ഉപഭോഗ ശീലങ്ങളിൽ നിയന്ത്രണം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നടത്തിയ അഭ്യർഥന വിപുലമായ സാമ്പത്തിക ആശങ്കകളുടെ പ്രതിഫലനമായിരുന്നു. മേയ് 10ന് സെക്കന്ദരാബാദിൽ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ഈ ആഹ്വാനം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ വിപണിയിലെ വലിയ അനിശ്ചിതത്വത്തിനൊപ്പം ക്രൂഡ് ഓയിൽ വിലവർധനയും ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെയും രൂപയുടെ മൂല്യത്തെയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കുക, പൊതുഗതാഗതം-റെയിൽവേ-കാർ പൂളിംഗ് എന്നിവയെ കൂടുതൽ ആശ്രയിക്കുക, സാധ്യമായിടത്ത് വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ സ്വീകരിക്കുക, അനാവശ്യ സ്വർണംവാങ്ങലുകളും വിദേശയാത്രകളും ഒഴിവാക്കുക, പാചക എണ്ണ-എൽപിജി-മറ്റ് ഇറക്കുമതി ആശ്രിത ഉപഭോഗവസ്തുക്കൾ എന്നിവയിൽ മിതത്വം പാലിക്കുക, ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഇന്ത്യയുടെ വ്യാപാരക്കമ്മി സ്ഥിരമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക, വിദേശനാണ്യശേഖരം സംരക്ഷിക്കുക, ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ച ചെറുക്കുക എന്നിവയാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നത്.
കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന "ആത്മനിർഭർ ഭാരത്’, "മേക്ക് ഇൻ ഇന്ത്യ’ തുടങ്ങിയ സാമ്പത്തിക സ്വയംപര്യാപ്തതാ നയങ്ങളുടെ തുടർച്ചയാണിത്. സെമി കണ്ടക്ടറുകൾ, ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് ഘടകങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയിൽ രാജ്യം ഇപ്പോഴും വലിയ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നു. അതിനാൽ ആഭ്യന്തര ഉത്പാദന മേഖലയിലെ പുരോഗതി ശ്രദ്ധേയമാണെങ്കിലും സാമ്പത്തിക സ്വയംപര്യാപ്തത ഇപ്പോഴും അപൂർണമാണെന്ന് നിരവധി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇറക്കുമതിയും വിദേശനാണ്യ ശേഖരവും
ഇറക്കുമതിക്കായി ഇന്ത്യൻ കമ്പനികൾക്ക് ആഗോള നാണയ വിപണികളിൽ രൂപ വിറ്റ് ഡോളർ വാങ്ങേണ്ടിവരുന്നു. ഇത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വലിയ സമ്മർദം ചെലുത്തുന്നു. അങ്ങനെ വിദേശ കറൻസി ശേഖരത്തിൽ കുറവ് വരുന്നതിനും ഇന്ത്യൻ രൂപയുടെ മൂല്യമിടിയുന്നതിനും കാരണമാവുകയും ചെയ്യുന്നു. രൂപയുടെ മൂല്യം ദുർബലമാകുന്നതുമൂലം ഇറക്കുമതിക്ക് കൂടുതൽ രൂപ ചെലവഴിക്കേണ്ടിവരും. ഇതിലൂടെ ഇറക്കുമതിച്ചെലവും പണപ്പെരുപ്പവും ഉയരും. ഇതും കറൻസി മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്നു.
2016ൽ ഏകദേശം 360 ബില്യൺ അമേരിക്കൻ ഡോളറായിരുന്ന ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, 2026 ഫെബ്രുവരിയിൽ ഇത് 728 ബില്യൺ ഡോളർ വരെ എത്തിയിരുന്നു. ഐടി സോഫ്റ്റ്വേർ കയറ്റുമതികളിൽനിന്നുള്ള വരുമാനം, വിദേശത്തുള്ള ഇന്ത്യക്കാർ അയയ്ക്കുന്ന പണം, വിദേശനിക്ഷേപങ്ങൾ, റിസർവ് ബാങ്കിന്റെ സജീവ ശേഖരണ നയങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന പിന്തുണയായത്. എന്നാൽ പല ഘടകങ്ങളുടെ സമ്മർദത്താൽ വിദേശനാണ്യ ശേഖരം 2026 മേയിൽ ഏകദേശം 691 ബില്യൺ ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടാറുണ്ട്. ഇതിനായി വിദേശനാണ്യ ശേഖരത്തിൽനിന്ന് ഡോളർ വിറ്റ് രൂപ വാങ്ങുന്നതും ശേഖരം കുറയാൻ കാരണമാകുന്നു. ഇറക്കുമതിക്കുള്ള പണമടവുകൾ ഉറപ്പാക്കാനും രൂപയുടെ സ്ഥിരത നിലനിർത്താനും ആഗോള നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാനും വിദേശനാണ്യ ശേഖരം നിർണായകമാണ്.
2016ഓടെ ഒരു അമേരിക്കൻ ഡോളറിന് ഏകദേശം 66-67 ആയിരുന്ന രൂപയുടെ വിനിമയനിരക്ക്, 2021ഓടെ 73-74 നിലവാരത്തിലെത്തി. തുടർന്ന് ആഗോള സാമ്പത്തിക അനിശ്ചിതത്വം, ക്രൂഡ് ഓയിൽ വില വർധന, ഉയർന്ന ഇറക്കുമതിച്ചെലവ്, ശക്തമായ ഡോളർ തുടങ്ങിയ ഘടകങ്ങളുടെ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം കൂടുതൽ ദുർബലമായി. 2025ൽ ഒരു ഡോളറിന് 85-86 നിരക്കിൽ വ്യാപാരം നടത്തിയ രൂപ, 2026 മേയിൽ 95-96 നിലവാരത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം രൂപ ഒരു ഡോളറിന് 84-85ൽ നിന്ന് 95-96 വരെയായി ഇടിഞ്ഞത് ഏകദേശം 13 ശതമാനത്തോളം മൂല്യത്തകർച്ച സൂചിപ്പിക്കുന്നു. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രൂപയുടെ ഇടിവ് ഏകദേശം 30 ശതമാനത്തോളവും, ഒരു ദശാബ്ദത്തിനിടെ ഏകദേശം 50 ശതമാനത്തോളവും എത്തിയതായി കണക്കാക്കാം. രൂപയുടെ ഈ തുടർച്ചയായ ദൗർബല്യം ഇന്ധനവിലയെയും ആഭ്യന്തര വിലക്കയറ്റത്തെയും കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യവുമുണ്ട്.
രൂപയുടെ മൂല്യം കുറയാൻ കാരണം
രൂപയുടെ മൂല്യം സമീപകാലത്ത് കുറയുന്നതിന് ഏറ്റവും നിർണായകമായ ഘടകം ഉയർന്ന ക്രൂഡ് ഓയിൽ ഇറക്കുമതിയാണ്. നിലവിൽ പ്രതിവർഷം ഏകദേശം 245 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നു. ഇതിന്റെ ഏകദേശം 89-90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി മാത്രം ഇന്ത്യ വർഷംതോറും ഏകദേശം 135 ബില്യൺ അമേരിക്കൻ ഡോളർ (15 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവഴിക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ മൊത്തം ഇറക്കുമതി ബില്ലിന്റെ വലിയൊരു വിഹിതമാണ്.
ഇറക്കുമതി ചെയ്യുന്ന ഇന്ധനം കൂടുതൽ ചെലവേറിയതാകുമ്പോൾ ഗതാഗതം, വൈദ്യുതി ഉത്പാദനം, വ്യോമയാനം, ചരക്കുനീക്കം, വളങ്ങൾ, പെട്രോകെമിക്കൽസ്, നിർമാണം എന്നിവയെല്ലാം ചെലവേറിയതാകുകയും പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾക്കായി പ്രധാനമന്ത്രിയുടെ ആഹ്വാനം.
ഇന്ത്യയിലെ വാർഷിക സ്വർണ ഉപഭോഗം ഏകദേശം 720 ടൺ വരെയാണ്. ആഭ്യന്തര ഖനനമാകട്ടെ വർഷത്തിൽ 12 ടൺ മാത്രവും. അതായത്, ആവശ്യകതയുടെ 99 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ്.
യുഎഇ, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സ്വർണ ഇറക്കുമതിക്കായി മാത്രം ഇന്ത്യ വർഷംതോറും ഏകദേശം 72 ബില്യൺ അമേരിക്കൻ ഡോളർ (6.27 ലക്ഷം കോടി രൂപ) ചെലവഴിക്കുന്നുണ്ട്. സ്വർണം ഇറക്കുമതി വിദേശനാണ്യ ശേഖരവും അതുവഴി രൂപയുടെ മൂല്യവും കുറയ്ക്കുന്നു എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് അനാവശ്യ സ്വർണംവാങ്ങലുകൾ മാറ്റിവയ്ക്കുകയോ നിയന്ത്രിക്കുകയോവേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
ഉത്പാദനം വർദ്ധിക്കണം
ഇന്ത്യയിൽ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ അസംബ്ലിംഗ് വർധിച്ചിട്ടുണ്ട്. എങ്കിലും, പ്രധാന ഘടകങ്ങൾക്കും നൂതന സാങ്കേതികവിദ്യകൾക്കുമായി ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇലക്ട്രോണിക്സ് ഇറക്കുമതിയുടെ വാർഷിക മൂല്യം 116 ബില്യൺ ഡോളറിന് (8.3 ലക്ഷം കോടി രൂപ) മുകളിലാണെന്നാണ് കണക്കാക്കപ്പെടുന്നത്.
യന്ത്ര ഇറക്കുമതികൾക്കായി ഏകദേശം 64 ബില്യൺ ഡോളറും (5.46 ലക്ഷം കോടി രൂപ) രാസവസ്തുക്കൾക്കായി 60 ബില്യൺ ഡോളറും (5.07 ലക്ഷം കോടി രൂപ) ചെലവാകുന്നു. കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്കായി വർഷത്തിൽ ഏകദേശം 50 ബില്യൺ ഡോളർ (4.45 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവഴിക്കുന്നു. പാചക എണ്ണ മേഖലയിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം മൊത്തം ആവശ്യകതയുടെ ഏകദേശം 4044 ശതമാനം മാത്രമേ നിറവേറ്റുന്നുള്ളൂ. അതിനാൽ ഇവയുടെ ഇറക്കുമതിക്കായി പ്രതിവർഷം ഏകദേശം 1920 ബില്യൺ ഡോളർ (1.82 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവാക്കുകയും ചെയ്യുന്നു.
2025-26ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി ഏകദേശം 863 ബില്യൺ ഡോളർ (75 ലക്ഷം കോടി രൂപ) നിലവാരത്തിലെത്തിയിട്ടുണ്ട്. അമേരിക്ക, യുഎഇ, നെതർലൻഡ്സ്, യുകെ, സിംഗപ്പുർ, ബംഗ്ലാദേശ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികളാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ അയക്കുന്ന പണമിടപാടുകളിലൂടെ വർഷംതോറും 120 ബില്യൺ ഡോളറിലധികം ലഭിക്കുന്നതും വിദേശനാണ്യനില ശക്തിപ്പെടുത്തുന്ന പ്രധാന ഘടകമാണ്. ഇന്ത്യ കയറ്റുമതിയിലൂടെ 100 ഡോളർ നേടുമ്പോൾ ഇറക്കുമതിക്കായി 116 ഡോളർ ചിലവാക്കുന്നുണ്ട് എന്നാണ് കണക്ക്. ചരക്ക് വ്യാപാരം മാത്രം പരിഗണിച്ചാൽ അസന്തുലിതാവസ്ഥ ഇതിലും വലുതാണ്.
ക്രൂഡ് ഓയിൽ വില വർധിക്കുമ്പോൾ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഇന്ധന നികുതികൾ കുറയ്ക്കുകയോ സബ്സിഡികൾ വർധിപ്പിക്കുകയോ ചെയ്യേണ്ടിവരും. ഇതിലൂടെ അടിസ്ഥാനസൗകര്യ വികസനം, ക്ഷേമ പദ്ധതികൾ, പൊതുനിക്ഷേപങ്ങൾ എന്നിവയ്ക്കുള്ള തുകയിൽ കുറവ് വരാനും സാധ്യതയുണ്ട്. അതേസമയം, പണപ്പെരുപ്പവും കറൻസി സമ്മർദവും നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് പലിശനിരക്കുകൾ ഉയർത്താൻ നിർബന്ധിതമാകാം. ഇത് വായ്പ, നിക്ഷേപം, വ്യവസായ വളർച്ച എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
ഇറക്കുമതി ചരക്കുകളുടെ ഉപയാഗം കുറക്കുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് തന്ത്രപരമായ പ്രാധാന്യവും ഉണ്ട്. രാജ്യാന്തരതലത്തിൽ ഉയരുന്ന സാമ്പത്തിക സാഹചര്യങ്ങളെ നേരിടാൻ കൂട്ടായ ദേശീയ പങ്കാളിത്തം ആവശ്യമാണെന്ന സന്ദേശമാണ് ഇത് നൽകുന്നത്. ഈ ആഹ്വാനത്തെ ഒരു വലിയ സാമ്പത്തിക പരിഹാരമായി കാണേണ്ടതില്ല, എങ്കിലും, ദീർഘകാല തന്ത്രപരമായ സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ഹ്രസ്വകാല പൗരസാമ്പത്തിക ഇടപെടലായി കരുതാവുന്നതാണ്. ഇന്ത്യ പോലെയുള്ള വലിയ രാജ്യത്ത് ഉപഭോഗത്തിലുണ്ടാകുന്ന ചെറിയ കുറവുകൾപോലും ബില്യൺ കണക്കിന് ഡോളറിന്റെ ലാഭമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ദീർഘകാല ഘടനാപരമായ പരിഷ്കാരങ്ങളും ആവശ്യമാണ്. വ്യവസായ വികസനം, സാങ്കേതിക ശേഷി വികസനം, സെമികണ്ടക്ടർ നിർമാണം, നവീന ഊർജ വ്യാപനം, കയറ്റുമതി മത്സരക്ഷമത, അടിസ്ഥാന സൗകര്യ നവീകരണം, ഗവേഷണവികസനം, കാർഷിക പരിഷ്കാരങ്ങൾ, ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തൽ, ആഭ്യന്തര നിർമാണ പരിസ്ഥിതി ശക്തിപ്പെടുത്തൽ തുടങ്ങിയ ദീർഘകാല പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇന്ത്യയുടെ നിർണായക മേഖലകളിലെ ആഭ്യന്തര ഉത്പാദന ശേഷിയും സാമ്പത്തിക പ്രതിരോധശേഷിയും ശക്തിപ്പെടുത്താനാകൂ.
ഇത്തരം സാമ്പത്തിക സാഹചര്യങ്ങളിൽ, ദേശസ്നേഹിയായ ഒരു ഉത്തമ പൗരൻ പ്രായോഗികവും യുക്തിസഹവുമായി സഹകരിക്കണം. ആഭ്യന്തര വ്യവസായങ്ങളെ പിന്തുണയ്ക്കുന്ന ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും ഉത്തരവാദിത്വമുള്ള പൗരത്വത്തിന്റെ ഭാഗമാണ്.
(കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രഫസറും റിസർച്ച് ഹെഡുമാണ് ലേഖകൻ)
Tags : Indian economy Import dependence Export