Kerala
പൂങ്കുന്നം: കാൽനടയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്കു മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശിനി ജനീറ്റ രാജ് (22) ആണ് മരിച്ചത്. ഞായറാഴ്ച പൂങ്കുന്നം ജംഗ്ഷനിലായിരുന്നു സംഭവം.
വേലൂരിൽനിന്നു സഹോദരിയുടെ വീട്ടിൽ പോയി തൃശൂരിലേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്. ജമീറ്റയെ ഉടൻതന്നെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: കല്ലിയൂരിൽ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്ക് തകർന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ അകപ്പെട്ട് വയോധിക. കല്ലിയൂർ സ്വദേശിനിയും സീരിയൽ നടിയുമായ വസന്തകുമാരിയമ്മ (75) ആണ് കുഴിയിൽ അകപ്പെട്ടത്. ഇവരെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
ഇന്ന് രാവിലെ എട്ടോടെ കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇവരുടെ വീട്ടിലായിരുന്നു അപകടം. ബക്കറ്റിൽ വെള്ളവുമായി നടന്നു വരുന്നതിനിടെ, കാലപ്പഴക്കം കൊണ്ട് ദ്രവിച്ചിരുന്ന സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബ് പൊട്ടി വസന്തകുമാരി ഉള്ളിലേക്ക് വീഴുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ വിഴിഞ്ഞം ഫയർഫോഴ്സിൽ വിവരമറിയിച്ചു.ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തുമ്പോൾ വീട്ടുകാർ ഇറക്കിക്കൊടുത്ത ഏണിയിലൂടെ കയറാൻ ശ്രമിച്ച് പരാജയപ്പെട്ട നിലയിലായിരുന്നു.
ഒരു കൈകൊണ്ട് തൂങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ശരീരത്തിന്റെ ബാക്കി ഭാഗം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഒരു കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നതിനാൽ പിടിവിട്ട് താഴേക്ക് മുങ്ങിപ്പോകാവുന്ന അവസ്ഥയിലായിരുന്നു.
ടാങ്കിന്റെ സമീപത്തുള്ള മറ്റ് സ്ലാബുകൾക്കും ബലക്ഷയം സംഭവിച്ചിരുന്നതിനാലും, ഉള്ളിലെ സ്ഥലം വളരെ ഇടുങ്ങിയതായതിനാലും രക്ഷാപ്രവർത്തനം ഏറെ പ്രയാസമേറിയതായിരുന്നു. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉള്ളിലിറങ്ങി കൈ തളർന്നുപോയ വയോധികയെ താങ്ങിനിർത്തി.
തുടർന്ന് നെറ്റ്, റോപ്പ്, ലാഡർ എന്നിവയുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിലാണ് ഇവരെ പുറത്തെത്തിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.വിഴിഞ്ഞം ഫയർസ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സന്തോഷ് കുമാർ, പ്രണവ്, സനൽകുമാർ, ഹരികൃഷ്ണൻ, രാജേഷ്, ജിബിൻ, വിജയരാജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
National
മുംബൈ: മുംബൈ ദാദറിലെ മീനാതായി ഫ്ലവർ മാർക്കറ്റിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു. പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് മാർക്കറ്റ് കെട്ടിടത്തിന് വൻനാശനഷ്ടങ്ങൾ സംഭവിച്ചു.
കച്ചവടമില്ലാത്ത സമയത്ത് അപകടമുണ്ടായതിനാൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതൽ നടപടിയെന്ന നിലയിൽ മാർക്കറ്റിലേക്കുള്ള വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചു. മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിലെ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ കനത്തെങ്കിലും നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ നിലവിൽ സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്.
Kerala
പാലക്കാട്: നാഗലശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴെവീണ് യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് (29) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ശ്യാം പ്രസാദ് അതീവ ഗുരുതരാവസ്ഥയിൽ യുവാവ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സോളാർപാനൽ ഫിറ്റിംഗ് ജോലികൾക്കായി കൂറ്റനാടെത്തിയ ശ്യാം നാഗലശേരി പഞ്ചായത്തിന് തൊട്ടരികിലെ ഇരുനില കെട്ടിടത്തിലായിരുന്നു താമസം.
താമസിക്കുന്ന മുറിയിൽ നിന്നും ശ്യാം ഫോൺ ചെയ്യുന്നതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോവുകയായിരുന്നു. ടെറസിന്റെ സൈഡ് ഭിത്തിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.
Kerala
പേരൂര്ക്കട: വേണ്ടത്ര സുരക്ഷയുള്ള സംരക്ഷണഭിത്തി ഇല്ലാത്തതിനാല് തിരുവനന്തപുരത്തെ ആമയിഴഞ്ചാന് തോട്ടില് വീഴുന്നവരുടെ എണ്ണം വര്ദ്ധിക്കുന്നു. കഴിഞ്ഞ ഏപ്രില് മാസത്തില് മാത്രം ആറ് പേരാണ് തോട്ടില് വീണത്. ഇതില് അബദ്ധത്തില് വീണത് രണ്ടുപേര് മാത്രം. ബാക്കിയുള്ളവര് മദ്യലഹരിയിലാണ് തോട്ടിലേക്കു വീണത്.
തോട് ഒഴുകുന്ന സെന്ട്രല് തിയേറ്റര് റോഡിന്റെ ഭാഗത്തെ ഉയരം കുറഞ്ഞ കൈവരിയിലിരിക്കുന്നവരാണ് പിടിവിട്ട് താഴേക്കു വീഴുന്നത്. കഷ്ടിച്ച് 300 മീറ്റര് അകലെയുള്ള ബാറില് നിന്ന് മദ്യവും വാങ്ങി തോട് ഒഴുകുന്ന ഭാഗത്തെ കൈവരിയിലിരുന്ന് കുടിക്കുകയും അര്ദ്ധബോധാവസ്ഥയില് തോട്ടിലേക്കു വീഴുകയുമാണ് ചെയ്യുന്നത്.
സെന്ട്രല് തിയേറ്ററിന്റെ ഭാഗത്ത് ഏകദേശം 200 മീറ്റര് ദൂരം റോഡിന് സമാന്തരമായാണ് ആമയിഴഞ്ചാന് തോട് ഒഴുകുന്നത്. ഏറെക്കുറെ ഒഴുക്ക് നിലച്ച വെള്ളമുള്ള തോട്ടില് അരക്കെട്ടോളം ഉയരത്തില് വെള്ളവുമുണ്ട്. തോട്ടില് വീഴുന്നവര് അര്ദ്ധബോധാവസ്ഥയില് തന്നെ ഇതിനുള്ളില് തുടരുമ്പോള് നാട്ടുകാരോ സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളോ അറിയിച്ച് തിരുവനന്തപുരം യൂണിറ്റില് നിന്ന് ഫയര്ഫോഴ്സ് സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തുന്നത്.
രണ്ടുദിവസത്തിനു മുമ്പ് തമിഴ്നാട് തിരുനെല്വേലി സ്വദേശി വിക്രാന്ത് (35) മദ്യലഹരിയില് തോട്ടില് വീഴുകയുണ്ടായി. തിരുവനന്തപുരം ഫയര്സ്റ്റേഷനില് നിന്ന് സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര് ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് യുവാവിനെ കരയ്ക്ക് കയറ്റിയത്. ഒന്നായും കൂട്ടമായും കൈവരിയിലിരുന്ന് മദ്യപിക്കുന്നവരുടെ എണ്ണവും കുറവല്ല.
തീര്ത്തും മാലിന്യം പേറുന്ന തോട്ടിലെ വെള്ളത്തില് വീഴുന്നവരെ കഴുകി ശുദ്ധി വരുത്തിയശേഷമാണ് വിട്ടയയ്ക്കുന്നത്. പരിക്കേല്ക്കുന്നവരെ തിരുവനന്തപുരം ജനറല് ആശുപത്രിയിലേക്കോ മെഡിക്കല്കോളജ് ആശുപത്രിയിലേക്കോ കൊണ്ടുപോകുന്നതിനു മുമ്പ് മാലിന്യം ശരീരത്തില് നിന്നു നീക്കം ചെയ്യുന്നതും ഫയര്ഫോഴ്സ് സംഘം തന്നെ!
എല്ലാ മാസവും മദ്യലഹരിയില് തോട്ടിലേക്കു വീഴുന്നവരുടെ എണ്ണത്തില് കുറവില്ലെങ്കിലും തോടിന്റെ സംരക്ഷണവേലി ഉയര്ത്താനോ നിലവിലുള്ള സംരക്ഷണവേലിക്കു പുറത്തുകൂടി സുരക്ഷാവലകള് സ്ഥാപിക്കാനോ അധികൃതര് ഇനിയും തയ്യാറായിട്ടില്ല. കഴിഞ്ഞ സര്ക്കാരിന്റെ ഭരണകാലത്ത് ഫയര്ഫോഴ്സ് സംഘം ഇതുസംബന്ധിച്ച് നിരവധി തവണ റിപ്പോര്ട്ടുകള് സമര്പ്പിച്ചിരുന്നു. എന്നാല് അപകടാവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള് കടലാസില് ഒതുങ്ങുകയാണ്.
District News
കൊട്ടിയം: പുല്ലരിയാനായി വള്ളത്തില് പോയ ആള് വെളളത്തില് വീണു മരിച്ചു. മൈലക്കാട് തെക്കേ വിളയില് രാജന് (67) ആണ് മരിച്ചത്. വള്ളത്തില് ഇത്തിക്കര ആറിലൂടെ സഞ്ചരിച്ച രാജന് വെള്ളത്തില് വീഴുകയായിരുന്നു.
സ്കൂബ സംഘം എത്തി ഒരു മണിക്കൂറോളം തിരച്ചില് നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 11ന് ആലുംകടവ് ഭാഗത്തായിരുന്നു അപകടം.
മിക്ക ദിവസങ്ങളിലും രാജന് ഈ ഭാഗത്ത് വള്ളത്തില് വന്ന് ആറിനോട് ചേര്ന്ന് നില്ക്കുന്ന പുല്ലുകള് അരിയാറുണ്ട്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൈലക്കാട് സെന്റ് ജോര്ജ് പള്ളിയില്. മക്കള്: ഫ്രെഡി, ഫെബി. ചാത്തന്നൂര് പോലീസ് കേസെടുത്തു.
Kerala
കൊച്ചി: വാഹനത്തിൽ നിന്നും കെട്ടഴിഞ്ഞു വീണ സ്റ്റീൽ പൈപ്പുകൾ വാഹനത്തിന്റെ ചില്ലു തകർത്ത് അകത്തേക്ക് തുളച്ച് കയറി അപകടം. തൃക്കാക്കര വള്ളത്തോൾ ജംഗ്ഷനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം.
പ്ലസ് വൺ വിദ്യാർഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാക്കനാട് ഭാഗത്തുനിന്നു സ്റ്റീൽ പൈപ്പുകളുമായി വന്ന പിക്കപ്പ് വാൻ, കാർഡിനൽ സ്കൂൾ ജംഗ്ഷനിൽ വച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം.
ഈ സമയം ജഡ്ജിമുക്ക് റോഡിൽനിന്ന് സീപോർട്ട് റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു കാർ. വാനിന് മുകളിൽ സുരക്ഷിതമല്ലാതെ കെട്ടിയിരുന്ന പൈപ്പുകൾ കെട്ടഴിഞ്ഞ് മുൻവശത്തുണ്ടായ കാറിലേക്ക് തുളച്ച് കയറുകയായിരുന്നു.
വലതുവശത്തെ ചില്ലുകൾ തകർത്ത് പൈപ്പുകൾ ഉള്ളിലേക്ക് വന്നപ്പോൾ പിൻസീറ്റിലിരുന്ന വിദ്യാർഥികൾ പെട്ടെന്ന് വശത്തേക്ക് മാറി. ഇതാണ് വലിയ ദുരന്തം ഒഴിവായത്.
അപകടത്തേത്തുടർന്ന് സീപോർട്ട് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൈപ്പുകൾ നാട്ടുകാർ ചേർന്നാണ് നീക്കിയത്.
Kerala
കൊല്ലം: വോട്ട് ചെയ്യാനെത്തിയ രണ്ട് പേര്കുഴഞ്ഞുവീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61), കൊല്ലം കടപ്പാക്കട കുളങ്ങര വീട്ടിൽ സരള എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്.
കുരാ ഗവ എൽപിഎസിലെ 72-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ മോഹനനൻ ആചാരി റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അനു. മക്കൾ. ആരോമൽ, ആതിര. സംസ്കാരം ഇന്ന് ഉച്ചക്ക് 12. 30 ന് വീട്ടുവളപ്പിൽ.
കടപ്പാക്കട ലിറ്റിൽ ഫ്ലവർ സ്കൂളിൽ വൈകിട്ട് അഞ്ചോടേ വോട്ടു ചെയ്യാൻ എത്തിയ സരള കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്.
Kerala
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്.
ഒപി വിഭാഗത്തിന് മുൻപിലുള്ള പ്ലാവിൽ നിന്നാണ് ചക്ക വീണത്. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. തലയിലും രണ്ട് കാൽമുട്ടിലും കൈകളിലും കാൽവിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഗംഗാധരൻ നായർ ചികിത്സയിൽ തുടരുകയാണ്.
രോഗിയെ ഉടൻ തന്നെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. സിടി സ്കാനിംഗിൽ കുഴപ്പമില്ലെന്ന് അധികൃതര് അറിയിച്ചു. ആശുപത്രി വളപ്പിലെ അപകടസാധ്യതയുള്ള ശിഖരങ്ങൾ മുറിച്ചുമാറ്റാൻ നടപടി തുടങ്ങിയെന്നും മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി തേടി സോഷ്യൽ ഫോറസ്ട്രിക്ക് കത്ത് നൽകിയതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
District News
എടക്കര: പോത്തുകൽ സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാട്ടി നാസർ- റെയ്ഹാനത്ത് ദന്പതിമാരുടെ മകൻ ശിഹാബുദീൻ (33) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെ വീട്ടിൽ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ശിഹാബുദീനെ പോത്തുകല്ലിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇറങ്ങുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഫർസാന. മകൻ: അമാൻ. സഹോദരങ്ങൾ: സിറാജുദീൻ, സലീന.
District News
തിരുവനന്തപുരം: പുലയനാര്ക്കോട്ടയില് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പുളി അടര്ത്തിയിടുന്നതിനിടെ കാല്വഴുതി താഴെവീണ് പരിക്കേറ്റ വയോധികന് മരിച്ചു. ചെറുവയ്ക്കല് കെജിആര്എഎ 45 സുജിത ഭവനില് പി. സുന്ദരന് (66) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ട് മണിയോടുകൂടിയാണ് അപകടം. മരംമുറിക്കുന്നതിനും പുളിയടര്ത്തുന്നതിനും പോകുന്ന തൊഴിലാളിയായിരുന്നു സുന്ദരന്. ഇന്നലെ രാവിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൂറ്റന് പുളിമരത്തില് നിന്നാണ് കാല്വഴുതി റോഡില്വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.
ഉടന് തന്നെ തിരുവനന്തപുരം മെഡിക്കല്കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 2.30നായിരുന്നു അന്ത്യം. മൃതദേഹം മോര്ച്ചറിയില്. ഡി. ലതയാണ് ഭാര്യ. മക്കള്: എസ്. സുനില്കുമാര്, എസ്. സുജിത. മരുമക്കള്: എസ്.ആര് രമ്യ, ജി. സന്തോഷ്.
National
ഷിംല: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 13 ആയത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ബസിന്റെ ഡ്രൈവൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഷിംലയിൽ നിന്ന് കുപ്വിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പുർധറിൽ വച്ചാണ് അപകടം ഉണ്ടായത്. ബസ് നൂറുമുതൽ 200 വരെ താഴ്ചയിലേക്കാണ് വീണതെന്നാണ് വിവരം.
ബസിൽ 40 പേരാണ് ഉണ്ടായിരുന്നതെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.