പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ 100 അംഗ ഹാര്‍ബര്‍ റെസ്ക്യൂ സംഘം രൂപീകരിക്കാനും തീരദേശ പട്രോളിംഗ് ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതാകുകയും പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയാലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്ന അവസ്ഥ ഉണ്ടായതിനെതുടർന്നാണ് അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിനു റസ്ക്യു സംഘം രൂപീകരിക്കാനും പട്രോളിംഗ് ശക്തമാക്കാനും സര്‍ക്കാര്‍ തയാറായത്.
അടുത്തിടെ തിരുവനന്തപുരത്ത് മുതലപ്പൊഴിയിലും വിഴിഞ്ഞത്തും നീണ്ടകരയിലും വള്ളം മറിഞ്ഞു നിരവധി മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. ഇതില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെത്തനായിട്ടില്ല. ഈ വര്‍ഷം കടലില്‍ പോയ 30ലധികം മത്സ്യത്തൊഴിലാളികള്‍ മരിച്ചതായാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് തീരദേശത്ത് പട്രോളിംഗ് കൂടി ശക്തമാക്കാന്‍ തീരുമാനിച്ചത്. അപകടങ്ങള്‍ തടയുക, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള തയാറെടുപ്പ് മെച്ചപ്പെടുത്തുക, സമുദ്ര, മത്സ്യബന്ധന ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയിലായിരിക്കും തീരദേശ പട്രോളിംഗ് സംഘം ശ്രദ്ധ കേന്ദ്രീകരിക്കുക.
സംസ്ഥാനത്തെ 15 തുറുമുഖങ്ങളിലാണ് രക്ഷാ സംഘം രൂപീകരിക്കുക.പദ്ധതിക്കായി മൂന്നു കോടി രൂപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ രണ്ടു കോടി രുപ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ വകുപ്പിന് അനുവദിച്ച 50 കോടി രൂപയില്‍ നിന്ന് അധിക ഫണ്ടിനായി പ്രത്യേക നിര്‍ദേശം സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് സംഘം രൂപീകരിക്കുക. ഇവര്‍ക്ക് നേതൃത്വം നല്കാന് കടല്‍ റെസ്ക്യൂ പരിശീലനം നേടിയ ഉദ്യോഗസ്ഥരും ഉണ്ടാകും. കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അവബോധം വർധിപ്പിക്കുന്നതിനു വകുപ്പ് പട്രോളിംഗുകള്‍ ഉപയോഗിക്കും. കടലില്‍ പോകുന്നതിനുമുമ്പ് അധികാരികള്‍ നല്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കാനും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കും.
തീരം വിടുന്നതിനുമുമ്പ് എല്ലാ നിര്‍ബന്ധിത രേഖകളും സുരക്ഷാ ഉപകരണങ്ങളും ബോട്ടുകളില്‍ ലഭ്യമാണെന്ന് മത്സ്യത്തൊഴിലാളികള്‍ ഉറപ്പാക്കണമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ നിയമപരമായ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്താനും അവരോട് നിര്‍ദേശിച്ചിട്ടുണ്ട്.
Tags : Marine Accidents Fishermen Harbor Rescue Team Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash