തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയിൽ സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
2022 ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, ആര്.കെ.നവീന്‍കുമാര്‍ എന്നിവർ പ്രതിഷേധിച്ചിരുന്നു.
അന്ന് തങ്ങളെ ഇ.പി. ജയരാജന് കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് ഫര്സീന് മജീദ് പരാതി നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ജയരാജനെ പ്രതിചേര്‍ക്കാനാവില്ലെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് തള്ളിയത്.
തുടരന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. വലിയതുറ എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ശബരീനാഥൻ എന്നിവർക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.