District News
ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ നഗരത്തെ ഭീതിയിലാക്കി നായകളിൽ ത്വക് രോഗം പടരുന്നു. രോമങ്ങൾ കൊഴിഞ്ഞു വ്രണങ്ങളോടെയാണ് തെരുനായകൾ അലഞ്ഞു നടക്കുന്നത്. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവുമുണ്ട് ഇവയ്ക്ക്. രോഗം ബാധിച്ചു നായകൾ ചാകാൻ തുടങ്ങിയതോടെയാണ് നഗരം ഭീതിയിലായത്. രോഗം ബാധിച്ച് ക്ഷീണിച്ച
നായകൾ നിർബാധം കറങ്ങി നടക്കുന്നുണ്ട്. ഇവ കുട്ടികളെ ഉൾപ്പടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
കുതിരപ്പന്തി, വട്ടയാൽ എന്നിവിടങ്ങളിലാണ് അസുഖം ബാധിച്ച നായ്ക്കൾ കൂടുതലായി വിഹരിക്കുന്നത്. രാത്രികളിൽ ബീച്ചടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
നഗരസഭ ചെയ്യേണ്ടത്
1.നായകൾക്കിടയിൽ ഇത്തരത്തിൽ രോഗം വരാനുള്ള കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പഠനം നടത്തണം.
2.രോഗം മനുഷ്യരിലേക്കു പകരുന്നതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. നായകൾ പലതും ചാവുന്നുണ്ട്. കുഷ്ഠരോഗം പിടിപെട്ടതുപോലെയാണ് നായകളുടെ ശരീരം.
3.നഗരത്തിൽ എബിസി പദ്ധതി ശക്തമാക്കണം. നായകൾക്കു വന്ധ്യംകരണം നടത്തി വാക്സിനേഷനും നൽകണം. ഇവ രണ്ടും 100 ശതമാനം പൂർത്തിയാക്കണം.
4.നഗരത്തിൽ പട്ടിക്കുട്ടികളെ കണ്ടെത്തി മൃഗസ്നേഹികളെ സഹകരിപ്പിച്ച് ആവശ്യക്കാർക്കു വീട്ടിൽ വളർത്താൻ ക്രമീകരണം ചെയ്യണം.
യോഗം ചേരണമെന്ന് ആവശ്യം
ആലപ്പുഴ നഗരസഭ പരിധിയിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യവും തെരുവുനായകളിൽ പടർന്നു പിടിക്കുന്ന രോമം പൊഴിഞ്ഞു വികൃതമാകലും ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരണമെന്നു നഗരസഭ കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
നായ്ക്കളിലെ ഗുരുതര പകർച്ചവ്യാധികൾ മനുഷ്യന്റെ ആരോഗ്യത്തെ ഏതു നിലയിൽ ബാധിക്കുമെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആവശ്യപ്പെട്ടു. നിലവിൽ വെറ്റിനറി ഓഫീസറുടെ അഭാവം ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനു തടസമാണ്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് ഇതു പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്താൻ കത്തു നൽകാൻ കൗൺസിൽ യോഗത്തിൽ വിഷ്ണു ആവശ്യപ്പെട്ടു.
Editorial
മനുഷ്യരെ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന വന്യജീവികളും തെരുവുനായ്ക്കളും പെറ്റുപെരുകുന്പോൾ ദയാവധം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വികസിത രാജ്യങ്ങളിലുൾപ്പെടെ ഇപ്പോഴും അതിനു മാറ്റമില്ല. പക്ഷേ, ഇന്ത്യയിലെ ഫൈവ് സ്റ്റാർ മൃഗസ്നേഹികളും അവയുടെ നാടൻ പതിപ്പുകളും ഇപ്പോൾ സമ്മതിക്കില്ല. പക്ഷേ, നിരുപദ്രവകാരികളായ ആടിനെയും കോഴിയെയുമൊക്കെ കൊന്ന് രുചിയോടെ അകത്താക്കുന്നുമുണ്ട്. ഈ കാപട്യത്തിനു വാലാട്ടി നിൽക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. നായവന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയും പരാജയമായി.
വിഷയം സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. വിധിയെക്കുറിച്ച് പ്രവചിക്കാനാകില്ലെങ്കിലും ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടായിരിക്കുന്നു. കോടതിയുടെ പരാമർശങ്ങൾക്കെതിരേ ചാടിവീണ മേനക ഗാന്ധിയോട്, കോടതിയലക്ഷ്യത്തിനു കേസെടുക്കാത്തത് മഹാമനസ്കതകൊണ്ടാണെന്നു മുന്നറിയിപ്പും നൽകി. തെരുവുനായ്ക്കളെ സ്നേഹിക്കുന്നവർ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തണമെന്നും നിരീക്ഷിച്ചു. ഇനി 28നാണ് കേസ് പരിഗണിക്കുന്നത്. രാജ്യം കാത്തിരിക്കുകയാണ്, ശാപമായി മാറിയ ഈ ഭരണപരാജയത്തെ കൂട്ടിലടച്ചിരുന്നെങ്കിൽ!
തെലുങ്കാനയിലെ റംദറെഡ്ഡിയിൽ നൂറു തെരുവുനായ്ക്കളെ കൊന്നെന്നാരോപിച്ച് പഞ്ചായത്ത് അധികൃതർക്കെതിരേ മൃഗസംരക്ഷണ പ്രവർത്തകർ കേസ് കൊടുത്തിരിക്കുകയാണ്. കടിയേറ്റു മരിക്കുന്നവർക്കുവേണ്ടി ഇത്തരക്കാർ ചെറുവിരലനക്കില്ല. 25 വർഷമായി നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി തുടങ്ങിയിട്ട്. കോടികൾ മുടിപ്പിച്ചതും വാക്സിൻ കന്പനികൾ കോടാനുകോടി രൂപ കൊയ്തതുമല്ലാതെ പൗരന്മാർക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. എബിസി നിയമത്തിന്റെ ചുവടു പിടിച്ചാണ് കോടതിവിധികളും വന്നുകൊണ്ടിരുന്നത്. നിയമം കാര്യക്ഷമമാക്കാനുള്ള ഉപദേശത്തിൽ വിധികൾ ഒതുങ്ങി. ഇതിലും ദുരന്തമാണ് 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം.
ആയിരക്കണക്കിനു മനുഷ്യർ ദാരുണമായി കൊല്ലപ്പെടുകയും പതിനായിരങ്ങൾക്കു പരിക്കേൽക്കുകയും കാർഷികമേഖല തകരുകയും ചെയ്തിട്ടും, 55 വർഷമായി ഈ നിയമം പരിഷ്കരിച്ചിട്ടില്ല. ഉള്ളതു പറഞ്ഞാൽ, ജാഥയും പ്രകടനങ്ങളുമല്ലാതെ ജനങ്ങളുമായി വലിയ ബന്ധമില്ലാത്ത ഭരണ-പ്രതിപക്ഷ നേതാക്കൾക്കറിയില്ല ജനങ്ങളുടെ ദുരിതം. നേതാക്കളോടു കാര്യം പറയാൻ പ്രാദേശിക നേതാക്കൾക്കും അണികൾക്കും കഴിവുമില്ല.
അമേരിക്കയില്‍ പ്രതിവർഷം ഏകദേശം 27 ലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്.
പേവിഷബാധമുക്തമായ ജപ്പാനിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്‍ട്ടറുകളിലുമായി ഏകദേശം 50,000 നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2023ൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അനുമതി കൊടുത്തു; ദയാവധം തന്നെ. പാക്കിസ്ഥാനിൽ സംരക്ഷണനിയമം അപ്രായോഗികമെന്നു കണ്ട് 2021 മുതൽ കൂട്ട ദയാവധം നടത്തുന്നുണ്ട്. തെരുവുകളിലെ 40 ലക്ഷം നായ്ക്കളെ സംരക്ഷിക്കാവുന്നവർ സംരക്ഷിക്കുക അല്ലെങ്കിൽ ദയാവധം നടത്താൻ 2024ൽ തുർക്കിയും തീരുമാനിച്ചു. ബ്രിട്ടനിൽ സംരക്ഷിക്കുന്നുമുണ്ട്, ചിലയിടത്ത് പിടികൂടി എട്ടുദിവസത്തിനകം ഉടമ വന്നില്ലെങ്കിൽ കൊല്ലുകയും ചെയ്യും.
സ്പെയിനിനും പോർച്ചുഗലിനുമൊപ്പം 2030ൽ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോയും മറ്റെല്ലാ പരീക്ഷണങ്ങളും പരാജയപ്പെട്ടതോടെ 30 ലക്ഷം തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടിരിക്കുകയാണ്. മൃഗസ്നേഹികളെ സർക്കാർ നിലയ്ക്കു നിർത്തി. അസർബൈജാൻ വെടിവച്ചു കൊന്നാണ് തെരുവുനായ ശല്യം പരിഹരിച്ചത്. സ്പെയിൻ, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങി ചില രാജ്യങ്ങൾ തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനാൽ തെരുവിൽ അലയുന്നില്ല.
ഇന്ത്യക്ക് സംരക്ഷിക്കാനുള്ള ശേഷിയില്ല, കൊല്ലാനൊട്ടു സമ്മതിക്കുകയുമില്ല; ജനം അനുഭവിച്ചുകൊള്ളണം. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയതിനാല്‍ എബിസി പ്രായോഗികമല്ലെന്നും പെട്ടെന്നു കൂട്ടിലടയ്ക്കുകയോ നശിപ്പിക്കുകയോ വേണമെന്നുമാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടത്. പക്ഷേ, വിദഗ്ധരല്ല, ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് വകതിരിവില്ലാത്ത രാഷ്ട്രീയക്കാരും മൃഗസ്നേഹികളുമായിപ്പോയി.
കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം 118 പേർ മരിച്ചെന്നാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ കണക്ക്. പരിക്കേറ്റവർ ഇതിന്റെ പതിന്മടങ്ങാണ്. ആറു കോടിയോളം തെരുവുനായ്ക്കളാണ് രാജ്യത്തുള്ളത്. ദിവസവും ആയിരങ്ങൾക്കു കടിയേൽക്കുന്നു. നായ്ക്കൾ പെരുകുന്നതിനനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾ ഉന്മൂലനം ചെയ്തിരുന്ന കാലത്ത് ജനങ്ങൾക്കു മരണഭീതിയില്ലായിരുന്നു.
ഒന്നാം മോദി സര്‍ക്കാരില്‍ മേനകാ ഗാന്ധി മൃഗസംരക്ഷണത്തിന്റെ ചുമതലകൂടിയുള്ള മന്ത്രിയായ ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷത്തെയും വരച്ചവരയിൽ നിർത്താൻ അവർക്കു കഴിഞ്ഞു. ആദ്യമായാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നെങ്കിലും തിരിച്ചടി കിട്ടിയത്. ആടിനെയും കോഴിയെയും പാചകം ചെയ്തു രുചിയോടെ ശാപ്പിടുന്ന വീഡിയോ ഇട്ടിട്ട്, തെരുവുനായ്ക്കൾക്കുവേണ്ടി കരയുന്ന പ്രതിപക്ഷ നേതാക്കളെയും കണ്ടു. ഇന്ത്യൻ രാഷ്ട്രീയം പ്രഹസനമായിരിക്കുകയാണ്.
പേവിഷബാധയേറ്റ് സെല്ലുകളിൽ ഒരു തുള്ളി വെള്ളം കുടിക്കാൻപോലും ആകാതെ നരകിച്ചു മരിക്കുന്ന മനുഷ്യരെയും അവരുടെ കുടുംബാംഗങ്ങളെയും കാണാതെ, തെരുവുനായ്ക്കൾക്കുവേണ്ടി കണ്ണീരൊഴുക്കുകയും കവിതയെഴുതുകയും ചെയ്യുന്നവർക്കും അവരെ പേടിച്ചു വാലാട്ടുന്ന ഭരണാധികാരിൾക്കും ചികിത്സയാണ് ആവശ്യം. സുപ്രീംകോടതി മരുന്നു കൊടുക്കുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്.
District News
ചങ്ങനാശേരി: വാഴപ്പള്ളിയില്‍ തെരുവുനായ പേവിഷബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വാഴപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമായി 54 തെരുവുനായ്കളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവയ്പിനു വിധേയമാക്കി.
ചങ്ങനാശേരി നഗരസഭയുടെയും ഗവൺമെന്റ് വെറ്റിനറി പോളിക്ലിനിക്കിന്റെയും ആഭിമുഖ്യത്തിലാണ് കുത്തിവയ്പ് നടത്തിയത്.രണ്ട് നായപിടിത്തക്കാര്‍ നായ്ക്കളെ വലയില്‍ കുരുക്കി. രണ്ടു ഡോക്ടര്‍മാര്‍ ഇവയ്ക്കു കുത്തിവയ്പ് നൽകി. താലൂക്ക് കോഓര്‍ഡിനേറ്റര്‍ ഡോ. ഷിജോ ജോസ്, ഡോ. നയന്‍താര എന്നിവര്‍ നേതൃത്വം നല്കി.
നഗരസഭ ചെയര്‍പേഴ്സൺ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ വിഷ്ണുദാസ്, അഡ്വ. ശിവകുമാര്‍, ഗീതാ അജി, റെജി കേളമ്മാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് നഗരസഭയും ഇതര തദ്ദേശ സ്ഥാപനങ്ങളും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.