ഗവർണർ രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പിൽ ശക്തമായ ഇടപെടലുമായി രാജ്ഭവൻ. സംഭവത്തിൽ പിഎസ്സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ നേരിട്ട് വിളിപ്പിച്ചു. പിഎസ്സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറിയെ ഗവർണർ വിളിപ്പിച്ചത്.
പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും ഗവർണർ സെക്രട്ടറിയോട് വിശദമായി ചോദിച്ചറിഞ്ഞു. പരീക്ഷാക്രമക്കേട് പരാതികളിൽ എന്തു നടപടി സ്വീകരിച്ചെന്ന് ഗവർണർ സെക്രട്ടറിയോട് ആരാഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിഎസ്സി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു.
പരീക്ഷകളെക്കുറിച്ചുള്ള പരാതികൾ പിഎസ്സി ആഭ്യന്തര ഇന്റലിജൻസ് അന്വേഷിച്ച് നടപടിയെടുക്കാറുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പിഎസ്സി തലപ്പത്തെ ഈ അസാധാരണ സംഭവവികാസങ്ങൾ സംസ്ഥാനത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ പിഎസ്സി തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്നതു രാജ്ഭവൻ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
ക്രമക്കേടുകളുടെ പേരിൽ ജാർഖണ്ഡിലും കർണാടകയിലും പിഎസ്സി ചെയർമാൻമാരുടെ കസേര തെറിച്ചിരുന്നു. ഇതേ മാതൃകയിൽ കേരളത്തിലും നടപടിയെടുക്കാൻ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. ക്രമക്കേടുകളെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Tags : PSCScam KeralaPsc RajendraArlekar Governor