കണ്ണൂര്‍: കേരളത്തെ മാറ്റിമറിച്ച ഒരുപാട് വികസന സംരംഭങ്ങള്‍ക്ക് തുടക്കമിട്ട മുഖ്യമന്ത്രിയായിരുന്നു ആര്. ശങ്കറെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കേരളത്തില്‍ പാവപ്പെട്ടവര്‍ക്കായി വിദ്യാഭ്യാസരംഗത്തു വിപ്ലവം സൃഷ്ടിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ആര്. ശങ്കറിന്റെ 117-ാം ജന്മവാര്‍ഷികദിനാഘോഷവും അനുസ്മരണ പ്രഭാഷണവും കണ്ണൂര്‍ പുതിയതെരു മാഗ്നറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലും കൊല്ലത്തും ആര്. ശങ്കര്‍ തുടക്കമിട്ട കോളജുകള്‍ പിന്നാക്കക്കാരെയും പാവപ്പെട്ടവരെയും ലക്ഷ്യം വച്ചു കൊണ്ടുള്ളതായിരുന്നു. കേരളത്തില്‍ ക്ഷേമപെന്‍ഷനുകള്‍ക്ക് തുടക്കമിട്ട ദീര്‍ഘദര്‍ശിയായ മുഖ്യമന്ത്രിയായിരുന്നു ശങ്കര്‍. വിധവാ പെന്‍ഷനും വാര്‍ധക്യ പെന്‍ഷനും അംഗപരിമിത പെന്‍ഷനും അദ്ദേഹം തുടക്കമിട്ടു.
ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ നടപ്പാക്കിയ നേതാവായിരുന്നു ശങ്കര്‍. തൊഴിലും വിദ്യാഭ്യാസ വും വ്യക്തിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന ഗുരു സന്ദേശം അദ്ദേഹം പ്രാവര്‍ത്തികമാക്കി.
വലിയ സര്‍ക്കാര്‍ ജോലികള്‍ വേണ്ടെന്ന് വച്ച് കാല് നടയായി നടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ശങ്കറെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് സി.ആര്. മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെ. സുധാകരന് എംപി മുഖ്യാതിഥിയായിരുന്നു. കെ. പ്രമോദ്, മാര്ട്ടിന് ജോര്‍ജ്, വി.എ. നാരായണന്, മേയര്‍ പി. ഇന്ദിര, എം. പ്രദീപ്കുമാര്‍, രാജീവന് എളയാവൂര്, ടി. ജയകൃഷ്ണന്, കൂക്കിരി രാജേഷ്, എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham R. Shankar revolutionized education sector