വടക്കഞ്ചേരി: കാലവർഷം അടുത്തെത്തി നിൽക്കെ നാളികേര വിലയിൽ വലിയ കുറവ്.കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കിലോക്ക് 75 രൂപ വരെയെത്തിയ നാളികേര വില ഇപ്പോൾ 35 രൂപയായി താഴ്ന്നു.
തമിഴ്നാട്ടിൽ സീസണ് ആരംഭിച്ചതിനാൽ നാളികേര വില ഇനിയും താഴേക്ക് പോകുമെന്നാണ് നാളികേര ബിസിനസ് നടത്തുന്ന വാൽകുളന്പ് കണ്ടത്തിൽപറന്പിൽ സജി പറഞ്ഞു.
മഴ നേരത്തെ കിട്ടിയതിനാൽ തമിഴ്നാട്ടിൽ ഇക്കുറി നല്ല വിളവുണ്ട്. ചിരട്ട വില ഉയരുന്നതാണ് നാളികേരത്തിന്റെ വില ഇത്രയെങ്കിലും ഉള്ളതെന്നാണ് കച്ചവടക്കാർ പറയുന്നത്.ജല ശുചീകരണത്തിനും മറ്റും ചിരട്ടക്കരിയാണ് വിദേശ രാജ്യങ്ങളിൽ പോലും ഉപയോഗിക്കുന്നത്.ഇതിനാൽ ചിരട്ടകയറ്റുമതിയും കൂടിയിട്ടുണ്ട്. നാളികേര വില കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഉയർന്ന വിലയ്ക്ക് നാളികേരം വാങ്ങി സൂക്ഷിക്കാൻ കച്ചവടക്കാർ താല്പര്യപ്പെടുന്നില്ല.
മഴ തുടങ്ങിയാൽ പിന്നെ ഉണക്കലും കൊപ്രയും വെളിച്ചെണ്ണയാക്കലുമൊക്കെ കുറയും.ഇതിനാൽ മാർക്കറ്റിൽ നാളികേര വരവ് കൂടും. നാളികേരം തോട്ടത്തിൽ സൂക്ഷിച്ചാൽ മഴയിൽ എല്ലാം മുളച്ച് നശിക്കും.
ഇതിനാൽ കുറഞ്ഞവിലയ്ക്കായാലും നാളികേരം വിൽക്കുകയാണ് കർഷകർ. നാളികേരവില കുറയുന്പോഴും കയറ്റക്കൂലി, പൊളിക്കൽ കൂലി, മറ്റു തെങ്ങു പരിചരണ ചെലവുകളെല്ലാം കൂടി വരികയാണ്. കുറച്ചു തെങ്ങാണെങ്കിൽ കയറ്റ കൂലി ഇപ്പോൾ 70 രൂപ വരെയുണ്ട്. 100 രൂപ വാങ്ങുന്ന വിരുതന്മാരുമുണ്ട്. കൂലി ചോദിക്കുന്നത് കൊടുത്താലും കയറ്റക്കാരെ കിട്ടാനാണ് പണി. പലതവണ വിളിച്ചുറപ്പിച്ചാലേ കയറ്റക്കാർ വരൂ എന്നാണ് കർഷകർ പറയുന്നത്.