Kerala
കൊച്ചി: ബാര്‍ ഹോട്ടലില്‍ പണം വാതുവച്ച് ചീട്ടുകളി മത്സരം നടത്തിയ ഏഴംഗ സംഘം പിടിയിൽ. എടത്തല പൂക്കാട്ടുപടിയിലെ ക്ലബ് 99 എന്ന ബാര്‍ ഹോട്ടലില്‍ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഏഴംഗ സംഘത്തെ പോലീസ് പിടികൂടിയത്.
ഗൂഗിള്‍ പേ ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടന്നത്. പിടിയിലായവരുടെ ഗൂഗിള്‍ പേ ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുകൂടാതെ സ്ഥലത്തുനിന്നു 19,000 രൂപയും പോലീസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത പണം കണ്ടു കെട്ടി. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇവിടെ ചീട്ടുകളി മത്സരങ്ങള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Kerala
മലപ്പുറം: തേഞ്ഞിപ്പലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു. പിടിയിലായ അഞ്ചു പ്രതികളും റിമാൻഡിൽ.
പ്രതികൾ ലോഡ്ജിൽ എത്തുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രിയിലാണ് അഞ്ചു പേർ അടങ്ങുന്ന സംഘം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിലെ ലോഡ്ജിൽ എത്തിയത്.
റിസപ്ഷനിൽ ഉണ്ടായിരുന്ന ആളോട് എംഡിഎംഎ ആവശ്യപ്പെട്ടു. പിന്നാലെ തർക്കമായി. റിസപ്ഷനിൽ ഉണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും പ്രതികൾ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. ശേഷം കാറിൽ കയറി കടന്നു കളഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് വിശദമായ അന്വേഷണം നടത്തി. ലോഡ്ജിലെ സിസിടിവിയിൽ നിന്ന് പ്രതികൾ ലോഡ്ജിലേക്ക് വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യം ലഭിച്ചു. ഇത് പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായകരമായി.
ചെട്ടിപ്പടി സ്വദേശി അക്കീബ്, പരപ്പനങ്ങാടി സ്വദേശി ജുനൈദ്, താനൂർ സ്വദേശി സഫുവാൻ, നായർത്തോട് സ്വദേശി മർഷാദ്, നെടുവ സ്വദേശി റമീസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോഡ്ജിലെ ജീവനക്കാർക്ക് ഈ പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കും.
Kerala
കൊച്ചി: യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കളമശേരി പോലീസ്. ഇവരുടെ സോഷ്യല്‍ മീഡി അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. അഡ്വ. ശ്രീജിത്ത് പെരുമനയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ പരാതി നല്‍കിയത്.
പരാതിക്ക് അടിസ്ഥാനമായ കാലഘട്ടത്തില്‍ തൊപ്പിയും സംഘവും താമസിച്ചിരുന്നത് കളമശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ ആയിരുന്നു. അശ്ലീല പ്രചരണം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് തൊപ്പിക്കെതിരെ അന്വേഷണം നടക്കുന്നത്.
തൊപ്പിയും സംഘവും പിരിഞ്ഞ ശേഷം നിഹാദിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.
തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്കി പ്രശ്നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതില്‍ ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്‍കിയതായി അവകാശപ്പെട്ട് തൊപ്പി രംഗത്തെത്തിയിരുന്നു. റീച്ചിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആരോപിച്ചാണ് തൊപ്പിയുടെ പരാതി.
Kerala
തിരുവനന്തപുരം: ക്ഷേത്രത്തിന് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, ചോദ്യം ചെയ്ത യുവാവിനെ മർദിക്കുകയും ചെയ്ത സംഘം അറസ്റ്റിൽ.
മൺവിള സ്വദേശി അനസ് .എൻ (21), പാങ്ങപ്പാറ സ്വദേശികളായ അഫ്സൽ (21), അദ്വൈത് (20), ചാവടിമുക്ക് സ്വദേശി അബുബേക്കർ സിദിഖ് (19) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം ആറ്റിപ്ര, കുഴിവിള, നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിനു സമീപമാണ് സംഭവം. സംഘം ചേർന്നെത്തിയ പ്രതികൾ ആളുകളുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ അടിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
പിന്നീട് നാട്ടുകാർക്ക് നേരെ തോക്കും വാളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം ചെറായി കരുത്തലയില്‍ യുവാവിന് ക്രൂരമര്‍ദനം. വടക്കന്‍ പറവൂര്‍ നന്ദികുളങ്ങര സ്വദേശി വിജീഷിന് ആണ് മര്‍ദനമേറ്റത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ ചെറായി കരുത്തലയിലെ ഒരു അമ്പലത്തിലെ ഉത്സവത്തിന് ശേഷം മടങ്ങി വരുമ്പോഴാണ് ആക്രമണം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛനും മകനും അടങ്ങുന്ന ഒരു സംഘമാണ് വിജീഷിനെ ആക്രമിച്ചത്. ഇരുമ്പു വടി കൊണ്ട് വിജീഷിന്റെ തലയില്‍ അടിക്കുകയായിരുന്നു.
ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജീഷിനെ മുറിവ് ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. മര്‍ദനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
Kerala
കാസർഗോഡ്: ചെമ്പിരിക്ക കീഴൂരിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. കീഴൂർ സ്വദേശിയായ പ്രവാസി മിഗ്ദാദിന് (32) നേരെയാണ് ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവെ കീഴൂർ അങ്ങാടിയിൽ വാഹനം തടഞ്ഞുനിർത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
International
അബൂജ: കഴിഞ്ഞവർഷം നവംബറിൽ നൈജീരിയയിലെ പെന്തകോസ്ത് പള്ളിയിൽനിന്ന് പാസ്റ്റർ അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 33 അംഗ സംഘം അറസ്റ്റിലായി.
ഈ ക്രിമിനൽ സംഘം മറ്റ് തട്ടിക്കൊണ്ടുപോകലുകളും കന്നുകാലി മോഷണവും ആക്രമണങ്ങളും നടത്തിയിട്ടുണ്ടെന്ന് ഫെഡറൽ സർക്കാരിന്റെ പോലീസ് വക്താവ് ആന്തണി ഒകോൺ പ്ലാസിഡ് അറിയിച്ചു.
അന്വേഷണസംഘം ദീർഘകാലം നടത്തിയ ഓപ്പറേഷനൊടുവിൽ സെൻട്രൽ നൈജീരിയയിലെ കവാര, കോഗി സംസ്ഥാനങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്.
നവംബറിൽ കവാരയിലെ ക്രൈസ്റ്റ് അപ്പസ്തോലിക് പള്ളിയിലുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ നൈജീരിയൻ അധികൃതർ ഘട്ടംഘട്ടമായി മോചിപ്പിച്ചു.
ഈ സംഭവത്തിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നൈജീരിയയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയതും ഇവർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്കിയതും.
District News
കുറ്റിച്ചൽ: അഗസ്ത്യമലയുടെ അടിവാരത്തെ മണ്ഡലമായ അരുവിക്കരയുടെ വിധി നിർണയം ഇത്തവണ ആരെ തുണയ്ക്കുമെന്ന കാത്തിരിപ്പിൽ ജനം. ഇക്കുറി പോളിംഗ് ശതമാനം 79.06 ശതമാനമാണ്. 2021 ൽ 75.44 ആയിരുന്നു. യുഡിഎഫിലെ വി.എസ്. ശിവകുമാർ, എൽഡിഎഫിലെ ജി. സ്റ്റീഫൻ, എൻഡിഎയിലെ വിവേക് ഗോപൻ എന്നിവരാണ് ഇത്തവണ ജനവിധി തേടിയത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫൻ 66,776 വോട്ടുകൾ (45.83 ശതമാനം) നേടിയാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ.എസ്. ശബരീനാഥനെ 5,046 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശബരീനാഥന് 61,730 വോട്ടുകൾ (42.37 ശതമാനം) ലഭിച്ചു. ബിജെപി സ്ഥാനാർഥി 15,379 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു.
തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിക്കുന്ന, എന്നാൽ ഭരണകാര്യങ്ങളിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത വോട്ടർമാരുള്ള മണ്ഡലമാണ് അരുവിക്കര. നെടുമങ്ങാട്-കാട്ടാക്കട ഇടനാഴിയിൽ സ്ഥിതി ചെയ്യുന്ന മണ്ഡലം തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളും ഗ്രാമീണ മേഖലകളും ഒത്തുചേരുന്ന ഇടമാണ്.
അരുവിക്കരയിലെ രാഷ്ട്രീയം ഒരിക്കലും കേവലമായ ആശയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാറില്ല. മലയോരഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ഓരോ വീടുകളിലും എത്തുന്ന കുടിവെള്ളം, കൃത്യസമയത്ത് എത്തുന്ന ബസുകൾ, വൈകാതെ ലഭിക്കുന്ന ക്ഷേമ ആനുകൂല്യങ്ങൾ എന്നിവയാണ് ഇവിടുത്തെ രാഷ്ട്രീയ വിധിയെഴുത്തിന്റെ വ്യാകരണം. പാർട്ടികളോടുള്ള വിശ്വസ്ത നിലനിൽക്കുമ്പോഴും താഴേത്തട്ടിലെ പ്രവർത്തന മികവിലാണ് വോട്ടർമാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് അരുവിക്കരയുടെ രാഷ്ട്രീയ സ്വഭാവം നിശ്ചയിക്കുന്നത്. കുറ്റിച്ചൽ, അരുവിക്കര, ആര്യനാട്, വിതുര, വെള്ളനാട്, പൂവച്ചൽ പഞ്ചായത്തുകൾ മണ്ഡലത്തിന്റെ ഹൃദയഭാഗങ്ങളാണ്. ഇതിനൊപ്പം തൊളിക്കോട്, ഉഴമലയ്ക്കൽ പ്രദേശങ്ങളും ചേരുന്നു. കർഷകർ, തോട്ടം തൊഴിലാളികൾ, സർക്കാർ ജീവനക്കാർ എന്നിവർക്കൊപ്പം നഗരങ്ങളിലേക്ക് ജോലിക്കായി പോകുന്ന പുതുതലമുറയും ഇവിടെ വോട്ടർമാരാണ്. ഈ വൈവിധ്യം വോട്ടർമാരുടെ പ്രതീക്ഷകളിലും പ്രതിഫലിക്കുന്നു. ഗ്രാമീണർ കുടിവെള്ളത്തിനും കൃഷിക്കും ക്ഷേമപദ്ധതികൾക്കും മുൻഗണന നൽകുമ്പോൾ, അർധനഗരങ്ങളിലുള്ളവർ ഗതാഗത സൗകര്യങ്ങൾക്കും ഭരണപരമായ വേഗതയ്ക്കും പ്രാധാന്യം നൽകുന്നു.
അരുവിക്കരയിലെ ഭരണമികവ് അളക്കുന്നത് ദൈനംദിന സേവനങ്ങളുടെ കൃത്യതയിലൂടെയാണ്. മലയോര മേഖലകളിൽ റോഡുകൾ എന്നത് ഒരു സൗകര്യം മാത്രമല്ല, ജീവിതമാർഗം കൂടിയാണ്. വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം എന്നും ചർച്ചാവിഷയമാണ്.
ജാതി ഘടകങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഉപജീവന സുരക്ഷയും പൊതുസേവനങ്ങളുടെ ലഭ്യതയും വോട്ടിംഗിനെ വലിയ തോതിൽ സ്വാധീനിച്ചേക്കും. ചരിത്രപരമായി ഇടതുപക്ഷവും കോൺഗ്രസും കടുത്ത പോരാട്ടത്തിനാണ് അരുവിക്കരയിൽ സാക്ഷ്യം വഹിക്കുന്നത്. ഇരുപക്ഷത്തിനും അടിത്തട്ടിൽ ശക്തമായ സംഘടനാ സംവിധാനമുണ്ട്. മിക്കവാറും തെരഞ്ഞെടുപ്പുകൾ സ്ഥാനാർഥിയുടെ വിശ്വാസ്യതയിലും സംഘടനാപരമായ ഏകോപനത്തിലുമാണ് വിജയിയെ തീരുമാനിക്കുന്നത്. വികസന നേട്ടങ്ങൾക്കും ഭരണപരമായ ഇടപെടലുകൾക്കും മണ്ഡലത്തിൽ വലിയ പ്രാധാന്യമുണ്ട്.
കഴിഞ്ഞ തവണ സിപിഎമ്മിന്റെ ശക്തമായ സംഘടനാ പ്രവർത്തനവും ഭരണനേട്ടങ്ങളുമാണ് ജി. സ്റ്റീഫന്റെ വിജയത്തിന് വഴിയൊരുക്കിയത്. കോൺഗ്രസിന് മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടെന്ന് കെ.എസ്. ശബരീനാഥൻ അന്നു നേടിയ വോട്ടുകൾ തെളിയിക്കുന്നു. ചെറിയ വോട്ടുവ്യത്യാസത്തിൽ ഫലങ്ങൾ മാറിമറിയുന്ന ഒരു മണ്ഡലമായി അരുവിക്കര തുടരുന്നു.
District News
കാസർഗോഡ്: കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നുപറഞ്ഞ് ആളുകളെ നേരിട്ടു ബന്ധപ്പെട്ട് വ്യാജസ്വർണം നൽകി പണംതട്ടുന്ന കർണാടക സ്വദേശികളായ നാലംഗ സംഘം പിടിയിൽ. മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി (30), ഗണേഷ് സോളങ്കി (53), ജീവൻലാൽ (62), ഹരിലാൽ (37) എന്നിവരെയാണ് കാസർഗോഡ് പോലീസ് പിടികൂടിയത്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് കാഞ്ഞങ്ങാട്ടെ ഒരു സ്ഥാപനത്തിൽ ഇവർ ആഭരണം വിൽക്കാനെത്തിച്ചപ്പോൾ സംശയം തോന്നി പോലീസിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പള്ളിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സംഘത്തെ കണ്ടെത്തിയത്. വ്യാജ ആഭരണങ്ങൾ വില്പന നടത്താനായി കൊണ്ടുപോകുമ്പോൾ കാസർഗോഡ് ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
സംഘത്തിന്റെ കൈയിൽനിന്ന് കോപ്പറും കാഡ്മിയവും ഉപയോഗിച്ച് നിർമിച്ച ആറേമുക്കാൽ കിലോ വ്യാജ ആഭരണങ്ങളും ഏഴ് ഗ്രാം യഥാർഥ സ്വർണവും കണ്ടെത്തി. ആവശ്യക്കാർക്ക് ആദ്യം പരിശോധിക്കാൻ നൽകുന്നത് യഥാർഥ സ്വർണം തന്നെയാണ്. കച്ചവടമുറപ്പിച്ച് പണം വാങ്ങിയതിനു ശേഷമാണ് വ്യാജ ആഭരണങ്ങൾ നൽകുന്നത്.
സ്വർണമല്ലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ഇവയും നിർമിച്ചിരിക്കുന്നത്. ജ്വല്ലറികളിൽ നിന്ന് കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നു പറഞ്ഞാണ് ഇവർ ആവശ്യക്കാരെ ബന്ധപ്പെടുന്നത്. പിടിയിലായ സംഘത്തെ പോലീസ് ചോദ്യംചെയ്തു വരികയാണ്.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച.
രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: മുറ്റിച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയുന്നത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില്‍ പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
സംഭവത്തില്‍ അക്ഷയ്യെ അന്തിക്കാട് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.