കൊച്ചി: വാഹനത്തിൽ നിന്നും കെട്ടഴിഞ്ഞു വീണ സ്റ്റീൽ പൈപ്പുകൾ വാഹനത്തിന്റെ ചില്ലു തകർത്ത് അകത്തേക്ക് തുളച്ച് കയറി അപകടം. തൃക്കാക്കര വള്ളത്തോൾ ജംഗ്ഷനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം.
പ്ലസ് വൺ വിദ്യാർഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാക്കനാട് ഭാഗത്തുനിന്നു സ്റ്റീൽ പൈപ്പുകളുമായി വന്ന പിക്കപ്പ് വാൻ, കാർഡിനൽ സ്കൂൾ ജംഗ്ഷനിൽ വച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം.
ഈ സമയം ജഡ്ജിമുക്ക് റോഡിൽനിന്ന് സീപോർട്ട് റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു കാർ. വാനിന് മുകളിൽ സുരക്ഷിതമല്ലാതെ കെട്ടിയിരുന്ന പൈപ്പുകൾ കെട്ടഴിഞ്ഞ് മുൻവശത്തുണ്ടായ കാറിലേക്ക് തുളച്ച് കയറുകയായിരുന്നു.
വലതുവശത്തെ ചില്ലുകൾ തകർത്ത് പൈപ്പുകൾ ഉള്ളിലേക്ക് വന്നപ്പോൾ പിൻസീറ്റിലിരുന്ന വിദ്യാർഥികൾ പെട്ടെന്ന് വശത്തേക്ക് മാറി. ഇതാണ് വലിയ ദുരന്തം ഒഴിവായത്.
അപകടത്തേത്തുടർന്ന് സീപോർട്ട് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൈപ്പുകൾ നാട്ടുകാർ ചേർന്നാണ് നീക്കിയത്.
Tags : Steel pipes fell pickup truck