കോട്ടയം: പുതുപ്പള്ളിയുടെ മണ്ണില്‍ ഇന്നു മുതല്‍ കലയുടെ സര്‍ഗസംഗമം. സഹോദയ സിബിഎസ്ഇ സ്കൂള്‍ കലോത്സവം സര്‍ഗസംഗമത്തിന് പുതുപ്പള്ളി ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ ഇന്നു തിരിതെളിയും. ആട്ടവും പാട്ടും നൃത്തവുമായി കൗമാര പ്രതിഭകള്‍ മൂന്നു ദിവസത്തെ സര്ഗസംഗമത്തില് ആടിത്തിമിര്‍ക്കും.
സഹോദയയ്ക്കു കീഴിലുള്ള 110 സിബിഎസ്ഇ സ്കൂളുകളില്‍നിന്ന് ആറായിരത്തിലധികം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. മൂന്നു ദിവസമായി 30ല്‍ അധികം വേദികളിലായി 150 ഇനങ്ങളിലാണു മത്സരങ്ങള്‍. ഇന്നു രാവിലെ 10നു നടക്കുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എസ്തര് അനില്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോഷ് കാഞ്ഞൂപ്പറമ്പില്‍, സ്കൂള്‍ റെക്ടറും മാനേജരുമായ ഫാ. ആന്റണി വയലാട്ട്, കോട്ടയം സഹോദയ പ്രസിഡന്റ് ഫാ. ഷിജു പറത്താനം, രക്ഷാധികാരി ബെന്നി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. സുനിത സതീഷ്, ഡോണ്‍ ബോസ്കോ ബാംഗ്ലൂര്‍ പ്രൊവിന്‍സ് സ്കൂള്‍ കമ്മീഷന് ഹെഡ് ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്നാരംഭിക്കുന്ന സ്റ്റേജ് മത്സരങ്ങള്‍ 31നു സമാപിക്കും. സ്റ്റേജ് ഇതര മത്സരങ്ങള്‍ കഴിഞ്ഞ 24നു സംഘടിപ്പിച്ചു. ഇരുപതിലധികം വേദികളിലായി നടന്ന മത്സരങ്ങളില്‍ രണ്ടായിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലെ വിവിധ സാഹിത്യരചനാ മത്സരങ്ങള്‍, ചിത്രരചന, പെയിന്റിംഗ്, കൊളാഷ്, ഡിജിറ്റല്‍ പെയിന്റിംഗ്, പോസ്റ്റര്‍ നിര്‍മാണം തുടങ്ങി നിരവധി ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിച്ചു. ബാന്‍ഡ് ഡിസ്പ്ലേമത്സരവും അരങ്ങേറി.
പത്രസമ്മേളനത്തില്‍ ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോഷ് കാഞ്ഞൂപ്പറമ്പില്‍, കോട്ടയം സഹോദയ പ്രസിഡന്റ് ഫാ. ഷിജു പറത്താനം, ജനറല്‍ സെക്രട്ടറി ഡോ. സുനിത സതീഷ്, മീഡിയ കോഓര്‍ഡിനേറ്റര്‍ അലീഷ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Tags :