനര്‍ട്ടിലെ താത്കാലിക നിയമനങ്ങള്‍ നടത്താവൂവെന്ന് ഹൈക്കോടതി.
ചട്ടങ്ങള്‍ മറികടന്ന് അനര്‍ട്ടില്‍ നിയമനം നടത്തുന്നതായി ചൂണ്ടിക്കാട്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിര്‍ദേശം. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
Kerala
പയ്യന്നൂർ: കുട്ടികളെ രണ്ടുപേരെയും അമ്മയ്ക്കൊപ്പം വിടാൻ കോടതി വിധി വന്നതോടെ വീട്ടിൽ കൂട്ടആത്മഹത്യ. പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയെന്ന് സൂചന.
രാമന്തളി വടക്കുമ്പാട് കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് ആരു പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കുമ്പോഴാണ് വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കാണുന്നത്. ഇതോടെ ഉണ്ണികൃഷ്ണൻ കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുയി കണ്ടെത്തിയത്. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി വന്നത്. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നത്.
Kerala
തിരുവനന്തപുരം: കുടിവെള്ളക്ഷാമംകൊണ്ടു നട്ടംതിരിയുന്ന പാലക്കാട് ഏലപ്പുള്ളിയിൽ സർക്കാർ അനുവദിച്ച ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല.
കേരളത്തെ മുഴുവൻ മദ്യലോബിക്കു തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായി ബ്രൂവറികൾക്കും ഡിസ്റ്റലറികൾക്കും അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരേ താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടുവെന്നതിൽ അളവറ്റ സന്തോഷമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വൻ കൊള്ളയും അഴിമതിയും ആണ് ഇതിൽ നടന്നത്. ഒരു നിമിഷം പോലും കളയാതെ സർക്കാർ പിന്മാറണം. കുടിവെള്ളം കിട്ടാതെ നട്ടം തിരിയുന്ന കർഷകരുടെയും സാധാരണക്കാരെയും അവഗണിച്ച് ഇനിയും അവിടെ ബ്രൂവറി അനുവദിക്കാൻ ശ്രമം നടത്തിയാൽ ജനങ്ങൾ ഒരുമിച്ചു നിന്ന് അതിനെ എതിർക്കുമെന്നും ആ പ്രക്ഷോഭത്തിന്റെ മുൻപന്തിയിൽ താനുണ്ടാവുമെന്നും ചെന്നിത്തല വ്യക്തമാക്ക
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി കേൾക്കാൻ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് കോടതിയിലെത്തി.
സഹോദരന് അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് തുടങ്ങിയവരും നടനും രണ്ട് കാറുകളിലായാണ് അഭിഭാഷകൻ ബി. രാമൻപിള്ളയുമായി ചർച്ച നടത്തിയതിന് ശേഷം കോടതിയിൽ എത്തിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പറയുന്നത്. കോടതി നടപടികൾ 11ന് ആരംഭിക്കും.
അതേസമയം, അതിജീവിത കോടതിയിൽ എത്തില്ല. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയും അമ്മയും കോടതിയിൽ എത്തിയിട്ടുണ്ട്.
ദിലീപ് ഉൾപ്പടെയുള്ള കേസിലെ 10 പ്രതികളും കോടതിയിൽ എത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നും എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക റ്റി.ബി. മിനി മാധ്യമങ്ങളോടു പ്രതികരിച്ചു.
National
ഭുവനേശ്വർ: ഒഡിഷയിൽ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ 91 മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ ശന്പളമാണ് തടഞ്ഞുവച്ചത്.
കട്ടക്ക് ജില്ലയിലാണ് സംഭവം. ജില്ലാ റൂറൽ പോലീസ് മേധാവി, സബ് കളക്ടർമാർ, ബിഡിഒമാർ, തഹസിൽദാർമാർ, ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ, കട്ടക്ക് ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാൻ എന്നിവരുടേത് ഉൾപ്പെടെ ശന്പളമാണ് തടഞ്ഞുവച്ചത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ജനസുനാനി പോർട്ടൽ വഴി മുഖ്യമന്ത്രിക്ക് പൊതുജനങ്ങൾ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത്.
ജില്ലാ കളക്ടറുടെ ഉത്തരവ് വരുന്നത് വരെ നവംബർ മാസത്തെ ശമ്പളം ഉദ്യോഗസ്ഥർക്ക് ലഭിക്കില്ല. നിരവധി തവണ പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടും അവലോകന യോഗങ്ങളിലടക്കം മുന്നറിയിപ്പ് നൽകിയിട്ടും ഉദ്യോഗസ്ഥർ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു.
Kerala
കൊച്ചി: മുനമ്പത്തു വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. മുനമ്പം സമരസമിതി, പ്രദേശവാസികൾ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് വ്യവസ്ഥകളോടെ കരമൊടുക്കാമെന്ന ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. കരം സ്വീകരിക്കാൻ തയാറെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
2022 വരെ മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചിരുന്നു. എന്നാൽ, ഇതിനെതിരെ 2022ൽ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് തേടി. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്കു പോലും ബാങ്കിൽ വായ്പ എടുക്കാൻ ആകാത്ത രീതിയിൽ മുനമ്പം വാസികളുടെ സാമ്പത്തിക ഇടപാടുകൾ മരവിച്ചിരുന്നു. ഇതിനെതിരെ ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ച കുടുംബങ്ങളും സമരസമിതിയും പ്രദേശവാസികളും നൽകിയ ഹർജികൾ ഒരുമിച്ചാണ് ഹൈക്കോടതി ഇന്നു പരിഗണിച്ചത്.
Kerala
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി. ആറ് ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്.
ഫോർട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു.
നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസിൽ പരാതി നൽകിയത്.
ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.