പി.എം. ആർഷോ
കോട്ടയം: മഹാരാജാസ് കോളജിൽ പി.എം. ആർഷോയ്ക്ക് മതിയായ ഹാജരില്ലാതെ പ്രവേശനം നൽകിയ സംഭവത്തിൽ എംജി സർവകലാശാല വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പലിനെതിരെ നേരത്തെ അന്വേഷണം നടന്നിരുന്നു.
വിഷയത്തിൽ മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു. സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് മുൻ സിൻഡിക്കേറ്റ് പ്രിൻസിപ്പലിന് താക്കീത് നൽകി കേസ് തീർപ്പാക്കിയിരുന്നു. എന്നാൽ ഈ തീരുമാനം പുനഃപരിശോധിക്കാൻ വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.
സംഭവത്തിൽ തുടർ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെയും നിയോഗിച്ചു. സർവകലാശാലയ്ക്ക് ഉണ്ടായ മാനഹാനി പരിഗണിച്ചാണ് സമഗ്ര അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് ഉത്തരവിട്ടത്. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആൽസൺ മാർട്ട്, ഡോ. ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.
അതേസമയം മുൻ ഇടത് സിൻഡിക്കേറ്റ് അംഗമായിരുന്ന പി. ഹരികൃഷ്ണൻ കൃത്രിമ രേഖകൾ സൃഷ്ടിച്ച് യാത്രാബത്ത ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലും സമഗ്ര അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഡോ. ജോബിൻ ജോസ് ചാമക്കാല, ഡോ. ജി.എസ്. ഗിരീഷ്കുമാർ, ഡോ. ആൽസൺ മാർട്ട് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.
Tags : P.M.Arsho Sfi Maharajas College MGUniversity