ദേശീയപാതയിൽ അമലഗിരിക്ക് സമീപം ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ റോഡിലേക്കുവീണ കല്ലുകൾ നീക്കംചെയ്യാൻ ശ്രമിക്കുന്നവർ.
പെരുവന്താനം: ദേശീയപാതയിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ അമലഗിരിയിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.
റോഡിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണ് ഒരു മണിക്കൂറോളമാണ് വാഹന ഗതാഗതം തടസപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിലെ കല്ലും മണ്ണും നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രണ്ടു ദിവസം മുമ്പ് അമലഗിരിക്ക് സമീപം ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന് തൊട്ടടുത്ത പ്രദേശത്താണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായത്. കഴിഞ്ഞ കുറേ നാളുകളായി ഈ മേഖലയിൽ ശക്തമായ രീതിയിലാണ് പാതയിലേക്ക് പാറക്കല്ലുകളും മണ്ണും പതിക്കുന്നത്. വാഹന യാത്രക്കാർ അത്ഭുതകരമായിട്ടാണ് പലപ്പോഴും വൻ ദുരന്തങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്.
അമലഗിരിക്കും പുല്ലുപാറയ്ക്കുമിടയിലുള്ള ചുരുങ്ങിയ ദൂരത്തിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണയാണ് ചെറുതും വലുതുമായ കൂറ്റൻ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചത്. മാസങ്ങൾക്ക് മുമ്പ് അമലഗിരിക്ക് സമീപം കൂറ്റൻ പാറക്കല്ല് കെഎസ്ആർടിസി ബസിന്റെ വശത്ത് ഇടിച്ച് റോഡിലേക്ക് പതിച്ചിരുന്നു. അന്ന് തലനാരിഴയ്ക്കാണ് വലിയ ദുരന്തം വഴി മാറിയത്. ഇതിനുശേഷം പുല്ലുപാറയിൽ വീണ്ടും കൂറ്റൻ പാറക്കല്ല് വീണതിനെത്തുടർന്ന് ഒരു മാസത്തോളം റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം നടത്തിയിരുന്നത്. ഇനിയും ഏതു നിമിഷവും താഴേക്ക് വീഴാവുന്ന രീതിയിൽ നിരവധി കൂറ്റൻ പാറകളാണ് പാതയ്ക്ക് മുകളിലായി ഭീഷണിയുയർത്തി നിൽക്കുന്നത്. എന്നാൽ, ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സുരക്ഷാ നടപടികളും ഉണ്ടായിട്ടില്ല. വലിയ അപകടങ്ങൾക്ക് കാത്തുനിൽക്കാതെ അപകടഭീഷണി ഉയർത്തി നിൽക്കുന്ന പാറക്കല്ലുകൾ അടിയന്തരമായി നീക്കം ചെയ്ത് റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
Tags :