Kerala
കേരള രാഷ്ട്രീയത്തിലെ അതികായനായി ഭരണരംഗത്തും കാര്‍ഷികമേഖലയിലും പ്രാവീണ്യം തെളിയിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.ജെ.ജോസഫിന് കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് സ്വന്തമായ വികസന കാഴ്ചപാടുകളുണ്ടായിരുന്നു. വിവിധ വകുപ്പുകളില്‍ ഭരണസാരഥ്യം വഹിച്ച വേളകളില്‍ നൂതനപദ്ധതികള്‍ കൊണ്ടുവന്ന് ജനക്ഷേമത്തിനായി അവര്‍ക്കൊപ്പം നിന്ന ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്.
താളാത്മകമായ സംഗീതം പോലെയായിരുന്നു പി.ജെയുടെ ജീവിതവും.പ്രതികൂല സാഹചര്യങ്ങളെയും പ്രതിബന്ധങ്ങളെയും പുഞ്ചിരിയോടെ നോക്കിക്കണ്ട ഇദ്ദേഹത്തിന്റെ ആറുപതിറ്റാണ്ട് കാലയളവിലെ കര്‍മമേഖലകള്‍ രാഷ്ട്രീയ പഠിതാക്കള്‍ക്ക് പാഠപുസ്തകമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി തലമുറമാറ്റത്തിന് വഴിതുറന്ന പി.ജെ.ജോസഫ് ദീപികയോട് മനസ് തുറന്നപ്പോള്‍.
തെരഞ്ഞെടുപ്പില്‍നിന്നു മാറിനില്ക്കാന് നേരത്തേ തീരുമാനിച്ചിരുന്നോ?
പുതുതലമുറ വരട്ടെ എന്നായിരുന്നു എന്റെ നിലപാട്. ഇതു സ്വാഗതം ചെയ്യുന്നു. അപുവിന് മികച്ചപ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.
കേരളത്തെക്കുറിച്ച് ഇനിയുള്ള സ്വപ്നം?
ചെറുപ്പക്കാരെ ഇവിടെ തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടിവേണം. ഇതിന് സമഗ്രമായ മാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ടാകണം. പുതിയ തൊഴിലധിഷ്ടിത കോഴ്സുകളും തൊഴില്‍ സാധ്യതകളും സൃഷ്ടിക്കപ്പെടണം. ഇതിലൂടെ വിദേശത്തേക്കുള്ള പുതുതലമുറയുടെ ഒഴുക്ക് ഒരുപരിധിവരെ തടയാനാകും.
ഇത്തവണ പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ വിജയസാധ്യത?
മല്‍സരിക്കുന്ന എട്ടുസീറ്റുകളിലും വിജയിക്കും. ഇതിന് ജനസമ്മതിയുള്ള മികച്ച സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രതികരണം ആശാവഹമാണ്.
യുഡിഎഫിന്റെ സാധ്യതയെക്കുറിച്ച്?
യുഡിഎഫ് ഇത്തവണ അധികാരത്തിലെത്താനുള്ള എല്ലാ അനുകൂല സാഹചര്യവുമാണുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നയിച്ച പുതുയുഗയാത്രയിലെ ജനപങ്കാളിത്തം ഇതിനു തെളിവാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയം സുനിശ്ചിതമാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കാനായി. ചുരുക്കം സീറ്റുകളില്‍ മാത്രമാണ് ചെറിയ കാലതാമസമുണ്ടായത്.
യുഡിഎഫിന്റെ മുഖ്യ പ്രചാരണ വിഷയം?
ശബരിമല സ്വര്‍ണക്കൊള്ള, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായും ഉയര്‍ത്തുന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിശ്വാസികളെ മുറിവേല്‍പ്പിച്ചു. ഇതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അഴിമതി മൂടിവച്ച് ഒരുസര്‍ക്കാരിനും അധികനാള്‍ മുന്നോട്ടുപോകാനാവില്ല.
യുഡിഎഫിന്റെ ഭാവി പദ്ധതികള്‍?
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യപരിഗണന നല്‍കും. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തും. കൃഷി പ്രോല്സാഹനത്തിന് നൂതന പദ്ധതികള്‍ ആവിഷ്കരിക്കും. അടിസ്ഥാന സൗകര്യവികസനത്തിനു നടപടി സ്വീകരിക്കും. പ്രകടന പത്രികയിലെ വാഗ്ദാനമനുസരിച്ച് പദ്ധതികള്‍ നടപ്പാക്കും.
അപു ജോണ്‍ ജോസഫിനുള്ള ഉപദേശം?
ജനസേവനമാകണം മുഖ്യം. മികച്ചപ്രവര്ത്തനത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയണം. ഏവരെയും ഒരുപോലെ കാണാനും ഒരുമിപ്പിച്ച് കൊണ്ടുപോകാനും സാധിക്കണം. സമൂഹത്തിന്റെ താഴേതട്ടിലുള്ള ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രത്യേക പരിഗണന നല്‍കണം.
തൊടുപുഴയുടെ വികസനം
ഇക്കാര്യത്തില്‍ അപുവിന് കൃത്യമായ കാഴ്ചപാടുണ്ട്. തൊടുപുഴയുടെ വികസനത്തിന് ആവശ്യമായ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് കിയും.
രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് ദോഷം ചെയ്തോ?
ഒരു തവണത്തേക്ക് മാത്രമാണ് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. മുന്നണി സംവിധാനത്തില്‍ ചില വിട്ടുവീഴ്ചകള്‍ അനിവാര്യമായി വരും. സീറ്റ് വിട്ടുനല്‍കിയത് സംബന്ധിച്ച് പാര്ട്ടിനേതാക്കളേയും പ്രവര്‍ത്തകരേയും ബോധ്യപ്പെടുത്താനായി.
തുടര്‍ പ്രവര്‍ത്തനങ്ങള്‍?
പാര്‍ട്ടി ചെയര്‍മാനെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ആരോഗ്യപ്രശ്നമുള്ളതിനാല്‍ പ്രചാരണത്തിന് മറ്റു മണ്ഡലങ്ങളില്‍ പോകാനായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും.യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.
Leader Page
1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപമെടുത്തപ്പോള്‍ സാക്ഷരതയില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനം എന്ന സ്ഥാനവുമുണ്ടായിരുന്നു. 1951ലെ സെന്‍സസില്‍ വെറും 18.33 ശതമാനമായിരുന്നു ദേശീയ സാക്ഷരത. 1956ല്‍ കേരളത്തിന്റെ ഭാഗമായിത്തീര്‍ന്ന പ്രദേശത്തിന്റെ സാക്ഷരതയാകട്ടെ 47.18 ശതമാനവും. 1956 ആയപ്പോഴേക്കും കേരളത്തില്‍ സാക്ഷരതയുടെ വിപ്ലവകരമായ കുതിപ്പ് ഉണ്ടാകാന്‍ മുഖ്യ കാരണം ക്രൈസ്തവര്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായവും ഘടനയും രീതിയും കേരളത്തിലേക്ക് ആദ്യമായെത്തുന്നത് പോര്‍ച്ചുഗീസ് ക്രൈസ്തവ മിഷണറിമാരിലൂടെയാണ്. യൂറോപ്പിലെ നവോത്ഥാന സ്കൂളുകളുടെ മാതൃകയില്‍ 1510ല്‍ കൊച്ചിയില്‍ തുടങ്ങിയ സ്കൂളില്‍ പണിക്കര്‍, മുസ്ലിം വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നുവെന്നു രേഖകളില്‍ കാണുന്നു. കൊടുങ്ങല്ലൂരും കൊല്ലത്തും കണ്ണൂരിലും ഈ മാതൃകയിലുള്ള സ്കൂളുകള്‍ ഉണ്ടായിരുന്നതായി പോര്‍ച്ചുഗീസ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിയില്‍ 1518ല്‍ ആരംഭിച്ച സെന്റ് ആന്റണീസ് കോളജും 1549ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ശ്രമഫലമായി ഈശോസഭക്കാര്‍ ആരംഭിച്ച മാദ്ര് ദെ ദേവൂസ് കോളജും 1552ല്‍ ഡൊമിനിക്കന്‍ കോളജും 1572ല്‍ ആരംഭിച്ച അഗസ്റ്റീനിയൻ കോളജും ഉപരിവിദ്യാഭ്യാസം നല്കുന്ന കൊച്ചിയിലെ സ്ഥാപനങ്ങളായിരുന്നു.
1557ല്‍ ഈശോസഭക്കാരുടെ കൊച്ചിയിലെ മാദ്ര് ദെ ദേവൂസ് കോളജില്‍ 300 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടായിരുന്നു. അന്ന് അവിടെ മലയാളം പഠിച്ച ഫാ. ഹെന്റിക് ബാന്റിക്സ് ആണ് 1578ല്‍ ആദ്യത്തെ അച്ചടിയന്ത്രം മലയാളിയായ ഫാ. പെദ്രോ ലൂയിസിന്റെ സഹായത്തോടെ കൊല്ലത്തെ സല്‍വദോര്‍ എന്ന ഈശോസഭാ കോളജില്‍ സ്ഥാപിക്കുന്നതും ‘തമ്പുരാന് വണക്കം’ എന്ന ആദ്യപുസ്തകം അച്ചടിക്കുന്നതും. ലത്തീന്‍, ഗ്രീക്ക്, ക്ലാസിക്കല്‍ സാഹിത്യം, കവിത, തത്വശാസ്ത്രം, ശാസ്ത്രവിഷയങ്ങള്‍, തദ്ദേശീയ ഭാഷകള്‍ എന്നിവയും ദൈവശാസ്ത്രവും വിഷയങ്ങളായി പഠിപ്പിച്ചിരുന്ന ഈ കോളജുകളില്‍ യൂറോപ്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ വന്‍ സ്വാധീനം ശ്രദ്ധേയമായിരുന്നു.
കൊച്ചിയിലെ ഈശോസഭക്കാരുടെ മാദ്ര് ദെ ദേവൂസ് (Madre de Deus) കോളജില്‍ കുറച്ചുകാലമുണ്ടായിരുന്നിട്ട് മധുരയിലേക്കു പോയ റോബര്‍ട്ട് ഡി നോബിലി, ചൈനയില്‍ വലിയ ശാസ്ത്രീയ- സാംസ്കാരിക സംഭാവനകള്‍ നല്കിയ മത്തേയോ റിച്ചി, ഈശോസഭക്കാരുടെ അമ്പഴക്കാട് കോളജില്‍ താമസിക്കുകയും തമിഴ് ഭാഷയിലും തമിഴ്നാട്ടിലും വലിയ സാംസ്കാരിക സംഭാവനകള്‍ നല്‍കുകയും ചെയ്ത കോണ്‍സ്റ്റന്റയില്‍ ബെസ്കി തുടങ്ങി അനേകം പണ്ഡിതർ യൂറോപ്യൻ നവോത്ഥാന കാഴ്ചപ്പാടില്‍ വിവിധ സാംസ്കാരിക പരീക്ഷണങ്ങളും സാധ്യതകളും ദിശകളും രൂപപ്പെടുത്തിയെടുത്തത് കേരളത്തിലെ ഈശോസഭക്കാരുടെ കോളജുകളില്വച്ചായിരുന്നു എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
അത്രയും ഉദാത്തമായ നിലവാരം ഈ കോളജുകള്‍ അന്നു പുലര്‍ത്തിയിരുന്നു.
ഈ അടിത്തറയിലാണ് 19-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ലിബറല്‍ വിദ്യാഭ്യാസ രീതി നടപ്പാക്കിയത്. 1817ല്‍ ആരംഭിച്ച സിഎംഎസ് കോളജ് 1837 ആയപ്പോഴേക്കും 100 കുട്ടികളുള്ള കോളജായി മാറിയിരുന്നു. 931 കുട്ടികളുള്ള 30 സ്കൂളുകള്‍ അക്കാലമായപ്പോഴേക്കും സിഎംഎസ് മിഷണറിമാര്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. 1891ല്‍ സിഎംഎസ് സ്കൂളുകളുടെ എണ്ണം 164 ആയി.
എണ്ണം മാത്രമല്ല, തോമസ് നോര്ട്ടന്, ബഞ്ചമിന് ബെയ്ലി, ഹെന്റി ബേക്കര്‍, ജോസഫ് പീറ്റ് എന്നീ മിഷണറിമാരുടെ ശ്രമഫലമായി ഇവയുടെ അക്കാദമിക നിലവാരവും ഏറെ ഉയര്‍ന്നു. ഒപ്പം ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെയും മറ്റു ബാസല്‍ മിഷണറിമാരുടെയും ശ്രമഫലമായി വടക്കാഞ്ചേരി മുതല്‍ കാസര്‍ഗോഡ് വരെ സ്കൂളുകളുടെ ഒരു നീണ്ട നിര രൂപപ്പെട്ടുവന്നു. സാങ്കേതിക പരിശീലനം നല്കുന്ന വിദ്യാഭ്യാസരീതിയും അവര്‍ കൊണ്ടുവരികയും അച്ചടി, തുണിനെയ്ത്ത്, മരപ്പണി, വാച്ച് നിര്‍മാണം, ഓട് നിര്‍മാണം തുടങ്ങിയ തൊഴില്‍സാധ്യതയുള്ള പരിശീലന പരിപാടിയും തങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാക്കി ബാസല്‍ മിഷനറിമാര്‍ ഈ മേഖലയില്‍ ആവിഷ്ക്കരിക്കുകയുണ്ടാ യി.
1860ല്‍ ബാസല്‍ മിഷണറി ജോര്‍ജ് പ്ളെബ്സ്റ്റ് ജര്‍മനിയിലെ ഓട് നിര്‍മാണ രീതിയും ഇന്ത്യന്‍ കുശവര്‍ അവലംബിച്ചിരുന്ന പരമ്പരാഗത ഓട് നിര്‍മാണ ജ്ഞാനവും കൂട്ടിച്ചേര്‍ത്ത് മേച്ചിലോടുകള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതോടെ വിപ്ലവകരമായ മാറ്റമാണ് ഭവനനിര്‍മാണ മേഖലയിലുണ്ടായത്. 1961ലെ സെന്‍സസില്‍ 168.75 ലക്ഷമായി ഉയര്‍ന്ന കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ 33.80 ലക്ഷം ‘വീടുകള്‍’ (സ്വാഭാവികമായും ഓടിട്ട വീടുകള്‍) ഉണ്ടായിരുന്നതായി കാണുന്നു. ഓടിട്ട വീടുകള്‍ വളരെ വേഗം കേരളമാകെ പ്രചരിച്ചത് ബാസല്‍ മിഷനറിമാരുടെ സാങ്കേതിക വിദ്യാഭ്യാസ ചാലുകളിലൂടെയാണ് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.
1855ല്‍ തിരുവിതാംകൂറില്‍ അടിമത്തം നിരോധിച്ചപ്പോള്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെ മക്കളെ, പ്രത്യേകിച്ചു പറയ-പുലയ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളെ, തങ്ങളുടെ സ്കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്ന ഒരു രീതി ക്രൈസ്തവര്‍ കൊണ്ടുവന്നതോടെ വിപ്ലവകരമായ ഒരു മാറ്റമാണ് മുഖ്യധാരാ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായത്. ഇങ്ങനെയൊരു പൊതുവിദ്യാഭ്യാസ സംസ്കാരം ഉണ്ടായതുതന്നെ മാന്നാനത്തു പുലയ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയും ചേര്‍ത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് സ്കൂള്‍ ആരംഭിച്ചതോടെയാണ്.
സവര്‍ണ സ്കൂളുകളിലും മറ്റിടങ്ങളിലും ഈ വിഭാഗം മാറ്റിനിർത്തപ്പെട്ട ആ കാലയളവില്‍ ഇതൊരു വിപ്ലവകരമായ തുടക്കമായിരുന്നു. 1927 ആയപ്പോഴേക്കും സീറോ മലബാര്‍ രൂപതകള്‍ നടത്തുന്ന സ്കൂളുകളില്‍ പഠിച്ചവരില്‍ 12 ശതമാനം പേരും ഇങ്ങനെ അടിമത്ത നിരോധനം മൂലം സ്വതന്ത്രരാക്കപ്പെട്ടവരുടെ സന്തതിപരമ്പരകളോ പറയ-പുലയ വിഭാഗത്തില്‍പ്പെട്ടവരോ ആയിരുന്നുവെന്ന് ‘കലെന്താരിയ’കള്‍ (രൂപതാ കലണ്ടർ) സാക്ഷ്യപ്പെടുത്തുന്നു.
1880 മുതല്‍ കണ്ണൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ ആരംഭിച്ച സ്കൂളുകള്‍ ഇന്നും കേരള വിദ്യാഭ്യാസ സൗധത്തിന്റെ നെടുംതൂണുകളായി നിലകൊള്ളുന്നു. 1895 ആയപ്പോഴേക്കും ഇന്നത്തെ തൃശൂര്‍ ജില്ല ഉള്‍പ്പെടുന്ന തൃശൂര്‍ വികാരിയാത്തില്‍ 10 ഇംഗ്ലീഷ് സ്കൂളുകളും 150 മലയാളം വെര്‍ണാകുലര്‍ സ്കൂളുകളും ക്രൈസ്തവര്‍ സ്ഥാപിച്ചതായി ‘കലെന്താരിയ’കള്‍ സാക്ഷ്യപ്പെടുത്തുന്നു.
1905ഓടുകൂടി ഇന്നത്തെ എറണാകുളം ജില്ല ഉൾപ്പെടുന്ന എറണാകുളം വികാരിയത്തിൽ വിവിധ തട്ടിലുള്ള 175 സ്കൂളുകൾ ആരംഭിക്കുകയുണ്ടായി. 1910 ആയപ്പോഴേക്കും ഇന്നത്തെ കോട്ടയം ജില്ല ഉൾപ്പെടുന്ന ചങ്ങനാശേരി വികാരിയാത്തിൽ വിവിധ ഗ്രേഡിലുള്ള 418 സ്കൂളുകൾക്ക് തുടക്കമിടുകയുണ്ടായി. തൃശൂർ, ചങ്ങനാശേരി, ആലുവ പോലുള്ള പ്രധാന നഗരങ്ങളിൽ അധ്യാപകരിൽ ഏറെയും അയ്യർമാരോ പിള്ളമാരോ തമിഴ് പട്ടർമാരോ ആയിരുന്നു എന്ന് രേഖകൾ കാണിക്കുന്നു. അവരിലേറെയും മദ്രാസിലോ തൃശിനാപ്പള്ളിയിലോ ഉപരിവിദ്യാഭ്യാസം നേടിയവരുമായിരുന്നു.
1937 ആയപ്പോഴേക്കും ഏഴ് ഇംഗ്ലീഷ് സ്കൂളുകളും 26 ലോവർ സെക്കൻഡറി സ്കൂളുകളും 15 പ്രൈമറി ഇംഗ്ലീഷ് സ്കൂളുകളും 107 പ്രൈമറി മലയാളം സ്കൂളുകളും ഉണ്ടായിരുന്ന തൃശൂർ രൂപതയിൽ 41,787 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നുണ്ടായിരുന്നു. ഇത് അന്നത്തെ രൂപതയുടെ ജനസംഖ്യയിൽ 25 ശതമാനം വരുന്നതായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൻതോതിൽ വ്യാപിച്ചതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയ ക്രൈസ്തവരുടെ എണ്ണം 1931ലെ സെൻസസ് പ്രകാരം 27,196 ആയി ഉയർന്നുകഴിഞ്ഞിരുന്നു.
(തുടരും)
(ജെഎന്‍യു ചരിത്രവിഭാഗത്തിലെ
മുന്‍ പ്രഫസറും കോതമംഗലം രൂപത
വികാരി ജനറാളുമാണ് ലേഖകൻ)