ന്യൂഡൽഹി: ഏറെ ആകാംഷയൊടെ കാത്തിരിക്കുന്ന ആപ്പിളിന്റെ ആദ്യ ഫ്ലെക്സിബിൾ ഫോൺ 'ഐഫോൺ അൾട്രാ' സെപ്റ്റംബർ 9ന് നടക്കുന്ന ചടങ്ങിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുൻപ് നിർമാണ തടസ്സങ്ങൾ കാരണം ലോഞ്ച് വൈകുമെന്ന് കരുതിയിരുന്നെങ്കിലും, പ്രോ മോഡലുകൾക്കൊപ്പം തന്നെ ഫോൺ വിൽപ്പനയ്ക്കെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
പുസ്തകം പോലെ മടക്കാവുന്ന ഡിസൈനിലാണ് ഈ ആപ്പിൾ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മടക്കി വെച്ചിരിക്കുമ്പോൾ 5.5 ഇഞ്ചും, തുറക്കുമ്പോൾ 7.8 ഇഞ്ച് ഐപാഡിന് സമാനമായ വലിയ സ്ക്രീനുമാണ് ഇതിൽ ഉണ്ടാകുക. മടക്കുമ്പോഴുണ്ടാകുന്ന ക്രീസ് പരമാവധി കുറയ്ക്കാനുള്ള സാങ്കേതികവിദ്യയാണ് ആപ്പിൾ ഉപയോഗിച്ചിരിക്കുന്നത്.
ഫോണിന്റെ ഉറപ്പിനായി ലിക്വിഡ്-മെറ്റൽ സാങ്കേതികവിദ്യയിലുള്ള ഹിഞ്ചാണ് ആപ്പിൾ വികസിപ്പിച്ചിരിക്കുന്നത്. സാധാരണ ഐഫോണുകളുടെ അതേ കരുത്ത് ഇതിനും ഉറപ്പുനൽകുന്നു. സ്ലിം ഡിസൈൻ ആയതിനാൽ മാഗ്സേഫ് ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി, പുതിയ ഫോണിലും മാഗ്സേഫ് സൗകര്യം ലഭ്യമാകുമെന്ന് ഗുർമാൻ ഉറപ്പുനൽകുന്നു.
പുതിയ ഐഒഎസ് 27 സോഫ്റ്റ്വെയറിലൂടെ വലിയ സ്ക്രീനിൽ ഐപാഡിലേത് പോലെ ഒരേസമയം രണ്ട് ആപ്പുകൾ ഉപയോഗിക്കാനും, ആപ്പുകൾക്കിടയിൽ വിവരങ്ങൾ 'ഡ്രാഗ് ആൻഡ് ഡ്രോപ്പ്' ചെയ്യാനുമുള്ള സൗകര്യങ്ങൾ ഉണ്ടാകും.
കരുത്തുറ്റ നിർമാണവും പുതിയ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിനാൽ ഏകദേശം 2,000 ഡോളറിൽ അധികം (ഇന്ത്യയിൽ ബാങ്ക് ഓഫറുകൾക്ക് പുറമെ 1.7-1.8 ലക്ഷം രൂപയ്ക്ക് മുകളിൽ) വില വരുന്ന ആപ്പിളിന്റെ ഏറ്റവും വിലകൂടിയ ഫോണായിരിക്കും ഇത്.