കോടിമത ചന്തയിലെ എബിസി കേന്ദ്രം
കോട്ടയം: നഗരത്തിലെ ആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടാന്‍ തുടങ്ങി. നഗരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിട്ടുള്ള തെരുവുനായ്ക്കളെ അറുതി വരുത്താനുള്ള നഗരസഭയുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് ആക്രമകാരികളായ നായ്ക്കളെ പിടികൂടാന്‍ തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി രണ്ടു ദിവസത്തിനുള്ളില്‍ 13 നായ്ക്കളെയാണ് പിടികൂടിയത്. ഇവയെ കോടിമത എബിസി സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവയെ പിന്നീട് വന്ധ്യം കരിക്കും.
കഴിഞ്ഞ ചൊവ്വാഴ്ച മുട്ടമ്പലം ഭാഗത്തുനിന്നാണ് അക്രമകാരികളായ ആറു നായ്ക്കളെ പിടികൂടിയത്. ഇന്നലെ മുട്ടമ്പലത്തുനിന്നും കഞ്ഞിക്കുഴി ഭാഗത്തുനിന്നുമായി ഏഴു നായ്ക്കളെയും പിടികൂടി. നായപിടിത്തത്തില്‍ പരിശീലനം ലഭിച്ചവരെയാണ് നായ്ക്കളെ പിടികൂടാനായി നിയമിച്ചിരിക്കുന്നത്. ഇവര്‍ ഉപകരണങ്ങളുമായി എത്തി സ്പോട്ടില്‍നിന്ന് നായക്കളെ പിടിക്കുകയാണ്. വരും ദിവസങ്ങളിലും ബാക്കി നായ്ക്കളെക്കൂടി പിടികൂടും. നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നഗരസഭയുടെ നീക്കം. ആദ്യഘട്ടത്തില്‍ ആക്രമണകാരികളായ തെരുവു നായ്ക്കളെയാണ് പിടികൂടുന്നത്. പിന്നീട് മറ്റു നായ്ക്കളെയും പിടികൂടും. ശാസ്ത്രി റോഡ്, റെയില്‍വേ സ്റ്റേഷന്, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, തിരുനക്കര ബസ് സ്റ്റാന്‍ഡ്, കോടിമത മാര്‍ക്കറ്റ് തുടങ്ങിയിടങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.
തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ എന്ന നഗരസഭയുടെ 50 ലക്ഷം രൂപയുടെ പദ്ധതി അടുത്തഘട്ടത്തില്‍ നടപ്പിലാകും. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് നായ്ക്കളിങ്ങനെ പെരുകാന്‍ കാരണമാകുന്നതെന്നും ആളുകള്‍ക്ക് ഭയമില്ലാതെ നഗരത്തില്‍ ഇറങ്ങി നടക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് നിലവിലെ നടപടിയുടെ ലക്ഷ്യമെന്നും നഗരസഭ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews dogs