തൊടുപുഴ മിനി സിവില്‍സ്റ്റേഷന്റെ നടുത്തളത്തില്‍ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കള്‍.
തൊടുപുഴ: നഗരസഭാ പരിധിയില്‍ പല മേഖലകളിലും തെരുവുനായ്ക്കള്‍ വിഹരിക്കുന്നു. രാപകല്‍ ഭേദമില്ലാതെയാണ് തെരുവുനായ്ക്കള്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്നത്. നിലവില്‍ ഇവയെ പിടികൂടാനുള്ള നടപടികള്‍ ഒന്നും നടക്കാത്തതിനാല്‍ ദിനംപ്രതിയെന്നോണം നായ്ക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന സ്ഥിതിയാണ്. റോഡുകളിലും പാതയോരങ്ങളിലും കടത്തിണ്ണകളിലും തമ്പടിക്കുന്ന നായ്ക്കള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ഭീഷണിയായി തൊടുപുഴ മിനി സിവില്‍ സ്റ്റേഷനും താവളമാക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കു പുറമേ പെന്ഷന് വാങ്ങാന്‍ ട്രഷറിയിലെത്തുന്ന വയോധികര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കും നായ്ക്കള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
സിവില്‍ സ്റ്റേഷന്റെ നടുത്തളം ഇപ്പോള്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. നൂറുകണക്കിന് ജനങ്ങള്‍ എത്തുന്ന കെട്ടിടത്തിന്റെ പ്രധാന ഇടമാണ് ഇവ കൈയടക്കിയിരിക്കുന്നത്. ഓടിക്കാന്‍ ശ്രമിച്ചാലും ഇവ പോകാറില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിവിധ ഓഫീസുകളിലെത്തുന്ന ജനങ്ങളും വലിയ ഭീതിയോടെയാണ് ഇവയുടെ സമീപത്തു കൂടെ കടന്നുപോകുന്നത്.
നഗരത്തിൽ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായാണ് തെരുവുനായ്ക്കളുടെ വിളയാട്ടം. വെങ്ങല്ലൂര്‍, കാഞ്ഞിരമറ്റം, മങ്ങാട്ടുകവല, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ഹാള്‍ പരിസരം, സമീപ പ്രദേശങ്ങളായ കാരിക്കോട്, കുന്നം, പട്ടയം കവല, കോലാനി എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ കൂട്ടങ്ങളെ കാണാം. വെങ്ങല്ലൂരില്‍ മത്സ്യ മൊത്തവിതരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ എപ്പോഴും നായ്ക്കളുടെ സാന്നിധ്യമുണ്ട്. ഒട്ടേറെ മത്സ്യ, മാംസ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്ന മുതലക്കോടം മാവിന്‍ചുവടും നായ്ക്കളുടെ വിഹാര കേന്ദ്രമാണ്.
കടകളുടെയും മറ്റും തിണ്ണയില്‍ കയറിക്കിടക്കുന്ന നായ്ക്കളെ ഓടിക്കാന്‍ ശ്രമിച്ചാല്‍ ഇവ വ്യാപാരികള്‍ക്കു നേരേ തിരിയുമെന്ന് ഇവര്‍ പറയുന്നു. കൂട്ടത്തോടെയുള്ള നായ്ക്കളുടെ സംഘങ്ങളായതിനാല്‍ ജനങ്ങള്‍ അതീവ ഭിതിയോടെയാണ് ഇവയെ കാണുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമൊണ് വ്യാപാരികളുടെയും മറ്റും ആവശ്യം.
ഇതിനിടെ നഗരസഭ പരിധിയില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാന്‍ നഗരസഭ നേരത്തേ പദ്ധതി ആവിഷ്കരിച്ചെങ്കിലും അതും നടപ്പായല്ല. എബിസി സെന്റര്‍ സ്ഥാപിക്കാനുള്ള സ്ഥലം ലഭിക്കാത്തതാണ് പ്രതിസന്ധിയായത്. ജില്ലാ ആസ്ഥാനത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എബിസി സെന്റര്‍ നിര്‍മാണം നടന്നുവരുന്നുണ്ടെങ്കിലും ഇതും പാതി വഴിയിലാണ്
നടപടിയുണ്ടാകും: ചെയര്‍പേഴ്സണ്‍
തൊടുപുഴ നഗരസഭാ പരിധിയിലെ തെരുവുനായ ശല്യത്തിനു ഉടന്‍തന്നെ പരിഹാരം കാണുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍. നഗരസഭകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തെരുവുനായകളുടെ വിഷയം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍നിന്നു തെരുവുനായ നിയന്ത്രണത്തിനായി തുക വകയിരുത്താമെന്ന് നിര്‍ദേശമുണ്ട്.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ല. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റുന്നതിനാണ് മുന്‍ഗണന. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും. അടിയവന്തര ഘട്ടത്തില്‍ നായ്ക്കളെ പിടികൂടി ഷെല്‍റ്റര്‍ ഹോമുകളിലേക്കു മാറ്റുന്നുണ്ട്.
Tags : District News Nattuvishesham dogs Mini Civil Station