Leader Page
മഴ ചതിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം വളരെ കുറവായി. ജൂൺ 20 വരെയുള്ള കണക്കനുസരിച്ചു രാജ്യത്തു ലഭിച്ച മഴ 54.4 മില്ലിമീറ്റർ. സാധാരണ കിട്ടേണ്ടത് 92.8 മില്ലിമീറ്റർ. കുറവ് 41.4 ശതമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങൾ ഉൾപ്പെട്ട മധ്യ ഇന്ത്യയിൽ 65 ശതമാനമാണു മഴക്കുറവ്.
കേരളത്തിലും സ്ഥിതി വളരെ മോശമാണ്. ജൂൺ 21 വരെ ലഭിച്ച മഴ 315.5 മില്ലിമീറ്റർ. ലഭിക്കേണ്ടത് 440.3 മില്ലിമീറ്റർ. കുറവ് 28 ശതമാനം. ഇന്ത്യയുടെ വാർഷിക മഴയിൽ 75 ശതമാനത്തോളം ലഭിക്കുന്നത് ജൂൺ-സെപ്റ്റംബർ മാസങ്ങളിലെ കാലവർഷത്തിലാണ്. പതിവായി കിട്ടുന്നതിന്റെ 90 ശതമാനം മഴയേ ഇക്കൊല്ലം കാലവർഷത്തിൽ കിട്ടുകയുള്ളൂ എന്നാണു പ്രവചനം. രാജ്യത്തു പലഭാഗങ്ങളിലും വരൾച്ചയുണ്ടാകാം.
എൻ നിനോ വന്നു
തുടക്കം വൈകുന്നതുകൊണ്ടു കുഴപ്പം വരണമെന്നില്ല. പക്ഷേ ഇക്കൊല്ലം അതല്ല സ്ഥിതി. എൽ നിനോ പ്രതിഭാസം വില്ലനായി വന്നു. അതും സൂപ്പർ എൽ നിനോ. ഒന്നര നൂറ്റാണ്ടു മുമ്പ് 1876-80ൽ ഉണ്ടായ സൂപ്പർ എൽ നിനോയ്ക്കു സമാനമായ ഒന്ന്. ജലസേചനവും മറ്റും ഇല്ലാതിരുന്ന അക്കാലത്ത് ഇന്ത്യയിൽ 80 ലക്ഷത്തിലധികം പേരുടെ മരണത്തിലേക്കു നയിച്ച മഹാപട്ടിണി അതിന്റെ ഫലമായിരുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ സൂചന മാസങ്ങൾ മുമ്പേ ഉണ്ടായിരുന്നു. അതു ജൂൺ രണ്ടാംവാരം തുടങ്ങി.
വിശാലമായ കാർഷികമേഖല
ലോകത്തിലെ വലിയൊരു കാർഷിക മേഖലയെയാണ് എൽ നിനോ പ്രതിഭാസം ദോഷകരമായി ബാധിക്കുന്നത്. ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും മഴ കുറയുമ്പോൾ ധാന്യങ്ങൾ, സസ്യ എണ്ണ, തോട്ടവിളകൾ, ഉഷ്ണമേഖലാ പഴവർഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ വലിയ ഇടിവ് വരും.
ഇന്ത്യയും ചൈനയുമുടങ്ങിയ ഏഷ്യൻ ഭൂഖണ്ഡമാണ് ലോകത്തിലെ അരിയുടെ 90 ശതമാനം ഉത്പാദിപ്പിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ 50 ശതമാനവും പയറു വർഗങ്ങളുടെ 24 ശതമാനവും റബറിന്റെ 90 ശതമാനവും തേയിലയുടെ 80 ശതമാനവും കാപ്പിയുടെ 30 ശതമാനവും ഇവിടെനിന്നാണ്. ലോക വിപണിയിലെ ഗോതമ്പിന്റെ 50 ശതമാനവും പഞ്ചസാരയുടെ 40 ശതമാനവും പാമോയിലിന്റെ 90 ശതമാനവും ഏഷ്യയിലാണ് ഉത്പാദിപ്പിക്കുന്നത്.
ഇതെല്ലാം വിരൽചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ് - ഭക്ഷ്യധാന്യങ്ങൾ അടക്കം കാർഷികോത്പന്നങ്ങളുടെ വലിയ വിലക്കയറ്റത്തിലേക്ക്. ചില ഇനങ്ങളുടെ ഉത്പാദനം ഏഷ്യയിൽ കുറവായാൽ മറ്റിടങ്ങളിലെ ഉത്പാദന വർധനകൊണ്ടു പരിഹരിക്കാൻ പറ്റും. പക്ഷേ വില കൂടും. മറ്റു ചില ഇനങ്ങളുടെ കാര്യത്തിൽ ബദൽ ഉത്പാദനമേഖലകൾ ഇല്ല. അവയുടെ വില കടിഞ്ഞാൺ പൊട്ടിച്ചു പാഞ്ഞെന്നു വരാം.
ഇന്ത്യക്കു ഗുരുതരം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത എൽ നിനോ ഗുരുതര സാഹചര്യം ഉണ്ടാക്കും. ജൂണിൽ എൽ നിനോ തുടങ്ങിയെന്നു പ്രഖ്യാപിച്ച ലോക കാലാവസ്ഥാ സംഘടന (World Meteorological Organization) എന്നാണ് അന്ത്യം എന്നു പറഞ്ഞിട്ടില്ല. മുൻകാല എൽ നിനോകൾ ഒന്പതു മുതൽ 12 വരെ മാസം നീണ്ടുനിന്നിട്ടുണ്ട്. അത് രണ്ടു കാര്യങ്ങളിലേക്കു നയിക്കുന്നു.
ഒന്ന്: തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ വളരെ കുറവാകും.
രണ്ട്: നീണ്ടു നിൽക്കുന്ന എൽ നിനോയിൽ വടക്കുപടിഞ്ഞാറൻ മൺസൂൺ (തുലാവർഷം) മഴയും കുറയാം.
രാജ്യത്തെ പ്രധാന കാർഷിക മേഖലകൾ എല്ലാം മഴക്കുറവ് നേരിടും എന്നാണ് മുന്നറിയിപ്പ്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണു ശരാശരി മഴ കിട്ടുക എന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. പക്ഷേ, തുടക്കത്തിൽ രാജസ്ഥാനടക്കം വടക്കു-പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൂടുതൽ മഴ കിട്ടി. വടക്കു-കിഴക്ക് വളരെ കുറവായി.
കാര്യമായ മഴക്കുറവ് നേരിടാത്ത ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയെ വരൾച്ച തുറിച്ചുനോക്കുന്നത്. 2018ൽ ശരാശരിയുടെ 90.4ഉം 2015ൽ 85.5ഉം ശതമാനം മഴ മാത്രമേ ലഭിച്ചുള്ളൂ. 2018നു ശേഷം ഒന്നൊഴികെ എല്ലാ വർഷങ്ങളിലും ദീർഘകാല ശരാശരിയുടെ ഒപ്പമോ അതിൽ കൂടുതലോ മഴ ലഭിച്ചു. 2023ൽ ശരാശരിയുടെ 95 ശതമാനം മഴയാണു ലഭിച്ചത്.
ഖാരിഫും റാബിയും
തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ പ്രധാന കാർഷിക സീസണായ ഖാരിഫ് (ജൂൺ-ഒക്ടോബർ) നീങ്ങുന്നത്. നെല്ല്, ചോളം, പരുക്കൻ ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിമ്പ്, പരുത്തി എന്നിവയുടെ കൃഷിയിറക്കലും വിളവെടുപ്പും ഖാരിഫിലാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ മഴ യഥാസമയം ലഭിച്ചാലേ ഖാരിഫ് കൃഷിയിറക്കൽ നടക്കൂ. കാലവർഷത്തിൽ ലഭിക്കുന്ന വെള്ളം ഡാമുകളിൽ സംഭരിച്ചാണ് റാബി സീസണിലെ കൃഷിക്കു ജലസേചനം നടത്തുന്നത്. ഭക്ഷ്യധാന്യ ഉത്പാദനത്തിന്റെ 55 ശതമാനത്തിലധികം ഖാരിഫിലാണ്. 45 ശതമാനം ഉത്പാദനം ഒക്ടോബർ-ഡിസംബറിൽ വിളവിറക്കുന്ന റാബി സീസണിലും. ഗോതമ്പ് റാബി സീസണിലാണ്.
തുലാവർഷം രാജ്യത്തെ വാർഷിക മഴയുടെ 12 ശതമാനമേ നൽകുന്നുള്ളൂ. എന്നാൽ ചില മേഖലകളിൽ അതിന്റെ സംഭാവന വളരെ വലുതാണ്. ദക്ഷിണേന്ത്യയുടെ കിഴക്കൻ തീരത്തു വാർഷിക മഴയുടെ 40 ശതമാനം തുലാവർഷത്തിൽനിന്നാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെക്കൻ കർണാടകം എന്നിവിടങ്ങളിലെ കാർഷികമേഖലയുടെ മുഖ്യ ജലസ്രോതസ് തുലാവർഷമാണ്. പശ്ചിമഘട്ടത്തിലെ തമിഴ്നാടിന്റെ ഡാമുകൾ നിറയുന്നത് ആ സമയത്താണ്. കേരളത്തിലെ ഇടുക്കി അടക്കം പ്രമുഖ ജലവൈദ്യുത പദ്ധതികളുടെ ജലസംഭരണത്തിൽ ഗണ്യമായ പങ്കും തുലാവർഷത്തിലാണു ലഭിക്കുന്നത്.
ഉപഭോഗം കുറയും
പശ്ചിമേഷ്യൻ യുദ്ധത്തിനും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും പിന്നാലെയുള്ള വരൾച്ചഭീഷണി സാമ്പത്തികവളർച്ചയ്ക്കു വരുത്തുന്ന ആഘാതം ചെറുതായിരിക്കില്ല. ഭക്ഷ്യവിലക്കയറ്റവും കുതിച്ചുയരും. രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യിൽ കാർഷിക മേഖലയുടെ സംഭാവന ഇപ്പോൾ 16 ശതമാനമേ ഉള്ളൂ. കാർഷികോത്പാദനം കുറയുന്നതു വഴി ജിഡിപിയിൽ നേരിട്ടു വരുന്ന കുറവ് ചെറുതായിരിക്കും. എന്നാൽ, മറ്റു രണ്ടു കാര്യങ്ങളുണ്ട്.
ഒന്ന്: ഇപ്പോഴും ജനസംഖ്യയുടെ 50 ശതമാനത്തിലധികം കാർഷികമേഖലയെ ആശ്രയിച്ചാണു കഴിയുന്നത്. അവരുടെ വരുമാനം ഗണ്യമായി കുറയും.
രണ്ട്: കാർഷിക വരുമാനം കുറയുമ്പോൾ ഗ്രാമീണ മേഖലയിൽ ഉപഭോഗം കുറയും. സോപ്പ്, അലക്കുപൊടി, ഷാംപൂ എന്നിവ തുടങ്ങി വസ്ത്രങ്ങളും ടൂവീലറുകളും വരെയുള്ളവയുടെ വിൽപന കുറയും. കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളും നീട്ടിവയ്ക്കും. അതെല്ലാം ജിഡിപി വളർച്ചയെ പിന്നോട്ടടിക്കും.
നാലു വർഷത്തിനു ശേഷം ഇന്ത്യ ഗോതമ്പ് കയറ്റുമതി ആരംഭിച്ചു മാസങ്ങൾക്കകമാണ് വരൾച്ചാ ഭീഷണി. അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ മുഴുവൻ നീക്കിയിട്ടില്ല. മഴക്കുറവും വരൾച്ചയും മൂലം കാർഷികോത്പാദനം ഗണ്യമായി കുറഞ്ഞാൽ വീണ്ടും കയറ്റുമതി നിയന്ത്രണങ്ങൾ വരും. അതു ലോകവിപണിയിൽ ധാന്യ വിലക്കയറ്റമുണ്ടാക്കും.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വലിയ ബഫർ സ്റ്റോക്ക് കരുതുന്നുണ്ടെങ്കിലും വരൾച്ച കടുത്താൽ അതു മതിയാകണമെന്നില്ല. ഏപ്രിൽ ആരംഭത്തിൽ എഫ്സിഐയുടെ ഭക്ഷ്യധാന്യ സ്റ്റോക്ക് 604 ലക്ഷം ടൺ ആണ്. ബഫർ സ്റ്റോക്ക് നിബന്ധനയുടെ മൂന്നിരട്ടി വരും ഇത്. പക്ഷേ അതുകൊണ്ട് കാര്യങ്ങൾ ഭദ്രമാണെന്നു കരുതേണ്ട. അരിയും ഗോതമ്പുമടക്കം രാജ്യത്ത് ഉത്പാദിപ്പിച്ച ധാന്യങ്ങളുടെ 16 ശതമാനം മാത്രമാണ് ഈ സ്റ്റോക്ക്. പൊതുവിതരണ ശൃംഖലയിലെ കേന്ദ്ര വിഹിതത്തിനു മാത്രമേ ഇതു തികയൂ.
ഇന്ത്യയിലെ ഭക്ഷ്യവിളകൾ 2025-26ലെ ഉത്പാദനം (ലക്ഷം ടൺ)
അരി - ഖാരിഫ് 1247.58
റാബി 181.07
വേനൽ 111.59
ആകെ 1540.24
ഗോതമ്പ് - റാബി 1206.57
ചോളം - ഖാരിഫ് 302.47
റാബി 159.03
പരുക്കൻ ധാന്യങ്ങൾ - ഖാരിഫ് 425.89
റാബി 213.41
പയറുവർഗങ്ങൾ - 274.09
എണ്ണക്കുരുക്കൾ- ഖാരിഫ് 265.33
റാബി 144.65
കരിമ്പ് - 5001.97
Kerala
മുംബൈ: മഹാരാഷ്ട്രയിൽ എസ്യുവി കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. റായ്ഗഡ് ജില്ലയിലെ അംബനെലി ഖട്ട് സെക്ഷനിലാണ് അപകടം നടന്നത്.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എസ്യുവി കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. 500 അടി താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്.
സത്താറയിൽ നിന്നുള്ളവരാണ് മരിച്ചത്. ദപോളിയിൽ നിന്ന് സത്താറയിലേക്ക് പോവുകയായിരുന്നു ഇവർ. മഹേഷ് അനിൽ പവാർ (25), ആദിത്യ അശോക് സലുൻകെ (21), റിതേഷ് രാജേന്ദ്ര ലോഖാൻഡെ (25), സുഹാസ് ജിതേന്ദ്ര ലോഖാൻഡെ (20), അൻഷ് സമീർ ചവാൻ (18), ഉത്കർഷ് ആനന്ദ് ഷിംഗ്തെ (21), അനിൽ അഭിമന്യു ഷിംഗ്തെ (25), നിതിൻ കിസാൻ നായ്കോണ്ഡെ (35) എന്നിവരാണ് മരിച്ചത്.
District News
തൊടുപുഴ: ഇടതുഭരണം അവസാനിക്കുംവരെ താടിയും മുടിയും മുറിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത യുവാവ് ഒടുവിൽ മുടി മുറിച്ചു. തൊടുപുഴ നെയ്യശേരി കാഞ്ഞിരക്കുഴിയില് കെ.കെ. പ്രദീപാണ് (40) ശബരിമലയില് ഇടത് ഭരണകാലത്ത് നടന്ന നടപടികളില് പ്രതിഷേധിച്ച് ഇത്തരമൊരു തീരുമാനമെടുത്തത്.
2018ല് ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ടസംഭവങ്ങൾക്ക് പിന്നാലെയാണ് പ്രദീപ് താടിയും മുടിയും വളർത്തി പ്രതിഷേധം തുടങ്ങിയത്. മൂന്ന് വര്ഷത്തോളം തന്റെ ഓട്ടോയില് കേരളത്തിലെമ്പാടും സഞ്ചരിച്ച് ശബരിമല വിഷയത്തില് വിശ്വാസികളെ ഒരുമിപ്പിക്കാൻ ശ്രമം നടത്തി. സ്ത്രീപ്രവേശനത്തിനെതിരേ നടന്ന നാമജപ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കാളിയായി.
ഇടതുഭരണം അവസാനിച്ചതിന്റെ 16-ാം നാളായ ഇന്നലെ താടിയും മുടിയും മുറിക്കുന്നതിന്റെ ദൃശ്യം പ്രദീപ് നവമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പിന്നാലെ നാട്ടുകാർക്ക് പായസ വിതരണവും നടത്തി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില് അക്കൗണ്ടന്റായിരുന്ന പ്രദീപ് പിതാവിന് സുഖമില്ലാതായതോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.
മനഃസാക്ഷി എന്ന പേരില് കവിതാ സമാഹാരവും പ്രദീപ് പുറത്തിറക്കിയിട്ടുണ്ട്. കോണ്ഗ്രസ് നേതാവ് കെ. സുധാകരന്റെ കടുത്ത ആരാധകനാണ് താനെന്നും ഈ യുവാവ് പറയുന്നു.
Kerala
കരിമ്പൻ:കാറിൽ സഞ്ചരിക്കവേ യുവവൈദികൻ കുഴഞ്ഞുവീണു മരിച്ചു.ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ.ജോസഫ് കോയിക്കൽ (43)ആണ് മരിച്ചത്.
മൂവാറ്റുപുഴയ്ക്ക് സ്ഥലം മാറിപോകുന്ന മുരിക്കുംതൊട്ടി പള്ളിയിലെ സഹ വികാരിയെ യാത്രയയയ്ക്കുന്നതിനായി അദ്ദേഹത്തോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സമാപന ശുശ്രൂഷകൾക്കുശേഷം നടക്കും.
സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം രാവിലെ ഏഴിന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ നടക്കും. ഒന്പതിന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിൽ മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. ജോസഫ് - മേരി ദമ്പതികളുടെ മകനാണ് ഫാ.ജോസഫ് കോയിക്കൽ.സഹോദരങ്ങൾ:സീന,സീമ,സാജൻ,സന്തോഷ്.
Kerala
കൊയിലാണ്ടി: മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു. ആസാം സ്വദേശി അഗസ്റ്റിൻ ബിർള(26) ആണ് കിണറ്റിൽ വീണത്.
ഇന്നലെ രാവിലെ എട്ടോടെ നന്തി മേൽപ്പാലത്തിന് പടിഞ്ഞാറുവശത്തുള്ള നിസാർ മൻസിൽ കുഞ്ഞബ്ദുള്ളയുടെ വീടിനോട് ചേർന്നുള്ള കിണറ്റിലാണ് വീണത്.
വീട്ടുകാരാണ് കിണറ്റിൽ വീണുകിടക്കുന്ന ആളെ കണ്ടത്. തുടർന്ന് അഗ്നി രക്ഷാസേനയെത്തി ഇയാളെ പുറത്തെത്തിച്ചു. കൊയിലാണ്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വീട്ടിൽ നിന്ന് മുന്പ് 12 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു.
Business
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ പുതിയ റിക്കാർഡ് താഴ്ചയിൽ. 23 പൈസ നഷ്ടത്തിൽ 92.63 നിലവാരത്തിലാണ് ഡോളറിനെതിരേ രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഡോളർ ശക്തിപ്പെട്ടതും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതുമാണ് രൂപയെ തളർത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ ഉയർന്നത് വിപണിയിലെ ആത്മവിശ്വാസത്തെ തളർത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 92.42 നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സെഷന്റെ ഭൂരിഭാഗ സമയവും 92.41-92.48 നിരക്കിൽ വ്യാപാരം തുടർന്നു. എന്നാൽ, അവസാന ഘട്ടത്തിൽ ഇടിവ് ശക്തമായി. തലേന്നത്തെ ക്ലോസിംഗിനേക്കാൾ 23 പൈസ നഷ്ടത്തിൽ 92.63 നിരക്കിൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയായ 92.65 വരെയെത്തിയിരുന്നു.
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 92.47നെയാണ് ഇന്നലെ തിരുത്തിയത്.
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ എട്ടു ബില്യണ് ഡോളറിന്റെ പിൻവലിക്കൽ നടന്നതോടെ രൂപയുടെ മൂല്യം 1.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇന്നലെയുൾപ്പെടെ പല ദിവസങ്ങളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകളാണ് രൂപയെ കൂടുതൽ താഴ്ചയിലേക്കു പോകാതെ തടഞ്ഞുനിർത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ 10 സെഷനുകളിലായി രൂപയുടെ മൂല്യം കുറഞ്ഞത് അഞ്ച് തവണയെങ്കിലും റിക്കാർഡ് താഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28ന് യുഎസ് -ഇസ്രയേൽ സംയുക്തസേന ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 40.2 ശതമാനം വർധിച്ചു. ബാരലിന് 100 ഡോളറിനു മുകളിൽ സ്ഥിരമായി തുടരുകയുമാണ്. യുദ്ധം ഇന്ത്യയിൽ ഉൗർജ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എണ്ണവില ഉയരുന്നത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് വർധിപ്പിക്കാനും പണപ്പെരുപ്പത്തിനും കാരണമാകും.
സൂചികകൾ മൂന്നാം ദിവസവും നേട്ടത്തിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിനവും ഒരു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ കുറവും ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളുമാണ് വിപണിയെ താങ്ങിയത്. ഐടി ഓഹരികളിലുണ്ടായ വാങ്ങലുകളും വിപണിയുടെ കുതിപ്പിനെ സഹായിച്ചു.
സെൻസെക്സ് 633 പോയിന്റ് (0.83%) ഉയർന്ന് 76,704ലും നിഫ്റ്റി 197 പോയിന്റ് (0.83%) നേട്ടത്തിൽ 23,778ലും ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്നു സെഷനുകളിലായി സൂചിക ഏകദേശം 3.6 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വ്യാപാരത്തിനിടെ നിഫ്റ്റി 23,862 പോയിന്റ് വരെ ഉയർന്നെങ്കിലും 23,850ൽ ശക്തമായ പ്രതിരോധം നേരിടുകയാണ്.
International
ടോക്കിയോ: ജപ്പാനിലെ ജനനനിരക്ക് തുടർച്ചയായ പത്താം വർഷവും താഴേക്ക്. 2025ൽ 7.05 ലക്ഷം കുട്ടികളുടെ ജനനമാണു രേഖപ്പെടുത്തിയത്. 2024നെ അപേക്ഷിച്ച് 2.1 ശതമാനം കുറവ്.
ജപ്പാനിൽ ജനിച്ച വിദേശികൾ അടക്കമുള്ള കുട്ടികളുടെയും വിദേശത്തു ജനിച്ച കുട്ടികളുടെയും എണ്ണം ഉൾപ്പെടെയാണിത്.
നാലാമത്തെ വലിയ സാന്പത്തികശക്തിയായ ജപ്പാൻ ലോകത്ത് ജനനനിരക്ക് ഏറ്റവും താഴ്ന്ന രാജ്യമാണ്. വയോധികരുടെ എണ്ണം വർധിക്കുന്നതിനൊപ്പം തൊഴിലെടുക്കാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.
Kerala
കോഴിക്കോട്: തൊടുപുഴയില് റോഡരികില് മൂടാതെ കിടന്നിരുന്ന കുഴിയില് വീണ് യുവാവ് മരിച്ചതിന്റെ ഞെട്ടല് മാറുംമുമ്പേ കോഴിക്കോട് എരഞ്ഞിപ്പാലത്തും സമാന അപകടം.
സ്ലാബില്ലാത്ത ഓടയിലേക്ക് തെറിച്ചുവീണെങ്കിലും സ്കൂട്ടര് യാത്രികനായ ഒളവണ്ണ സ്വദേശി നിസാര് (38) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
നിര്മാണം നടന്നുകൊണ്ടിരിക്കുന്ന മലാപറമ്പ് - മാനാഞ്ചിറ റോഡില് എരഞ്ഞിപ്പാലം ട്രാഫിക് ജംഗ്ഷനു സമീപമുള്ള ഓടയിലാണു നിസാര് വീണത്. റോഡരികിലൂടെ സ്കൂട്ടറിൽ വരികയായിരുന്നു നിസാര്. തൊട്ടരികിലൂടെ വരികയായിരുന്ന കാര് സമീപത്തേക്ക് അടുപ്പിച്ചതുകണ്ട് നിസാര് സ്കൂട്ടര് വെട്ടിച്ചപ്പോള് പെട്ടെന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഒരു മീറ്ററിലധികം ആഴമുള്ള ഓടയിലേക്കാണ് നിസാര് വീണത്.
ഹെല്മെറ്റ് ഉണ്ടായിരുന്നതിനാല് വന് ദുരന്തം ഒഴിവായി. അടുത്തിടെ നിര്മിച്ച ഓവുചാലിന്റെ അരിക് ഭിത്തികളില് ഇരുമ്പുകമ്പികള് ഉയര്ന്നു നില്ക്കുന്നുണ്ട്. കമ്പിയില് ഇടിച്ച് കൈക്കാണു പരിക്കേറ്റത്.
നാട്ടുകാര് ഓടിക്കൂടിയാണ് നിസാറിനെ ഓടയില് നിന്നു പുറത്തെടുത്തത്. മലാപറമ്പ് -മാനാഞ്ചിറ റോഡില് പുതുതായി നിര്മിച്ച ഓവുചാലില് പലയിടത്തും സ്ലാബുകള് ഇട്ട് മൂടിയിട്ടില്ല. അപകടം വായ് പിളര്ത്തി നില്ക്കുന്ന ഓവുചാലുകള്ക്കു സമീപം അപകട സൂചക ബോര്ഡുകളോ റിബണുകളോ സ്ഥാപിക്കാന് കരാര് കമ്പനി തയാറായിട്ടില്ല.
Kerala
കൊച്ചി: കോതമംഗലത്ത് കിണറ്റില് വീണ മ്ലാവിനെ സാഹസികമായി രക്ഷിച്ച് ഫയര് ഫോഴ്സ്. കോതമംഗലം നെല്ലിക്കുഴി കനാല് പാലത്തിന് സമീപത്തെ നജീബിന്റെ വീട്ടിലെ കിണറ്റിലാണ് ബുധനാഴ്ച മ്ലാവ് വീണത്.
കിണറിന്റെ ചുറ്റും കെട്ടിയിരുന്ന ഷീറ്റ് കീറിക്കിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് മ്ലാവ് കിണറ്റില് വീണത് കണ്ടത്. കാട് പിടിച്ചു കിടന്നിരുന്ന പറമ്പ് വൃത്തിയാക്കാന് എത്തിയവരാണ് മ്ലാവ് കിണറ്റില് വീണത് ആദ്യം കണ്ടത്.
ഉടനെ വനം വകുപ്പ് അധികൃതരെയും ഫയര് ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്ഫോഴ്സ് വടം ഉപയോഗിച്ച് കിണറ്റില് ഇറങ്ങിയാണ് മ്ലാവിനെ വലിച്ചു മുകളിലേക്ക് കയറ്റിയത്. തുടര്ന്ന് ഇതിനെ കാട്ടിലേക്ക് തന്നെ പറഞ്ഞുവിട്ടു.
National
ന്യൂഡൽഹി: പാർലമെന്റിനു പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് തിരുവനന്തപുരം എംപി ശശി തരൂർ. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടിൽ നിന്ന് ശശി തരൂർ തെന്നിവീണത്.
ശശി തരൂർ വീഴുന്നത് കണ്ട് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു.
തരൂരിന് കാര്യമായ പരിക്കുകൾ ഇല്ല. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ശശി തരൂർ പാർലമെന്റിലെത്തിയത്.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാലു സൈനികർക്ക് വീരമൃത്യു. ഒൻപത് സൈനികർക്ക് പരിക്കേറ്റു.
200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി ഉയർന്ന പ്രദേശത്തേക്ക് പോവുകയായിരുന്നു ഇവർ. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ഉദംപുരിലെ ആശുപത്രിയിലേക്കു മാറ്റി.
National
ചെന്നൈ: ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീണ് നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്.
ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല.
സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകർ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാൻ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു.
കൂടെയുള്ളവർ പിടിച്ച് എഴുന്നേൽപ്പിച്ചാണ് വിജയ്യെ കാറിനകത്തേക്ക് കയറ്റിയത്. ഉടൻ തന്നെ അദ്ദേഹം വാഹനത്തിൽ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയിൽവെച്ച് നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് ചെന്നൈയിൽ മടങ്ങിയെത്തിയതായിരുന്നു വിജയ്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ആറ് പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
നാസിക്കിലെ കൽവാൻ താലൂക്കിലുള്ള സപ്തസ്രിംഗ് ഗഡ് ഗട്ടിൽ വച്ചാണ് കാർ കൊക്കയിലേയ്ക്ക് മറിഞ്ഞത്. നിഫാദ് താലൂക്കിൽ നിന്നുള്ള കീർത്തി പട്ടേൽ (50), റസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ ( 60), വച്ചൻ പട്ടേൽ (60), മനിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്.
600 അടി താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ കുളിമുറിയില് വഴുതി വീണു. വീഴ്ചയെ തുടർന്ന് കാലിന് പരിക്കേറ്റു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കൊല്ലം റെയില്വേ സ്റ്റേഷനില് നിര്മാണത്തിലിരുന്ന കെട്ടിടത്തില്നിന്ന് ഇരുമ്പുകമ്പി ഇളകിവീണ് പരിക്കേറ്റ യാത്രക്കാരെ തിരിച്ചറിഞ്ഞു. നീരാവിൽ സ്വദേശി മേലെ പുത്തൻവീട്ടിൽ സുധീഷ്, വട്ടിയൂർകാവ് മൈനാഗപ്പള്ളി സ്വദേശി അധ്യാപികയായ ആശാലത എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. മെയിലിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു.
ഇവരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.