സിബി ജസ്റ്റിൻ സ്റ്റീഫൻ ഷിഹാബ് സുബീർ
ആലപ്പുഴ: നഗരത്തിൽ പഴകിയ അരിയുടെ രസീത് ഉപയോഗിച്ചു196 ചാക്ക് റേഷൻ ഭക്ഷ്യധാന്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം. ആലപ്പുഴ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ എൻഎഫ്എസ്എ ജീവനക്കാരടക്കം നാലു പേരെയാണ് ആലപ്പുഴ സൗത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.
എൻഎഫ്എസ്എ ഗോഡൗൺ ജീവനക്കാരായ സിബി, കാഞ്ഞിരംചിറ സ്വദേശി ജസ്റ്റിൻ സ്റ്റീഫൻ, മൂവാറ്റുപുഴ പിഴകപ്പള്ളി കൊല്ലംകുടി വീട്ടിൽ ഷിഹാബ് (40), ആലപ്പുഴ ഇരവുകാട് വാർഡ് മാളികപ്പറമ്പ് വീട്ടിൽ സുബീർ (39) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇരവുകാട് മാളികപ്പറമ്പ് ജംഗ്ഷനു സമീപത്തെ പുരയിടത്തിൽനിന്ന് 83 ചാക്ക് അരി, 13 ചാക്ക് ഗോതമ്പ് എന്നിവ പൊലിസ് കണ്ടെത്തിയത്. സമീപത്തുനിന്നായി 100 ചാക്ക് അരി കയറ്റിയ മിനിലോറിയും പൊലിസ് പിടികൂടിയിരുന്നു.
ജില്ലാ സപ്ലൈ ഓഫിസർ എൻഎഫ്എസ്എ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. പച്ചരി 76 ക്വിന്റലും കുത്തരി 44 ക്വിന്റലും കുറവുള്ളതായി ബോധ്യപ്പെട്ടു. പുഴുക്കലരി 60 ക്വിന്റൽ കൂടുതലാണെന്നും കണ്ടെത്തി. പഴയകിയ അരിയുടെ മറവിൽ കാലടിയിലെ മില്ലിലേക്കുള്ള അരികടത്താണ് പൊളിക്കാൻ സാധിച്ചതെന്നാണ് പൊലിസ് ഉറപ്പിക്കുന്നത്.
എന്നാൽ, പൊലിസ് നിർദേശ പ്രകാരമുള്ള പരിശോധനയിൽ ഇടകലർത്തിയ പഴയകിയ അരിയാണെന്നാണ് ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം ആറു ചാക്ക് പഴകിയ അരി എൻഎഫ്എസ്എ ഗോഡൗണിൽനിന്നു പ്രതികൾക്കു നൽകിയിരുന്നു. അതിനുള്ള രസീത് ഉപയോഗിച്ചുള്ള അരിക്കടത്തായിരുന്നെന്നാണ് പൊലിസ് സംശയിക്കുന്നത്.
എസ്ഐ സുനിൽ രാജിന്റെ നേതൃത്വത്തിൽ ഷാഡോ ടീം അംഗങ്ങളായ എസ്ഐ മുജീബ്, എഎസ്ഐ ഉല്ലാസ്, പൊലിസുദ്യോഗസ്ഥരായ വിപിൻദാസ്, ശ്യാം, ബിനോയ് ജോർജ്, ലവൻ എന്നിവർ ചേർന്നാണ് അരി പിടികൂടിയത്.
എൻഎഫ്എസ്എ ഗോഡൗണിൽ സിസിടിവി കാമറ സ്ഥാപിക്കും
ആലപ്പുഴ: റേഷൻ ധാന്യക്കടത്തിന് ശ്രമം നടന്നതിന്റെ പശ്ചാത്തലത്തിൽ തിരിമറി ശ്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണിൽ സിസി ടിവി കാമറ സ്ഥാപിക്കാൻ ജില്ലാ സപ്ലൈ ഓഫിസർ സിവിൽ സപ്ലൈസ് കമ്മിഷണർക്കും സപ്ലൈകോ എംഡിക്കും ശിപാർശ നൽകി.
Tags :