കുന്നിടയിലെ വയോജന പകല്‍പരിപാലന കേന്ദ്രത്തിന്റെ കെട്ടിടം ഉപയോഗശൂന്യമായിക്കിടക്കുന്നു.
അടൂർ: ഉദ്ഘാടനം ചെയ്തിട്ട് 17 വര്‍ഷമായിട്ടും കുന്നിടയിലെ വയോജന പകല്‍ പരിപാലന കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കാനായിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഏനാദിമംഗലം പഞ്ചായത്തില്‍ കുന്നിട ജംഗ്ഷനില്‍ നിന്ന് അര കിലോമീറ്റര്‍ മാറിയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പഞ്ചായത്താണ് കേന്ദ്രം തുടങ്ങിയത്. സംസ്ഥാനത്തുടനീളം ആരംഭിച്ച വയോജനപകല് പരിപാലന കേന്ദ്രങ്ങളുടെ ഭാഗമായാണ് ഇവിടെയും തുടങ്ങിയത്. വയോജനങ്ങള്‍ക്ക് വേണ്ടി ഒരു പകലിടം എന്ന രീതിയിലാണ് കേന്ദ്രം ആരംഭിച്ചത്. ഒറ്റപ്പെട്ട് ജീവിക്കുന്ന വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങളില്‍ മാനസിക ഉല്ലാസത്തോടെ ചെലവഴിക്കാന്‍ ഒരു സ്ഥലം എന്നതായിരുന്നു ഉദ്ദേശ്യം. 2009 ജനുവരി 22-ന് അന്നത്തെ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതുവരെയും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല.
രണ്ട് നിലകളും മുകളില്‍ ഷീറ്റിട്ടതുമായാണ് കെട്ടിടമുള്ളത്. വെള്ളമില്ലാത്തതാണ് കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനു കാരണമായി പറയുന്നത്. കുറച്ച് ഉയര്‍ന്ന പ്രദേശത്താണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കിണര്‍ കുഴിച്ചെങ്കിലും അടിയില്‍ പാറയായതിനാല്‍ വെള്ളം ലഭിച്ചില്ല. മാത്രമല്ല ഇനി കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാന്‍ നവീകരണ പ്രവര്‍ത്തനവും ആവശ്യമാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി നവീകരണത്തിന് തുക വകയിരുത്തിയിരുന്നെങ്കിലും അത് പര്യാപ്തമല്ലായിരുന്നു.
കെട്ടിടത്തിന്റെ വയറിംഗ് ഉള്പ്പെടെയുള്ളയവയുടെ നവീകരണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 14 ലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നാണ് വിവരം. മുന്‍പ് പ്രദേശത്തു നടന്ന ചില വിവാഹ ചടങ്ങുകള്‍ക്ക് ഇവിടുത്തെ ഹാള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. നവീകരണം പൂര്‍ത്തിയാക്കി ഏതെങ്കിലും തരത്തില്‍ കെട്ടിടം ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരും പറയുന്നത്.
Tags : Local News Nattuvishesham Elderly day care