Sports
ന്യൂയോർക്ക്: ഫുട്ബോൾ എന്നാൽ ബ്രസീൽ ആണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് ആ ഫൈനൽ വിസിൽ മുഴങ്ങിയത്. കളിമിടുക്കുകൊണ്ടും സുന്ദരമായ പാസുകൾ കൊണ്ടും ലോകത്തെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കാനറികൾക്ക് ഒരിക്കൽക്കൂടി കണ്ണീരോടെ കളംവിടേണ്ടി വന്നിരിക്കുന്നു.
പ്രീക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവേയോട് അടിയറവു പറഞ്ഞത്. മത്സരത്തിന്റെ 79, 90 മിനിട്ടുകളിൽ സൂപ്പർതാരം എർലിൻ ഹാളണ്ട് ആണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. സൂപ്പർതാരം നെയ്മർ ആണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
ബ്രസീലിന്റെ പരാജയം വെറുമൊരു ടീമിന്റെ തോൽവിയല്ല; അത് ലോകമെമ്പാടുമുള്ള, മഞ്ഞക്കുപ്പായത്തെ നെഞ്ചിലേറ്റുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഉള്ളുലയ്ക്കുന്ന ഒന്നാണ്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം പകർന്നുനൽകിയ ആവേശം നെഞ്ചിലേറ്റുന്നവർക്ക് ഈ പരാജയം താങ്ങാനാവുന്നതിലും അപ്പുറമാണ്.
കളിക്കളത്തിൽ അവർ ഒഴുക്കിയ വിയർപ്പിനും കണ്ണീരിനും മുന്നിൽ തോൽവി ഒരു കറുത്ത നിഴലായി വീഴുമ്പോൾ, ഓരോ ആരാധകന്റെയും ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടുന്നു. എങ്കിലും, അവർ പറയുന്നു, ഈ തോൽവിയിലും ഞങ്ങൾ നിങ്ങളെ കൈവിടില്ല. കാരണം, ബ്രസീൽ എന്നാൽ വെറുമൊരു ടീമല്ല, അതൊരു വികാരമാണ്. ഇനിയും ഞങ്ങൾക്ക് വേണം, സാംബ നൃത്തത്തിന്റെ താളത്തിൽ കളിക്കളത്തിൽ വിരിയുന്ന ആ മാന്ത്രികച്ചുവടുകൾ.
ഈ കണ്ണീർ താത്കാലികം മാത്രമാണ്. തോൽവികളിൽ തളരാത്ത, വീഴ്ചകളിൽ നിന്ന് കൂടുതൽ കരുത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു ചരിത്രമുണ്ട് ബ്രസീലിന്. രാജാക്കന്മാർക്ക് കിരീടം താത്കാലികമായി നഷ്ടപ്പെടാം, പക്ഷേ അവരുടെ സിംഹാസനം എന്നും സുരക്ഷിതമായിരിക്കും. വീണ്ടും ആ മഞ്ഞക്കടൽ ഇരമ്പിയാർക്കുക തന്നെ ചെയ്യും!
2002നു ശേഷം ബ്രസീലിനെ വീഴ്ത്തി യൂറോപ്യൻ ടീമുകൾ
2002-ൽ തങ്ങളുടെ അഞ്ചാം ലോകകപ്പ് കിരീടം നേടിയതിന് ശേഷം, ബ്രസീലിന് പിന്നീട് നടന്ന ഒരു ലോകകപ്പിലും ഫൈനലിൽ പോലും എത്താൻ സാധിച്ചിട്ടില്ല. അതിനുശേഷം നടന്ന എല്ലാ ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീൽ പുറത്തായത്.
2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ വരെയെത്തിയ ബ്രസീലിനെ സിനദീൻ സിദാന്റെ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വീഴ്ത്തിയത്.
പിന്നാലെ, 2010ൽ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് നെതർലൻഡ്സിനോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി.
2014 ലോകകപ്പിലെ തോൽവി ആർക്കും മറക്കാനാവില്ല. സ്വന്തം നാട്ടുകാർക്ക് മുന്നിൽ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് ജർമനിയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തേക്ക്. ലൂസേഴ്സ് ഫൈനലിൽ നെതർലൻഡ്സിനോടും തോറ്റ് ബ്രസീൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലായിരുന്ന ബ്രസീലിനെ ബെൽജിയത്തിന്റെ "സുവർണ തലമുറ' കടുത്ത പോരാട്ടത്തിനൊടുവിൽ 2-1ന് വീഴ്ത്തി.
2022 ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ അടിയറവ് പറയേണ്ടി വന്നു. ഒടുവിൽ ഇന്ന് എർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോൾ ബ്രസീലിനു പുറത്തേക്കുള്ള വഴി തുറന്നു.
Sports
ബ്രസീലിയ: ബ്രസീല്‍ സൂപ്പര്‍ ഫുട്ബോളര് നെയ്മറിനെ കൂവിക്കളിയാക്കി സ്വന്തം ക്ലബ്ബായ സാന്റോസ് എഫ്സിയുടെ ആരാധകര്‍.
ബ്രസീല്‍ സീരി എ ഫുട്ബോളില്‍ ഹോം ഗ്രൗണ്ടില്‍ സാന്റോസ് 2-3നു ഫ്ളുമിനെന്സിനോട് പരാജയപ്പെട്ടതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
മത്സരത്തില്‍ മുഴുവന്‍ സമയവും കളിത്തിലുണ്ടായിരുന്ന നെയ്മറിനു ഗോള്‍ നേടാന്‍ സാധിച്ചില്ല.
അതേസമയം, രണ്ട് ചെവിക്കുള്ളിലേക്കും ചൂണ്ടുവിരല്‍ തിരികിയാണ് നെയ്മര്‍ ആരാധകരുടെ കൂവലിനോട് പ്രതികരിച്ചത്.
Movies
ജനക്കൂട്ടത്തിനും ആരാധകർക്കും ഇടയിൽ അകപ്പെട്ടുപോകുന്ന താരങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഹൈദരബാദിൽ നിധി അഗർവാൾ നേരിട്ട ആരാധകഅതിക്രമത്തിന് പിന്നാലെ സമാനരീതിയിൽ നടി സമാന്തയ്ക്കും ദുരനുഭവം നേരിട്ടു. പിന്നാലെയാണ് ആൾക്കൂട്ടത്തെ രൂക്ഷമായി വിമർശിച്ച് ഗായിക ചിൻമയ ശ്രീപദ രംഗത്തെത്തിയത്.
മോശം ആസൂത്രണവും അടിസ്ഥാന പൗര മര്യാദയില്ലായ്മയുമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് ഗായിക വിമർശിച്ചു.
''സാമന്തയുടെ ടീം അംഗം ആര്യ ഉൾപ്പെടെയുള്ളവർ, മുഴുവൻ ശക്തിയും ഉപയോഗിച്ച് അവരെ സംരക്ഷിക്കുകയാണ്. അദ്ദേഹത്തിന് പരിക്കേറ്റിരിക്കാം. അടിസ്ഥാന പൗര സ്വഭാവം അറിയാത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല," ചിന്മയി കുറിച്ചു.
ഒരു വസ്ത്ര വ്യാപാരശാലയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് തിരിച്ചുപോകുംവഴിയാണ് സാമന്തയ്ക്ക് ആരാധകരിൽനിന്ന് മോശം അനുഭവമുണ്ടായത്.
പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ‘ദ രാജാസാബിന്റെ’ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് മടങ്ങവേയാണ് നായിക നിധി അഗർവാളിന് നേരെ ആരാധകരുടെ അതിക്രമം ഉണ്ടായത്.
സുരക്ഷാ ജീവനക്കാരെ പോലും തള്ളിമാറ്റിയാണ് ആൾക്കൂട്ടം നടിക്ക് നേരെ എത്തിയത്. നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനുമെല്ലാം ശ്രമങ്ങൾ നടന്നു.
National
കോൽക്കത്ത: ഫുട്ബോൾ ഇതിഹാസം മെസി എത്തിയതിന് പിന്നാലെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസി സ്റ്റേഡിയത്തിൽ നിന്നും പെട്ടന്ന് മടങ്ങിയതാണ് ആരാധകരെ കുപിതരാക്കിയത്. രോഷാകുലരായ ആരാധകർ കസേരകൾ മുതൽ കുപ്പികൾ വരെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞു.
സ്റ്റേഡിയത്തിലെത്തുന്ന മെസി ആരാധകരുമായി സംവദിക്കുമെന്നാണ് നേരത്തേ സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ, ഗ്രൗണ്ടിലിറങ്ങിയ മെസി ഏതാനും നിമിഷങ്ങൾ മാത്രം ചെലവഴിച്ച് മടങ്ങിപ്പോയത് ആരാധകരെ ചൊടിപ്പിച്ചു.
മെസിക്ക് പുറമേ ബോളിവുഡ് താരവും കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഉടമയുമായ ഷാറുഖ് ഖാനും ഗ്രൗണ്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല. ഇതോടെ പ്രകോപിതരായാണ് ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികളും കസേരകളും മറ്റും വലിച്ചെറിഞ്ഞതും ഉപകരണങ്ങളും മറ്റും നശിപ്പിച്ചതും.
5,000 മുതൽ 25,000 രൂപ വരെ മുടക്കിയാണ് ആരാധകർ ടിക്കറ്റ് സ്വന്തമാക്കിയത്. ഇത്രയേറ പണം ചിലവാക്കിയിട്ടും തങ്ങളുടെ ഇഷ്ടതാരത്തെ ശരിക്ക് കാണാൻ സാധിക്കാതിരുന്നതോടെ ആരാധകർ പ്രകോപിതരാകുകയായിരുന്നു.
മന്ത്രിമാർക്കും അവരുടെ മക്കൾക്കും മാത്രമാണ് മെസിയെ കാണാൻ പറ്റിയതെന്നും ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തിയിലേക്ക് ഒഴുകിയ ആരാധകരെല്ലാം നിരാശരാണെന്നും ഒരാൾ പറഞ്ഞു. പണവും പോയി സമയവും പോയി, നിരാശയാണ് ഫലമെന്നാണ് മറ്റൊരാൾ പ്രതികരിച്ചു.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് മെസി എത്തിയത്. കോൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ മെസി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ട്
Kerala
കൊച്ചി: നടി ആക്രമണ കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകർക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകർ ആർപ്പുവിളികളുയർത്തി.
ഒരുകൂട്ടം ദിലീപ് ആരാധകർ ലഡു വിതരണം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീടിന്റെ പരിസരത്തും ആരാധകരും സിനിമാ പ്രവർത്തകരും ആഹ്ലാദം പങ്കിട്ടു.
ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോൾ ആരാധകർ ആർപ്പുവിളികളുമായി തടിച്ചുകൂടി.
സെൽഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ആരാധകർക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.
സഹോദരൻ അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.