ന്യൂഡൽഹി: ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയിൽ വിൽക്കുന്നതിനുമെതിരെ കർശന നടപടിയാണ് തങ്ങൾ സ്വീകരിക്കുന്നതെന്നു പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. മാർച്ചിൽ മാത്രം 50,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. വീഴ്ച വരുത്തിയ 1,400 വിതരണക്കാർക്ക് നോട്ടീസ് നൽകുകയും 36 ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പാചകവാതക വിതരണത്തിൽ മുൻഗണന നൽകുന്നത്.
വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിതരണം 70 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വീടുകൾക്കും ഗതാഗത മേഖലയ്ക്കും ആവശ്യമായ പ്രകൃതി വാതക വിതരണം തടസമില്ലാതെ തുടരുന്നു. വളം നിർമാണ ശാലകൾക്കുള്ള വിതരണം ഏപ്രിൽ 6 മുതൽ 90 ശതമാനമായി ഉയർത്തും.
രാജ്യത്തെ എല്ലാ റിഫൈനറികളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോൾ പമ്പുകളിൽ മതിയായ സ്റ്റോക്ക് ഉണ്ടെന്നും സർക്കാർ അറിയിച്ചു. അതിനാൽ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.