Business
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിനു പിന്നാലെ 2026ൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനത്തിലേക്ക് ഇടിയാൻ സാധ്യതയെന്നു യുഎൻ റിപ്പോർട്ട്. രാഷ്ട്രീയ, ഭൗമ സംഘർഷങ്ങൾ, അന്താരാഷ്ട്ര സാന്പത്തിക സമ്മർദങ്ങൾ, ആഗോള സാമ്പത്തിക അസ്ഥിരത എന്നിവ ഇന്ത്യയുടെ ജിഡിപി വളർച്ചയെ ബാധിച്ചേക്കാമെന്നാണ് യുഎൻ വിലയിരുത്തൽ.
2025ൽ മികച്ച പ്രകടനം നടത്തി 7.4 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച. വളർച്ച മന്ദഗതിയിലാണെങ്കിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും. നിയന്ത്രിത ഗാർഹികച്ചെലവുകളും പൊതുനിക്ഷേപവും കുറഞ്ഞ പലിശനിരക്കും രാജ്യത്തിന്റെ സാന്പത്തിക പരിവർത്തനങ്ങൾക്കു വളർച്ച കൂട്ടുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ "ലോകസാമ്പത്തിക സ്ഥിതിയും സാധ്യതകളും'' എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഇന്ത്യയ്ക്കു മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയതു ചില ഉത്പന്നങ്ങളെ ബാധിച്ചേക്കുമെങ്കിലും പ്രധാന കയറ്റുമതി മേഖലകളെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്നു റിപ്പോർട്ട് പറയുന്നു. മാത്രമല്ല, മറ്റു വിപണികളിലേക്കു പ്രവേശിക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്.
ഇന്ത്യയിൽനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങളുടെയും ഇറക്കുമതിക്ക് അമേരിക്കയിലെ ട്രംപ് ഭരണകൂടം 50 ശതമാനം ഉയർന്ന നികുതി ചുമത്തിയിട്ടുണ്ട്. കൂടാതെ, റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കിൽ ഈ നികുതി 500 ശതമാനമായി കൂട്ടുമെന്ന ഭീഷണിയും നിലവിലുണ്ട്.
2025ൽ കണക്കാക്കിയ 2.8 ശതമാനത്തേക്കാൾ ആഗോള സാമ്പത്തിക വളർച്ച 2026ൽ 2.7 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്. ഇതു കോവിഡിനു മുൻപുള്ള ശരാശരി നിരക്കായ 3.2 ശതമാനത്തേക്കാൾ വളരെ താഴെയുമാണ്. രാഷ്ട്രീയ, ഭൗമ, സാങ്കേതിക മേഖലകളിലെ സംഘർഷങ്ങളാണ് ലോക സാമ്പത്തിക വ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുകയും പിന്നിലേക്കു വലിക്കുകയും ചെയ്യുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Leader Page
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ദരിദ്രരാക്കിയ ശേഷം അതിദാരിദ്ര്യരഹിത കേരളം എന്ന പ്രഖ്യാപന മാമാങ്കം സർക്കാർ സംഘടിപ്പിക്കുന്ന ഇന്ന്, കേരളപ്പിറവിദിനത്തിൽ, യഥാർഥത്തിൽ ജനങ്ങൾ പരിഗണിക്കേണ്ട വിഷയം സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി ആണെന്നാണ് ഒരു സാന്പത്തികകാര്യ പഠിതാവായ ഞാൻ കരുതുന്നത്. സംസ്ഥാനത്തിന്റെ കടബാധ്യത, ധനകാര്യ മാനേജ്മെന്റ് സംബന്ധമായ എല്ലാ തത്വങ്ങളും ലംഘിച്ച് സീമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്പോഴും തുടർച്ചയായി വിവിധ പേരുകളിലും രൂപങ്ങളിലും മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതു തുടർന്നുകൊണ്ടിരിക്കുന്ന സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുക മാത്രമല്ല, അതിക്രൂരമായി അവഹേളിക്കുകകൂടിയാണ്.
സംസ്ഥാനം രൂപീകരിക്കപ്പെട്ട 1956 മുതൽ 2015-16 വരെ കൂട്ടിച്ചേർക്കപ്പെട്ട കടം (സഞ്ചിതകടം) 1,53,200 കോടി ആയിരുന്നു. എന്നാൽ അത് എല്ലാ നിയന്ത്രണങ്ങളും മറികടന്ന് 2025-26 ബജറ്റിൽ 4,81,997 കോടിയായി മാറി. ശ്രീലങ്കയിലും മറ്റു ചില രാജ്യങ്ങളിലും സംഭവിച്ചതുപോലെ നിത്യനിദാന ചെലവുകൾക്കു വഴിയില്ലാതെ സംസ്ഥാനം സാന്പത്തിക അരാജകത്വത്തിലേക്കു കൂപ്പുകുത്തേണ്ടി വരുമോ?
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് രണ്ടു മാനങ്ങളുണ്ട്. ദിനംതോറും പെരുകുന്ന കടബാധ്യതയും അവശ്യമരുന്നുകൾക്കും ചികിത്സകൾക്കുംപോലും പണമില്ലാതായിരിക്കുന്ന പ്രതിസന്ധിയുമാണ് ഒരു മാനം. 65-70 ശതമാനം ജനങ്ങൾ കടക്കെണിയിൽപ്പെട്ടു നട്ടംതിരിയുന്നതും അധ്വാനം ഉത്പാദനോന്മുഖമായി വിനിയോഗിക്കാൻ കഴിയാത്തതുമൂലം വീണ്ടും വീണ്ടും കടം എടുത്തുതന്നെ മുന്നോട്ടു പോകേണ്ടിവരുന്നതുമാണ് രണ്ടാമത്തെ മാനം.
ആദ്യത്തെ മാനത്തെ സംബന്ധിച്ച് അക്കൗണ്ടന്റ് ജനറൽ നിരന്തരമായി മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. രണ്ടാമത്തെ മാനത്തെ സംബന്ധിച്ച ഔദ്യോഗിക വിവരം കേന്ദ്രസർക്കാർ സ്ഥാപനമായ നബാർഡ് 2024ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലുണ്ട്.
കുടുംബങ്ങൾ കടക്കെണിയിൽ
ദേശീയ തലത്തിൽ ബാങ്ക് നടത്തിയ ഒരു പഠനത്തിലാണ് കേരളത്തിലെ 65-70 ശതമാനം കുടുംബങ്ങൾ കടക്കെണിയിലാണെന്നും വരുമാനം ആർജിക്കാനുള്ള സാഹചര്യം ആ കുടുംബങ്ങൾക്ക് ഇല്ലാതായിരിക്കുകയാണെന്നും കണ്ടെത്തിയത്. അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണ് ഈ പ്രതിസന്ധികൾ രണ്ടും. പരിഹരിക്കപ്പെടണമെങ്കിൽ പക്ഷേ അസാധാരണമായ ഇച്ഛാശക്തിയുള്ള സർക്കാർ കൂടിയേ തീരൂ. സർക്കാരിന്റെ ധന പ്രതിസന്ധിക്ക് ശമനമണ്ടാകണമെങ്കിൽ സർക്കാരിന്റെ പണം വിനിയോഗിക്കുന്ന സംഗതിയിൽ സാന്പത്തിക അച്ചടക്കത്തിന്റെ കാഴ്ചപ്പാടിനനുസൃതമായ ചില കടുത്ത തീരുമാനങ്ങൾ ഭരണപരമായി എടുത്ത് രാഷ്ട്രീയ ഇച്ഛാശക്തിയോടെ അവ നടപ്പാക്കണം. സർക്കാരിന്റെ ഭരണച്ചെലവ് മൂന്നിലൊന്നു കുറയ്ക്കാൻ കഴിഞ്ഞാലേ കടംകൊണ്ട തുകയുടെ പലിശ കൊടുക്കുന്നതിനു വീണ്ടും കടം കൊള്ളുന്ന അവസ്ഥ ഒഴിവാക്കാനാകൂ. സർക്കാർ ആദ്യം കൈവരിക്കേണ്ട ആശാസ്യമായ അവസ്ഥ അതാണ്. പലിശ നൽകാൻ വർഷംതോറും വീണ്ടും വീണ്ടും കടമെടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ആർഭാടം ഒഴിവാക്കണം
ആദ്യം വേണ്ടത് ആർഭാടങ്ങൾ ഒഴിവാക്കുകയും ദുർച്ചെലവുകൾ ഉണ്ടാകാതെ സൂക്ഷിക്കുകയുമാണ്. ഇതു സാധ്യമായാൽ മാത്രമേ സർക്കാരിന്, ഭരണകർത്താക്കൾക്ക്, ഉദ്ദേശ്യശുദ്ധിയുണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനാകൂ. ഭരണകർത്താക്കൾ അവരുടെ പ്രവർത്തനശൈലിയിലും ജീവിതരീതികളിലും ഇതിനു തുടക്കമിട്ടാൽ ഭരണച്ചെലവ് കുറയ്ക്കാൻ സഹായകമായ മറ്റു പല മാർഗങ്ങളും സ്വീകരിക്കാൻ കഴിയും. ചെലവുകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ഭരണകൂടത്തിന്റെ മുകൾത്തട്ടിൽനിന്നാരംഭിക്കണം.
മന്ത്രിമാരുടെ എണ്ണം കുറയ്ക്കാം
1993ലെ ഭരണഘടനാ (പഞ്ചായത്ത് രാജ്) ഭേദഗതികളിലൂടെ പാർലമെന്റ് തുടങ്ങിവച്ചതും 1994ലെ പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമങ്ങളിലൂടെ കേരളം നടപ്പാക്കാൻ ഉന്നമിട്ടതുമായ മാതൃകാപരമായ അധികാര വികേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴുള്ള മന്ത്രിമാരുടെ എണ്ണം കുറയ്ക്കാവുന്നതാണ്. മുന്പ് സംസ്ഥാന സർക്കാരിന്റെ 19 വകുപ്പുകൾ പ്രാദേശികതലത്തിൽ നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ പ്രാദേശിക സർക്കാരുകളായി ഉയർത്തപ്പെട്ടിട്ടുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണു നിർവഹിക്കുന്നത്.
ഭരണച്ചെലവ് കുറയ്ക്കാനുള്ള ശ്രമം ആരംഭിക്കേണ്ടത് അവിടെയാണ്. അതിനു കഴിഞ്ഞാൽ അടുത്തതായി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ വിഷയത്തിൽ ഭരണച്ചെലവു കുറയ്ക്കാൻ ഉതകുന്ന നടപടി സ്വീകരിക്കാം. രഹസ്യാത്മകതയും അഴിമതിയും സ്വജനപക്ഷപാതവും സാധ്യമാക്കുന്നതിനുവേണ്ടി പേഴ്സണൽ സ്റ്റാഫിനെ വ്യക്തിപരവും രാഷ്ട്രീയവുമായ പരിഗണനകൾ വച്ച് നിയമിക്കുന്ന ഇപ്പോഴത്തെ സമ്പ്രദായം അവസാനിപ്പിച്ച്, പകരം സർക്കാർ സർവീസിലുള്ളവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന സമ്പ്രദായം അവലംബിക്കാം. ഇതിലൂടെ, പേഴ്സണൽ സ്റ്റാഫിന്റെ ശന്പളത്തിനും പെൻഷനുംവേണ്ടി ഇപ്പോൾ ഉണ്ടാകുന്ന ചെലവ് ഒഴിവാക്കാൻ കഴിയുമെന്നു മാത്രമല്ല കാര്യക്ഷമത അനേക മടങ്ങ് വർധിപ്പിക്കാനുമാകും.
പിഎസ്സി അംഗങ്ങളുടെ എണ്ണം യുക്തിസഹമായി കുറച്ചും അംഗങ്ങളുടെ ശന്പളവും അലവൻസുകളും സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിക്ക് ആനുപാതികമായി പുനർനിശ്ചയിച്ചും, അതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയ നേതാക്കളെ അവരോധിച്ച് ഉത്പാദനക്ഷമമല്ലാതെ പണം ചെലവിടുന്ന സ്ഥാനത്ത് സർക്കാർ സർവീസിൽനിന്നു വിദഗ്ധരെ നിയമിച്ചും രണ്ടു തരത്തിൽ പ്രയോജനങ്ങൾ കൈവരിക്കാം - ചെലവ് കുറയ്ക്കുകയും ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യാം.
കേരളത്തിൽ വിവിധ തരം പെൻഷനുകൾ കൈകാര്യം ചെയ്യുന്നതിന് എത്രയോ സ്ഥാപനങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. സർക്കാരിന്റെ എല്ലാ വകുപ്പുകൾക്കും കീഴിലുള്ള സ്ഥാപനങ്ങളുടെയും സ്റ്റാഫ് പാറ്റേണ് സാങ്കേതിക വളർച്ചയ്ക്കനുസൃതമായി പുനർനിർണയം ചെയ്താൽ സർക്കാരിന്റെ വലിപ്പം കുറച്ച് ഭരണച്ചെലവു കുറയ്ക്കാമെന്നു നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. പകരം, ഇപ്പോൾ സർക്കാരുകൾ ചെയ്യുന്നത് രാഷ്ട്രീയലാക്കോടെ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ സ്ഥിരമായും താത്കാലികമായും പാർട്ടി അണികളെയും അനുഭാവികളെയും കുത്തിത്തിരുകി തെരഞ്ഞെടുപ്പിൽ വോട്ടടിസ്ഥാനം വിപുലപ്പെടുത്തുകയാണ്.
നിർഭാഗ്യവശാൽ, ഭരണച്ചെലവ് കുറയ്ക്കാൻ സഹായകമായ നടപടികൾ സ്വീകരിക്കാൻ പോപ്പുലിസ്റ്റ് (ജനങ്ങളെ പ്രീതിപ്പെടുത്തി കൂടെനിർത്താൻ ഉദ്ദേശിച്ചുള്ള) നടപടികളുമായി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ഒരു മുന്നണിക്കും പാർട്ടിക്കും കഴിയുകയില്ല. അതിൽ പാർട്ടിഭേദമോ മുന്നണിഭേദമോ ഇല്ല. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിനും പദവിക്കും ധനസന്പാദനത്തിനുമുള്ള എളുപ്പവഴിയായി കാണുന്നവരാണ് എല്ലാ പാർട്ടികളിലും കൂടുതലുള്ളത്. ഏതെങ്കിലും നേതാവ് ഭരണച്ചെലവു കുറയ്ക്കാൻ ഉതകുന്ന നടപടികൾ സ്വീകരിക്കാൻ മുതിർന്നാൽ അയാൾക്കെതിരേ കലാപക്കൊടി ഉയർത്തി സ്ഥാനഭ്രഷ്ടനാക്കാൻ മറ്റുള്ളവർ ഒന്നിക്കും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ കാര്യമായ ആലോചന ഉണ്ടായേ തീരൂ.
(ധനതത്വശാസ്ത്ര പണ്ഡിതയായ ലേഖികയുടെ നേതൃത്വത്തിൽ സാന്പത്തിക വിദഗ്ധരുടെ ടീം സംസ്ഥാന സർക്കാരിന്റെ ധനപ്രതിസന്ധിയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും മുൻനിർത്തി പഠനം നടത്തി ശിപാർശകളോടുകൂടിയ റിപ്പോർട്ട് ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു).