ലണ്ടൻ: ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്ന പകർച്ചവ്യാധികൾക്കും വൈറസ് വകഭേദങ്ങൾക്കുമെതിരേ മുൻകൂട്ടി പ്രതിരോധം തീർക്കാൻ ശേഷിയുള്ള സൂപ്പർ ആന്റിജൻ വാക്സിൻ വികസിപ്പിച്ചെടുത്ത് ഗവേഷകർ.
ചരിത്രത്തിലാദ്യമായി കൃത്രിമബുദ്ധി ഉപയോഗിച്ചു രൂപകല്പന ചെയ്ത വാക്സിൻ ഘടകം മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചതായി കേംബ്രിജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ഏകദേശം 200 പേരെ ഉൾപ്പെടുത്തി നടത്തുന്ന രണ്ടാമത്തെ പഠനം വാക്സിൻ പ്രതിരോധശേഷി എത്രത്തോളം വർധിപ്പിക്കുന്നുവെന്ന് കൂടുതൽ വ്യക്തമാക്കും.
നിലവിലെ കോവിഡ് വകഭേദങ്ങൾ മാത്രമല്ല ഭാവിയിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരാൻ സാധ്യതയുള്ള വൈറസുകൾക്കെതിരേയും സംരക്ഷണം നൽകാൻ കഴിയുന്ന വാക്സിനാണ് ഇതെന്നാണ് അവകാശവാദം.
കോവിഡ് വകഭേദങ്ങൾക്കുപുറമെ, സീസണൽ ഫ്ലൂ, പക്ഷിപ്പനി, എബോള തുടങ്ങിയ വൈറസുകൾക്കെതിരേയുള്ള എഐ വാക്സിനുകളുടെ ഗവേഷണങ്ങളും മൃഗങ്ങളിലെ പരീക്ഷണങ്ങളും വിജയകരമായി നടക്കുന്നുണ്ട്.
വാക്സിൻ നിർമാണരംഗത്ത് എഐ സാങ്കേതികവിദ്യ വലിയൊരു കുതിച്ചുചാട്ടമാണെന്നും ഭാവിയിലെ മഹാമാരികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ ഇതു സഹായിക്കുമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.