Kerala
തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമന പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പിഎസ്സിക്ക് കത്ത് നൽകി.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നേരിട്ട് പിഎസ്സി ആസ്ഥാനത്തെത്തിയാണ് ചെയർമാന് കത്ത് കൈമാറിയത്. വിവാദത്തിന് വഴിവെച്ച ആസൂത്രണ ബോർഡ് നിയമന പരീക്ഷയുടെ ചോദ്യവലി, ഉത്തരസൂചിക, പരീക്ഷയ്ക്കായി അപേക്ഷ നൽകിയ ഉദ്യോഗാർഥികളുടെ പേരുവിവരങ്ങൾ എന്നിവയടക്കം അടിയന്തരമായി ലഭ്യമാക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം.
ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്നത്. നിലവിൽ പ്രാഥമിക അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമായാൽ മാത്രമായിരിക്കും കേസെടുത്ത് വിശദമായ അന്വേഷണത്തിലേക്ക് കടക്കുക.
തുടർന്ന് അന്വേഷണ റിപ്പോർട്ട് സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കും. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമേ, പിഎസ്സി സ്വന്തം നിലയിൽ പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന മുൻ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. സംഭവത്തിൽ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്തണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് ഈ ശബ്ദസംഭാഷണം നേരത്തെ പുറത്തുവിട്ടത്. ഡാമുകൾ തുറക്കാൻ വൈകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ശബ്ദരേഖയിലുള്ളതെന്ന തരത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു.
അതേസമയം പ്രചരിക്കുന്ന ശബ്ദരേഖ പൂർണമായും വ്യാജമാണെന്നും കൃത്രിമമായി നിർമിച്ചതാണെന്നും കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ശബ്ദരേഖയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് ക്രൈംബ്രാഞ്ച് നീക്കം.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു മാസമായി ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ഡോ.എം.കെ. റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഇപ്പോഴും ആന്ധ്രയിൽ. കേസ് അന്വേഷിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇപ്പോൾ ആന്ധ്രയിലുള്ളത്.
നേരത്തേ സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആന്ധ്രയിൽ അന്വേഷണം നടത്തിയെങ്കിലും ഡോ. റാം മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ അന്വേഷണസംഘത്തിലെ രണ്ടു പേർ ഒഴികെയുള്ളവർ കേരളത്തിലേക്കു മടങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്.
അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമുൾപ്പെടെയുള്ള അധ്യാപകരുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻരാജ് ജീവനൊടുക്കിയതെന്നാണ് ആരോപണം. അനാട്ടമി വിഭാഗം മേധാവി ഡോ. റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു. ഡോ. റാമിനു പുറമേ അധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്.
സംഗീതയ്ക്ക് ഏപ്രില്‍ 25ന് തലശേരി നാലാം അഡീഷണല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഒന്നാം പ്രതിയായ റാമിന്റെ ഹർജി പരിഗണിച്ച കോടതി കേസില്‍ ജാതീയമായ അധിക്ഷേപം നടന്നതായി നിരീക്ഷിക്കുകയും ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.
ഹൈക്കോടതിയും മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ഡോ. റാം സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ മുൻകൂർ ജാമ്യം ലഭിച്ച ഡോ. സംഗീത ഇപ്പോൾ കോടതി നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്‍പാകെ ഹാജരാകുന്നുണ്ട്.
Kerala
തിരുവനന്തപുരം : പിഎസ്സി നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി യോഗം തീരുമാനിച്ചു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ കൈമാറും. സർക്കാരുമായി ഏറ്റുമുട്ടാൻ ഇല്ലെന്നും പിഎസ്സി യുടെ വിശ്വാസതയാണ് പ്രധാനമെന്നുമാണ് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടത്.
Kerala
കൊച്ചി: മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഹരിപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടിയന്തരമായി ക്രൈംബ്രാഞ്ചിന് കൈമാറാൻ മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയത്.
തലക്കേറ്റ അതിശക്തമായ അടിയാണ് സാവരിയയുടെ മരണകാരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചു. നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കാലു മുതൽ തല വരെ ശരീരമാസകലം ചതവുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഉസ്ബക്കിസ്ഥാനിൽ വെച്ച് നടന്ന കുറ്റകൃത്യമായതിനാൽ നിലവിൽ ഇന്ത്യൻ ഏജൻസികൾക്ക് അവിടെ നേരിട്ട് അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ട്. എന്നാൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് സാവരിയയുടെ മരണത്തിൽ കേസെടുത്തിരുന്നു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് പോലീസ് കേസ് ചുമത്തിയിട്ടുള്ളത്. സദറുൽ അനാം സാവരിയയെ മതം മാറാൻ നിർബന്ധിച്ചിരുന്നെന്ന പരാതിയടക്കം ക്രൈംബ്രാഞ്ച് സംഘം വിശദമായി അന്വേഷിക്കും.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ഐജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും.
അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ വിവാദമായ പരീക്ഷകളുടെ വിശദമായ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് കത്ത് നൽകും. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളാവും പ്രത്യേക സംഘം ആദ്യം പരിശോധിക്കുക. ഇതിന്റെ ഭാഗമായി ആസൂത്രണ ബോർഡ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കും.
നേരത്തെ പിഎസ്സി. ആഭ്യന്തര വിജിലൻസിന് പരാതി നൽകിയ ഉദ്യോഗാർത്ഥികളുടെ മൊഴിയും സംഘം രേഖപ്പെടുത്തും. നിലവിൽ പിഎസ്സി. രജിസ്റ്റർ ചെയ്ത ആഭ്യന്തര വിജിലൻസ് അന്വേഷണവും ഇതിനൊപ്പം മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ ക്രൈംബ്രാഞ്ച് കണ്ടെത്തുന്ന വിവരങ്ങളോടും തുടർനടപടികളോടും പിഎസ്സി സ്വീകരിക്കുന്ന നിലപാട് ഈ കേസിൽ നിർണായകമാണ്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്.
അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി തുടർ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവ്.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. പിഎസ്സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും. പിഎസ്സി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങൾ തേടും. ഉദ്യോഗാർഥികൾ വിജിലൻസിന് നൽകിയ പരാതിയിലും അന്വേഷണത്തിന് സാധ്യതയുണ്ട്.
Kerala
വടകര: കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. കേസിലെ ഒന്നാം പ്രതിയും സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായ റെനീഷ് ആണ് പിടിയിലായത്. കോട്ടയം പാലായിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് റെനീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ കോഴിക്കോട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് സഹകരണ വകുപ്പ് 2025 ഡിസംബർ എട്ടിന് വടകര പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസിൽ സൊസൈറ്റി മുൻ പ്രസിഡന്റും സെക്രട്ടറിയുമായ സുധീർകുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റി സെക്രട്ടറി പ്രീനയാണ് കേസിലെ രണ്ടാം പ്രതി.