കൊല്ലം: നാഗര്‍കോവില്‍ -കൊല്ലം എക്സ്പ്രസ് ട്രെയിന്‍ മിക്ക ദിവസവും മണിക്കൂറുകളോളം വൈകിയോടുന്നതിനാല്‍ ചിറയിന്‍കീഴ് മുതല്‍ കൊല്ലം വരെയുള്ള സര്ക്കാരാഫിസുകളിൽ ഉദ്യോഗസ്ഥർക്ക് സമയത്തിനെത്താൻ സാധിക്കു ന്നില്ല. രാവിലെ എട്ടരക്ക് തമ്പാനൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 10.20-നാണ് കൊല്ലത്ത് എത്തിച്ചേരേണ്ടത്. ട്രെയിന്‍ കൃത്യമായി ഓടിയാല്‍ വര്‍ക്കല വരെ യാത്ര ചെയ്യുന്നവർക്ക് കൃത്യമായി ഓഫീസില്‍ എത്താനാകും. രാവിലെ 10 കഴിഞ്ഞ് ട്രെയിന്‍ ഇറങ്ങിയാല്‍ ബസ് കുറവുകാരണം ഓഫിസില്‍ എത്താന്‍ വീണ്ടും വൈകും.
മാത്രമല്ല പഞ്ചിംഗ് ഉള്ളതിനാല്‍ ലേറ്റ് മാര്‍ക്ക് ചെയ്യുകയും പലപ്പോഴും അവധിയായി മാറുകയും ചെയ്യും. ട്രെയിന്‍ വൈകുന്നതോടെ ഉദ്യോഗസ്ഥരും ഓഫിസിലെത്താൻ വൈകുക യാണ്.
രാവിലെ 6.25-ന് നാഗര്‍കോവിലില്‍ നിന്നു പുറപ്പെടുന്ന നമ്പര്‍ 56102 ട്രെയിന്‍ 8.25 -ന് തമ്പാനൂരിലും 10.20-ന് കൊല്ലത്തും എത്തേണ്ടതാണ്. എന്നാല്‍ സമയക്രമം മിക്കവാറും പാലിക്കാറില്ല. പല ദിവസങ്ങളിലും പത്തേമുക്കാല് കഴിഞ്ഞാണ് ട്രെയിന്‍ കൊല്ലത്ത് എത്തുന്നത്. അതിനാല്‍ കോട്ടയത്തേക്കുള്ള കണക്ഷന് മെമു ട്രെയിന്‍ കിട്ടാതെ യാത്രക്കാര്‍ വലയുന്നു.
കഴിഞ്ഞ ദിവസം ഈ ട്രെയിന്‍ ഒരു മണിക്കൂറാണ് വൈകിയോടിയത്. കുഴിത്തുറ വെസ്റ്റില്‍ 25 മിനിട്ടും കൊച്ചുവേളിയില്‍ 25 മിനിട്ടും പിടിച്ചിട്ടു. അതിനാല്‍ അര മണിക്കൂര്‍ വീതം വൈകി തമ്പാനൂരില്‍ ഒമ്പതിനും കഴക്കൂട്ടത്ത് 9.35 നും എത്തിച്ചേര്‍ന്നു.
ടെക്കികളും ബുദ്ധിമുട്ടിൽ
ഈ ട്രെയിനില്‍ മുന്നൂറോളം ടെക്കികളാണ് തിരുനെല്‍വേലി, നാഗര്‍കോവില്‍ ഭാഗങ്ങളില്‍ നിന്നായി ടെക്നോപാര്‍ക്കില്‍ കഴക്കൂട്ടത്ത് ഇറങ്ങുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 മിനിട്ട് നടന്നാല്‍ ടെക്നോപാര്‍ക്ക് ഫേസ് ഒന്നിലെത്താം.
മറ്റു കാമ്പസുകളിലേക്ക് പോകാന്‍ ബൈപ്പാസിലെത്തി വീണ്ടും ബസ് കയറണം. ഒമ്പതിന് ഡ്യൂട്ടിക്ക് കയറേണ്ട ടെക്കികളില്‍ മിക്കവര്‍ക്കും ദിവസവും ട്രെയിന്‍ വൈകുന്നതിനാല്‍ ശമ്പളം കട്ടാകുന്നു.
ഈ ട്രെയിനിനെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വര്‍ക്കല, പരവൂര്‍, മയ്യനാട് എന്നീ സ്റ്റേഷനുകളിൽ ഇറങ്ങിയശേഷം ബസ് കയറിയാണ് വിവിധ ഓഫീസുകളില്‍ എത്തേണ്ടത്. ട്രെയിന്‍ വൈകുന്നതിനാല്‍ അവരെല്ലാം ഓഫീസുകളില്‍ വൈകിയെത്തുന്നു.
നേത്രാവതിയും വൈകുന്നു
രാവിലെ 9.15 നാണ് തമ്പാനൂര്‍ നിന്ന് മുംബൈക്കുള്ള നേത്രാവതി എക്സ്പ്രസ് പുറപ്പെടേണ്ടത്. പാസഞ്ചര്‍ ട്രെയിന്‍ വൈകുന്നതിനാല്‍ മിക്ക ദിവസവും നേത്രാവതി വൈകി ഓടുന്നു.
കൊച്ചുവേളിയില്‍ പിടിച്ചിടുന്നു
കൊച്ചുവേളി ( തിരുവനന്തപുരം നോര്‍ത്ത്) യില്‍ നിന്ന് രാവിലെ 9.10-ന് തിങ്കളാഴ്ച സമ്പര്‍ക്ക ക്രാന്തിയും ബുധനാഴ്ച അമൃത്സറും വെള്ളിയാഴ്ച ഋഷികേശും ഞായറും വ്യാഴവും ഗരീബ് രഥും ഉണ്ട്. നാഗര്‍കോവില്‍ -കൊല്ലം എക്സ്പ്രസിനെ മയ്യനാട് പിടിച്ചിട്ടശേഷം കൊച്ചുവേളിയില്‍ നിന്നു തിരിക്കുന്ന ദീര്‍ഘദൂര ട്രെയിനുകളെ കടത്തിവിടുകയാണ് പതിവ്. പിന്നാലെ നാഗര്‍കോവില്‍ -കൊല്ലം എക്സ്പ്രസ് കൊല്ലത്ത് എത്തും. പിന്നാലെ നേത്രാവതി കൊല്ലത്ത് എത്തിച്ചേരുന്നതാണ് സമയക്രമം. നാഗര്‍കോവിലില്‍ നിന്ന് പുറപ്പെട്ട് കുഴിത്തുറ വെസ്റ്റില്‍ അരമണിക്കൂര്‍, നാഗര്‍കോവില്‍ -കൊല്ലം എക്സ്പ്രസ് പിടിച്ചിട്ടാല്‍ എല്ലാ സമയക്രമവും തെറ്റും.
ആറേമുക്കാല്‍ കഴിഞ്ഞാല്‍ ട്രെയിന്‍ എട്ടരക്ക്
രാവിലെ 6.15-ന് പരശുറാം, 6.25 ന് മധുര പുനലൂര്‍ എക്സ്പ്രസ്, 6.45-ന് ശബരി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണ് ഇപ്പോഴുള്ളത്. ശബരി കൊല്ലത്ത് 8.37-ന് എത്തും. ഇടയ്ക്ക്് വര്‍ക്കല മാത്രമേ സ്റ്റോപ്പുള്ളൂ. വന്ദേഭാരത് പോലുള്ള വേഗത കൂടിയ ട്രെയിന്‍ വന്നതായി മേനി നടിക്കുമ്പോഴും രാവിലെ എട്ടിനുശേഷമുള്ള തിരുവനന്തപുരം- കായംകുളം യാത്ര ദുര്‍ഘടമായി മാറി .
കഴക്കൂട്ടത്ത് സ്റ്റോപ്പ്
ഇല്ലാത്ത അനന്തപുരി
അരലക്ഷം പേര് പണിയെടുക്കുന്ന ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടത്ത് അനന്തപുരി എക്സ്പ്രസിന് സ്റ്റോപ്പില്ല. ചെന്നൈ എഗ്മൂറില്‍ നിന്ന് രാത്രി 7.50-ന് പുറപ്പെടുന്ന അനന്തപുരി എക്സ്പ്രസ് തിരുനെല്‍വേലിയില്‍ രാവിലെ ആറിനും നാഗര്‍കോവിലില്‍ 7.25 നും തിരുവനന്തപുരത്ത് 9.25-നും എത്തും. കൊല്ലത്ത് 11.15 നു എത്തുന്നതിനു മുമ്പ് വര്‍ക്കല, പരവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. കൊല്ലത്ത് ട്രെയിന്‍ എത്തുമ്പോള്‍ 50ൽ താഴെ യാത്രക്കാര്‍ മാത്രമേ കാണുകയുള്ളൂ. തിരുവനന്തപുരം -കൊല്ലം റൂട്ടില്‍ ഒരു മണിക്കൂറാണ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിയെത്താന്‍ ആവശ്യമായ സമയം. ഒമ്പതരക്ക് തിരുവനന്തപുരത്തു നിന്നു വിടുന്ന അനന്തപുരി എക്സ്പ്രസ് ഒന്നേമുക്കാല്‍ സമയമെടുത്താണ് കൊല്ലത്ത് എത്തിച്ചേരുന്നത്. സ്റ്റോപ്പില്ലാത്തിടത്തെല്ലാം നിര്‍ത്തിയിടും. ആവശ്യക്കാര്‍ക്ക് ഇറങ്ങാനുള്ള കഴക്കൂട്ടത്ത് നിര്‍ത്തില്ല. തിരുനെല്‍വേലി മുതല്‍ ഉള്ളവര്‍ തമ്പാനൂര്‍ ഇറങ്ങി ഗതാഗത കുരുക്കില്‍പെട്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ടെക്നോ പാര്‍ക്കില്‍ എത്തണം.
ജയന്തി ജനതയുടെ
സമയം മാറ്റി റെയില്‍വേയുടെ
കൊലച്ചതി
തിരുവനന്തപുരം മുതല്‍ തിരുവല്ല വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായ സമയത്ത് ഓടിയിരുന്നതാണ് മുംബൈക്കുള്ള ജയന്തി ജനത എക്സ്പ്രസ്. 7.50-ന് തമ്പാനൂര്‍ നിന്ന് പുറപ്പെട്ടാല്‍ 8.50-നു കൊല്ലത്തും 10 നകം കായംകുളവും എത്തിയിരുന്നു. ഈ ട്രെയിന്റെ സമയം മാറ്റിയതോടെ തിരുവനന്തപുരത്ത് നിന്ന് കായംകുളം ഭാഗത്തേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായി ഉണ്ടായിരുന്ന ട്രെയിന്‍ ഇല്ലാതാക്കുകയാണ് റെയില്‍വെ ചെയ്തത്.
Tags :