തുറവൂർ/കായംകുളം: തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന രണ്ട് യുവാക്കളെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. കടക്കരപ്പള്ളി വടക്കേ ഓരാഞ്ചുപറമ്പ് വിഷ്ണു (26), കായംകുളം പെരിങ്ങാല ദേശത്തിനകം ഷെഫീക് മൻസിലിൽ ഷെഫീക് (ഓതറ ഷെഫീക്-36) എന്നിവർക്കെതിരേയാണ് നടപടി.
പട്ടണക്കാട്, ചേർത്തല, കുത്തിയതോട് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പട്ടണക്കാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കി. ഇയാൾക്കെതിരേ മുൻപും കാപ്പ നിയമപ്രകാരം നടപടിയെടുത്തിട്ടുണ്ട്.
ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് അറസ്റ്റിലായ ഷെഫീകിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. 2024 ഓഗസ്റ്റിൽ ഇയാളെ കാപ്പ ചുമത്തി ആറുമാസം കരുതൽ തടങ്കലിലാക്കിയിരുന്നു.
പിന്നീട് ഓച്ചിറ സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി കേസിലും കായംകുളം സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതിയായതോടെയാണ് വീണ്ടും കാപ്പ ചുമത്തിയത്.