നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടില്‍ സജീവ് കുമാറും കുടുംബവും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നു.
ഇരിങ്ങാലക്കുട: വാഹനത്തില്‍ തട്ടിയെന്നാരോപിച്ച് മധ്യവയസ്കനെ വാഹനത്തിനുള്ളില്‍ കയറി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാരോപിച്ച് കുടുംബത്തിന്റെ വേറിട്ട പ്രതിഷേധം.
നീതി ആവശ്യപ്പെട്ട് മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടില്‍ സജീവ്കുമാറും കുടുംബാംഗങ്ങളും ശവപ്പെട്ടിയുമായാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. മോഡേണ്‍ ബ്രഡ് കമ്പനിയുടെ ബ്രഡ് വിതരണത്തിനായി ഡെലിവറി വാന്‍ ഓടിക്കുന്ന സജീവ്കുമാറിനെ ഈ മാസം ഒന്നിന് കാട്ടുങ്ങച്ചിറ ലിസി കോളജിന് സമീപംവച്ച് യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിച്ചുവെന്നാണു പരാതി.
സ്കൂട്ടര്‍ യാത്രികനായ കുഴിക്കാട്ടുകോണം സ്വദേശി ബല്‍റാം തന്നെ ആക്രമിച്ചുവെന്നാണ് സജീവ്കുമാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. മര്‍ദനത്തില്‍ മൂക്കിന്റെ എല്ലിന് രണ്ട് പൊട്ടലുകളും കണ്ണിനു ഗുരുതരമായ പരിക്കുമേറ്റതായി സജീവ്കുമാര്‍ പറയുന്നു. തുടര്‍ന്ന് ജൂബിലി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും സംഭവത്തില്‍ ഫലപ്രദമായനടപടി ഉണ്ടായില്ലെന്നാണു കുടുംബത്തിന്റെ ആരോപണം.
ചികിത്സയിലിരിക്കെ മൊഴിയെടുക്കാനെത്തിയ പോലീസ് മൊഴി മാറ്റിപ്പറയാന്‍ നിര്‍ബന്ധി ച്ചെന്നും പിന്നീട് പ്രതിക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തി കേസ് എടുത്ത് സ്റ്റേഷന് ജാമ്യ ത്തില്‍ വിട്ടയച്ചെന്നും കുടുംബം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ശവപ്പെട്ടിയുമായി കുടുംബം പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പോലീസ് നടപടിയില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം പ്രതീകാത്മകമായി പ്രകടിപ്പിക്കുകയായിരുന്നു കുടുംബം. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചുമതലയേറ്റ ദിവസമായിരുന്നു പ്രതിഷേധം. സംഭവത്തിന്റെ കേസ് വിവരങ്ങള്‍ പരിശോധിച്ച് രണ്ടു ദിവസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കുമെന്നു സജീവ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉറപ്പു നല്കി.
Tags : NattuVishesham DistricteNews