Kerala
തൃശൂര്: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചുരുക്കം ചില നിയന്ത്രണങ്ങൾ വേണ്ടിവരുന്നു എന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയിൽ കമ്പനികളുടെയും യോഗം വിളിച്ചു. പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണം മാത്രമാണ്.അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്.വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ആവശ്യത്തിന് സിലിണ്ടർ കിട്ടിയില്ലെങ്കിൽ വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ നൽകുന്ന മുന്നറിയിപ്പ്.
Kerala
കൊച്ചി: കൊച്ചിയില് ഗ്യാസ് ഏജന്സി മാനേജര്ക്ക് നേരെ ആക്രമണം. മുണ്ടംവേലിയിലെ സൂപ്പര് ഫ്ളെയിംസ് ഭാരത് ഗ്യാസ് ഏജന്സിയിലെ മാനേജര് രാജേഷിന് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്.
മാനേജര്ക്ക് നേരെ കത്തി വീശി എത്തിയ ഡെന്നിസ് അറയ്ക്കല് എന്ന പ്രതിയെ ഏജന്സി ജീവനക്കാര് തടഞ്ഞു. ഇന്ന് രാവിലെ 9.50 ഓടെയാണ് സംഭവം. സംഭവത്തിൽ മാനേജര് രാജേഷ് തോപ്പുംപടി പോലീസില് പരാതി നല്കി.
പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിലിണ്ടര് വിതരണം പൂര്ണമായും നിര്ത്തി ഏജന്സി തൊഴിലാളികള് പ്രതിഷേധിച്ചു.
ഇതാദ്യമായല്ല ഡെന്നിസ് ഗ്യാസ് ഏജന്സിയിലുള്ളവരെ ആക്രമിക്കുന്നത്. മാസങ്ങള്ക്ക് മുമ്പ് ഏജന്സിയിലെ ഡെലിവറി ബോയ്യെ ഇയാള് ആക്രമിച്ചിരുന്നു. എന്നാല് ഇയാള്ക്ക് മാനസികസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടര്ന്ന് കേസ് നല്കിയിരുന്നില്ല.
Kerala
കൊച്ചി: എറണാകുളത്ത് ഗാര്ഹിക സിലിണ്ടര് ഉപഭോക്താക്കള് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടര് ജി. പ്രിയങ്ക. പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില് ഓയില് കമ്പനി, ഗ്യാസ് ഏജന്സി പ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് ചേര്ന്ന അവലോകന യോഗത്തിനുശേഷമാണ് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഗാര്ഹിക സിലിണ്ടര് ഉപഭോക്താക്കള് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സിംഗിള് സിലിണ്ടര് ഉപഭോക്താക്കള്ക്ക് പ്രഥമ പരിഗണന നല്കും. ഉപഭോക്താക്കള് പരിഭ്രന്തരായി ഗോഡൗണിലേക്ക് പോകണ്ട സാഹചര്യമില്ല. നിത്യേന ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില് വര്ധനവ് ഉണ്ടായിട്ടുണ്ട്.
ഒരു ദിവസം 7000 സിലിണ്ടറുകളാണ് ബുക്ക് ചെയ്തു പോകാറുള്ളത്. എന്നാല് സിലിണ്ടര് പ്രതിസന്ധിയുണ്ടെന്ന ആശങ്കയെ തുടര്ന്ന് അത് 12,000 ആയി കൂടി. ഗ്യാസ് ഏജന്സികള് 25 ശതമാനത്തോളം വിതരണം വര്ധിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര് വ്യക്തമാക്കി.
അതേസമയം, വാണിജ്യ സിലിണ്ടര് ക്ഷാമത്തെ തുടര്ന്ന് കൊച്ചിയില് 70 ശതമാനത്തോളം ഹോട്ടലുകള് അടച്ചുപൂട്ടി. സമൃദ്ധി അടക്കം ചില ഹോട്ടലുകളില് വിറകടുപ്പില് പാചകം ചെയ്യാന് ആരംഭിച്ചിട്ടുണ്ട്. എങ്കിലും മെനു ചെറുതാക്കി അധികം വിഭവങ്ങള് ഇല്ലാതെയാണ് ഹോട്ടലുകളുടെ പ്രവര്ത്തനം.
National
ലക്നൗ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽപിജി ക്ഷാമം രൂക്ഷമായതോടെ പഞ്ചാബിലെ ബർണാല ജില്ലയിൽ ഏജൻസിക്കു മുന്നിൽ ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരൻ കുഴഞ്ഞുവീണു മരിച്ചു. ഭൂഷന് കുമാർ മിത്തലാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അതിരാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ 66 കാരൻ എട്ടു മുതൽ ക്യൂവിൽ നിൽക്കുകയായിരുന്നു. രാവിലെ 10 ഓടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ ഭൂഷന് മരിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമാകുന്ന പാചകവാതക പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, എം.ബി.രാജേഷ് പൊതുമേഖല എണ്ണക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തു പലയിടത്തും പാചകവാതക ക്ഷാമം മൂലം ഹോട്ടലുകൾ ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൂഴ്ത്തിവയ്പ് തടയാനും ഗ്യാസ് വിതരണം സുഗമമാക്കാനും സ്വീകരിക്കേണ്ട നടപടികളാണ് യോഗം ചർച്ച ചെയ്തത്. പാചകവാതക ക്ഷാമം ട്രെയിനുകളിലെ ഭക്ഷണ വിതരണത്തെ ബാധിക്കില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്നു റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
മിക്ക ട്രെയിനുകളിലും സുരക്ഷയുടെ ഭാഗമായി മുമ്പു തന്നെ പാചകവാതകം ഒഴിവാക്കി ഇൻഡക്ഷൻ സ്റ്റൗ, ഹോട്ട് പ്ലേറ്റുകൾ, ഓവൻ, നോ ഫ്ളെയിം കുക്കിംഗ് എന്നീ സംവിധാനങ്ങളിലേക്കു മാറിയിരുന്നു. പഴയ കുറച്ചു ട്രെയിനുകളിൽ മാത്രമാണു ഇപ്പോഴും പാചകവാതകം ഉപയോഗിക്കുന്നതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
ബേസ് കിച്ചണുകളിൽ പലയിടത്തും ബദൽ മാർഗങ്ങൾക്കൊപ്പം പാചകവാതകവും ഉപയോഗിക്കുന്നുണ്ട്. ഭക്ഷണവിതരണത്തില് പ്രശ്നങ്ങള് ഉണ്ടാകരുതെന്നു കാട്ടി ഐആര്സിടിസി എല്ലാ ലൈസന്സികള്ക്കും കത്ത് നൽകിയിരുന്നു.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 16 പേർ മരിച്ചു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തെ സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന ബഹുനില പാർപ്പിടസമുച്ചയത്തിലായിരുന്നു സംഭവം.
എല്ലാവരും റംസാനിലെ ആദ്യദിനം നോന്പാരംഭത്തിനു മുന്പായുള്ള ഭക്ഷണം തയാറാക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു. അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിയതായി സംശയിക്കുന്നു.
കഴിഞ്ഞ മാസം കറാച്ചിയിലെ മാളിലുണ്ടായ വൻ തീപിടിത്തത്തിൽ 70 പേർ മരിച്ചിരുന്നു.
National
ന്യൂഡൽഹി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ന്യൂഡൽഹിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിലാകട്ടെ 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് വില.
അതേസമയം കോൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി. ഡിസംബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില നേരിയ തോതിൽ കുറച്ചിരുന്നു.
ഡൽഹിയിലും കോൽക്കത്തയിലും 10 രൂപ കുറച്ചപ്പോൾ മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വില വർധന വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.
വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്.
Kerala
വൈക്കം: ലോറിയിൽ കൊണ്ടുപോകുന്നതിനിടയിൽ കംപ്രസ്ഡ് പ്രകൃതി വാതകം (സിഎൻജി) ചോർന്നു. വാഹന ഡ്രൈവർ മോഹൻരാജ് ചോർന്ന സിലിണ്ടർ എംസീൽ ഉപയോഗിച്ച് അടച്ച് അപകട സാഹചര്യമൊഴിവാക്കി. വൈക്കം ഉല്ലലയിൽ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
വൈക്കത്തുനിന്നു അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം തടസപ്പെടുത്തിയ ശേഷം സിലിണ്ടർ കയറ്റിയ വാഹനം റോഡരികിലെ തണലുള്ള ഭാഗത്തേക്ക് നീക്കിയിട്ടു.
ചേർത്തലയിൽനിന്നു തലയോലപ്പറമ്പിലേക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുകയായിരുന്നു. ചേർത്തലയിൽനിന്ന് ടെക്നീഷ്യർമാരെത്തി തകരാർ പരിഹരിച്ച് അപകട സ്ഥിതി ഒഴിവാക്കിയെന്ന് അധികൃതർ അറിയിച്ചു.