Business
ന്യുഡൽഹി: രാജ്യം പ്രതിരോധ ഉത്പാദനരംഗത്തു ചരിത്രപരമായ നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം സർവകാല റിക്കാർഡായ 1.78 ലക്ഷം കോടി രൂപയിൽ എത്തിനിൽക്കുകയാണ്. മുൻ സാന്പത്തിക വർഷത്തെ 1.54 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ 15.6 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജ്യം ഈ രംഗത്ത് കൈവരിച്ച അതിവേഗ മുന്നേറ്റത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവിച്ചു. പ്രതിരോധ ഉത്പാദന വകുപ്പിന്റെയും മറ്റ് അനുബന്ധ പങ്കാളികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിത്തറ ശക്തമാകുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയപരമായ പിന്തുണ, പുതിയ സംരംഭങ്ങൾ, സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തം, വളർന്നുവരുന്ന കയറ്റുമതിശേഷി എന്നിവയുടെ ഫലമായി പ്രതിരോധ ഉത്പാദന മേഖല വരുംവർഷങ്ങളിൽ കൂടുതൽ വേഗം കൈവരിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
2020-21 സാന്പത്തിക വർഷത്തിൽ 84,643 കോടി രൂപയായിരുന്ന പ്രതിരോധ ഉത്പാദനം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ 110 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 കാലഘട്ടത്തിലെ 43,746 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ആഭ്യന്തര പ്രതിരോധ ഉത്പാദനം ഏകദേശം നാലിരട്ടിയോളം വർധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ആകെ ഉത്പാദനത്തിന്റെ 76 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭാവനയാണ്. അതേസമയം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം മുൻവർഷത്തെ 22 ശതമാനത്തിൽനിന്നു 24 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽനിന്നുള്ള ഉത്പാദനം ചരിത്രത്തിലാദ്യമായി 42,000 കോടി രൂപ പിന്നിട്ടത് ഈ രംഗത്തെ സ്വകാര്യ പങ്കാളിത്തത്തിന്റെ വളർച്ച അടിവരയിടുന്നു.
പ്രതിരോധ ഉത്പാദനരംഗത്തുണ്ടായ ഈ വൻ മുന്നേറ്റം രാജ്യത്തിന്റെ കയറ്റുമതി മേഖലയ്ക്കു വൻ ഉത്തേജനമാണ് നൽകിയത്. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്.
International
സിയൂൾ: ദക്ഷിണ കൊറിയയിലെ പ്രമുഖ പ്രതിരോധ-വ്യോമയാന കമ്പനിയായ ഹൻവ എയറോസ്പേസിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം.
അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10.59ഓടെ തലസ്ഥാനമായ സോളിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഡേജിയോൺ നഗരത്തിലെ പ്ലാന്റിലാണ് അപകടം.
ഫാക്ടറിയിലെ റോക്കറ്റ് ഇന്ധനം ഉത്പാദിപ്പിക്കുന്ന വിഭാഗത്തിലാണു പൊട്ടിത്തെറിയുണ്ടായത്. റോക്കറ്റ് ഇന്ധനം നിർമിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ വെള്ളമുപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ, അതിൽ അവശേഷിക്കുന്ന സ്ഫോടകവസ്തുക്കൾക്കു തീപിടിച്ചതാകാം അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.
International
അമ്മാന്: പശ്ചിമേഷ്യയിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയാകെ ഏകോപിപ്പിക്കുന്ന അമേരിക്കയുടെ നിര്‍ണായകമായ താഡ് റഡാര്‍ സംവിധാനം ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോർട്ട്.
ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തിൽ ഏകദേശം 30 കോടി ഡോളര്‍ ചെലവിട്ടു സ്ഥാപിച്ച റഡാര്‍ സംവിധാനമാണു തകര്‍ത്തത്. റഡാര്‍ സംവിധാനത്തിന്റെ തകര്‍ച്ച ഗള്‍ഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈലുകളെ നേരിടുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഫെബ്രുവരി 28നും മാര്‍ച്ച് മൂന്നിനും ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിനു നേരേ ഇറാന്റെ ആക്രമണമുണ്ടായതായാണ് പറയപ്പെടുന്നത്.
ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള യുഎസിന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് താഡ് മിസൈല്‍ സംവിധാനം. അമേരിക്കയ്ക്ക് ലോകത്താകെ എട്ട് താഡ് മിസൈല്‍ പ്രതിരോധ സംവിധാനമാണുള്ളത്.
NRI
മനില: ആഗോള സുരക്ഷാ ആശങ്കകൾക്കിടയിൽ ലിത്വാനിയയും ഫിലിപ്പീൻസും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം വർധിപ്പിക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ചൈനയുടെ ദക്ഷിണ ചൈനാ കടലിലെ നിലപാടുകളും പോലുള്ള സംഭവവികാസങ്ങൾ ആഗോള തലത്തിൽ പ്രതിരോധ സഹകരണങ്ങളുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്.
കരാർ പ്രകാരം, സൈനിക പരിശീലനം, സാങ്കേതിക വിദ്യ കൈമാറ്റം, പ്രതിരോധ ശേഷി വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ സഹകരണം ഉണ്ടാകും. ഇത് ഇരു രാജ്യങ്ങൾക്കും അവരുടെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് സഹായകമാകും.