District News
പറവൂർ: സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ സ്വർണമാല കവർന്നു കടന്നുകളഞ്ഞു. പെരുവാരം കാടാശേരി ഉഷ (64) യുടെ എട്ടു പവൻ തൂക്കമുള്ള മാല കവർന്നു. ഇന്നലെ വൈകുന്നേരം നാലോടെ പെരുവാരം ഞാറക്കാട്ട് റോഡിന് കിഴക്കുവശം അങ്കണവാടി റോഡിലാണ് സംഭവം.
ദേശീയപാതയിൽ പെരുവാരം - പൂശാരിപ്പടി റോഡിലൂടെ നടന്ന് അങ്കണവാടിക്കു സമീപമുള്ള വീട്ടിലേക്ക് ഒറ്റക്ക് നടന്നു പോകുമ്പോൾ പിന്നിലുടെ നീലനിറത്തിലുള്ള സ്കൂട്ടറിൽ എത്തിയവരിൽ ഒരാൾ സ്കൂട്ടറിൽ നിന്ന് ഇറങ്ങുകയും മറ്റെയാൾ സ്കൂട്ടർ ഓടിച്ച് അല്പം മാറി നിൽക്കുകയും ചെയ്തു.
സ്കൂട്ടറിന്റെ പിന്നിൽ നിന്ന് ഇറങ്ങിയ ആളാണ് ബലമായി മാല പൊട്ടിച്ചെടുത്തത്. തടസപ്പെടുത്താൻ ശ്രമിച്ച ഉഷ റോഡിൽ വീണു.
ഈ സമയം സ്കൂട്ടർ അടുത്തേക്ക് കൊണ്ടുവന്ന് മാല പൊട്ടിച്ചെടുത്തയാൾ അതിന്റെ പിന്നിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഉഷ ഉച്ചത്തിൽ കരയുന്നത് കേട്ട് സമീപവാസി വീട്ടിൽ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും ഞാറക്കാട്ട് റോഡിൽ നിന്ന് വടക്കോട്ടുള്ള റോഡിലേക്ക് ഇവർ കടന്നുകളയുകയായിരുന്നു. മോഷ്ടാക്കളിൽ ഒരാൾ പുറത്ത് ബാഗ് ധരിച്ചിരുന്നു.
വീഴ്ചയിൽ കൈക്ക് പരിക്കേറ്റ ഉഷ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്.
International
ടോക്കിയോ: മറവിരോഗം ബാധിക്കുന്ന ആളുകൾ രാജ്യത്തു വർധിക്കുന്നതിനിടെ ഇവരെ പരിചരിക്കാനുള്ള ആൾക്ഷാമം കണക്കിലെടുത്ത് റോബോട്ടുകളെ ആശ്രയിക്കാൻ ജപ്പാൻ ഗൗരവമായി ആലോചിക്കുന്നു.
സർക്കാർ നിർദേശപ്രകാരം വാസെദ സർവകലാശാലയിലെ ഗവേഷകർ ഭാവി പരിചാരകരായി 150 കിലോ ഭാരമുള്ള ഹ്യൂമനോയിഡ് റോബോട്ടായ എഐആർഇസി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയെ സോക്സ് ധരിപ്പിക്കാനും തുണി മടക്കിവയ്ക്കാനും മുതിർന്നവരുടെ നാപ്കിനുകൾ മാറ്റാനുമൊക്കെ ഈ റോബോട്ടുകൾ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
കെയർ ഹോമുകളിൽ അന്തേവാസികൾക്ക് സംഗീതം പ്ലേ ചെയ്യുന്നതിനോ ലളിതമായ വ്യായാമങ്ങളിൽ അവരെ സഹായിക്കുന്നതിനോ ഒക്കെ സമാനമായ റോബോട്ടുകൾ ഇതിനകംതന്നെ ഉപയോഗിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ രോഗികളുടെ ചലനം നിരീക്ഷിക്കുന്നതിനായി കട്ടിലുകൾക്കടിയിൽ ഈ റോബോട്ടിനെ വയ്ക്കുന്നുമുണ്ട്.
പ്രമുഖ ജാപ്പനീസ് ഇലക്ട്രോണിക്സ് കന്പനിയായ ഷാർപ്പ് കോർപറേഷൻ, ബാഗിലോ പോക്കറ്റിലിട്ടോ കൊണ്ടുപോകാനാകുന്ന 12 സെന്റിമീറ്റർ ഉയരമുള്ള എഐ അധിഷ്ഠിത റോബോട്ടായ പോകെറ്റോമോ വികസിപ്പിച്ചുകഴിഞ്ഞു. ഇത് ആളുകളെ മരുന്ന് കഴിക്കാൻ ഓർമിപ്പിക്കുകയും കാലാവസ്ഥാമുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഒറ്റയ്ക്കു താമസിക്കുന്നവരുമായി സംഭാഷണത്തിലേർപ്പെടാനും ഈ റോബോട്ടിനു കഴിയും. അതിനാൽത്തന്നെ ഈ റോബോട്ട് സാമൂഹിക ഒറ്റപ്പെടൽ ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
കാണാതാകുന്നവരെ നിരീക്ഷിക്കുന്നതിനായി രാജ്യമെമ്പാടും ആളുകൾ ജിപിഎസ് അധിഷ്ഠിത സംവിധാനങ്ങൾ സ്വീകരിക്കുന്നുണ്ട്. ചില പ്രദേശങ്ങളിൽ ധരിക്കാവുന്ന ജിപിഎസ് ടാഗുകൾ ലഭ്യമാണ്. ഒരാൾ നിയുക്ത പ്രദേശം വിട്ടുപോകുമ്പോൾത്തന്നെ അധികാരികളെ അറിയിക്കാൻ ഇവയ്ക്കു കഴിയും.
ജാപ്പനീസ് ബഹുരാഷ്ട്ര ടെക് കന്പനിയായ ഫുജിറ്റ്സുവിന്റെ നിർമിത ബുദ്ധി വിഭാഗമായ എഐഗെയ്റ്റ് ആളുകളുടെ നടത്തരീതികളും ശരീരഭാഷയും വിശകലനം ചെയ്ത് മറവിരോഗം ആരംഭത്തിൽത്തന്നെ കണ്ടെത്താനുള്ള എഐ അധിഷ്ഠിത സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വീടുവിട്ടിറങ്ങിയത് 18,000 പേർ
കഴിഞ്ഞ വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18,000ത്തോളം വൃദ്ധജനങ്ങളെയാണു മറവിരോഗത്തെത്തുടർന്ന് വീടുകൾ വിട്ടിറങ്ങി കാണാതായത്. ഇതിൽ 500ഓളം പേരെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തി. 2012 മുതൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് പോലീസ് പറയുന്നത്.
മറവിരോഗത്തെ ഏറ്റവും അടിയന്തര നയ വെല്ലുവിളികളിലൊന്നായി സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്, 2030 ആകുമ്പോഴേക്കും മറവിരോഗവുമായി ബന്ധപ്പെട്ട ആരോഗ്യ, സാമൂഹിക പരിപാലന ചെലവുകൾ 14 ട്രില്യൺ യെൻ (9,000 കോടി രൂപ) ആയി ഉയരുമെന്ന് ആരോഗ്യമന്ത്രാലയം കണക്കാക്കുന്നു. ഈ വർഷം ഈയിനത്തിലെ ചെലവ് ഒമ്പത് ട്രില്യൺ യെൻ ആയിരുന്നു.
ജനസംഖ്യാശോഷണം വലിയ ഭീഷണി
രാജ്യത്തെ ജനസംഖ്യാശോഷണം ജപ്പാന് വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. വ്യവസായസ്ഥാപനങ്ങൾ മുതൽ സൈന്യത്തിൽ വരെ ആൾക്ഷാമം രൂക്ഷമാണ്. രാജ്യത്തെ നിയമവ്യവസ്ഥകൾ വിദേശ റിക്രൂട്ട്മെന്റിനും കുടിയേറ്റത്തിനും കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. ലോകത്തിലെ സന്പദ്ശക്തിയെന്ന തങ്ങളുടെ പ്രശസ്തിക്ക് ഭാവിയിൽ ജനസംഖ്യാശോഷണം വലിയ ഭീഷണിയാകുമെന്ന് സർക്കാർ തിരിച്ചറിഞ്ഞുകഴിഞ്ഞു.
ജനസംഖ്യയിലെ കുറവുമൂലമുള്ള തൊഴിലാളി ക്ഷാമം, ജീവിതച്ചെലവ് മൂലം വിവാഹജീവിതത്തോടു വിരക്തി കാട്ടുന്ന പുതുതലമുറ, വൃദ്ധരുടെ എണ്ണത്തിലെ വർധന, വിദേശകുടിയേറ്റത്തിനുള്ള കടുത്ത നിയന്ത്രണം എന്നിവയും പ്രതിസന്ധിയുടെ തീവ്രത വർധിപ്പിക്കുന്നു.
ഇതിനെല്ലാം പുറമെയാണ് പ്രായമായവരിൽ മറവിരോഗികളുടെ എണ്ണം കൂടുകയും ഇവരെ നോക്കാൻ ആളെ കിട്ടാത്തതും സൃഷ്ടിക്കുന്ന വെല്ലുവിളി. യുവതലമുറയെ വിവാഹിതരാകാൻ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വിവാഹച്ചെലവിനായി നിലവിൽ സർക്കാർ 4.2 ലക്ഷം രൂപവരെ സൗജന്യമായി നൽകുന്നു.
നഗരത്തിരക്കിൽനിന്നൊഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കാനും സർക്കാർ വലിയ തുക നൽകുന്നുണ്ട്. രാജ്യത്തെ 281 മുനിസിപ്പാലിറ്റികളും യുവജനങ്ങളെ വിവാഹത്തിനു പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. നിലവിൽ രാജ്യത്തെ ജനസംഖ്യയിൽ 30 ശതമാനവും 65 വയസിനു മുകളിലുള്ളവരാണ്.