Kerala
കോഴിക്കോട്: പാർട്ടി അവഗണിക്കുന്നുവെന്ന് ആരോപിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ബഷീർ സ്ഥാനം രാജിവച്ചു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തങ്ങളോട് ആരും ചർച്ച നടത്തിയിട്ടില്ല. ചിലരെ സ്ഥാനാർഥിയാക്കരുതെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നു.
എന്നാൽ നേതൃത്വം ഇത് അംഗീകരിച്ചില്ല. ഹരിത വിവാദം സൃഷ്ടിച്ചവരാണ് മത്സരിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. പാണക്കാട് കുടുംബത്തെ മോശമായി ചിത്രീകരിക്കപ്പെട്ടവരോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു.
തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരേ സംസാരിച്ചിട്ടില്ല. പാർട്ടിയിലെ സ്ഥാനം രാജിവച്ചെങ്കിലും പാർട്ടി വിടില്ലെന്ന് അവർ പറഞ്ഞു. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമർശനവുമായി നേരത്തെ നൂര്‍ബിന രംഗത്തെത്തിയിരുന്നു.
ഫാത്തിമ തഹ്ലിയായെ സ്ഥാനാർഥിയാക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയതാണ്. അവരെല്ലാം സ്ഥിരമായി പാണക്കാട് വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് മലപ്പുറം ജില്ലയിലെ പലരും തനിക്ക് മെസേജ് അയച്ചു. ഫാത്തിമ ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും നൂർബിന ആരോപിച്ചു.
സീറ്റ് കിട്ടാത്തതിലല്ല രാജി. നൂര്‍ബിന റഷീദ് എന്ന വ്യക്തിക്ക് വേണ്ടിയല്ല താൻ സംസാരിക്കുന്നതെന്നും കെട്ടിപ്പടുത്തുയർത്തിയ വനിതാ ലീഗിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു. കല്ലും മുള്ളും താണ്ടിയാണ് വനിതാ ലീഗിനെ കെട്ടിപ്പടുത്തത്.
ഒഴുക്കിനെതിരെ നീന്തിയ മുസ്ലിം വനിതയാണ് താൻ. പാണക്കാട് തങ്ങൾ ഏൽപിച്ച ദൗത്യം പൂർത്തിയാക്കി. പാർലമെന്ററി പാർട്ടി സ്ഥാനം വ്യാമോഹിച്ചല്ല പാർട്ടിയിലെത്തിയത്. വ്യക്തിക്ക് വേണ്ടിയല്ല, ആദർശങ്ങൾക്കും നിലപാടിനും വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു.
Kerala
കൊച്ചി: കളമശേരി മണ്ഡലത്തില്‍ 2021ലെ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടലിന് ഒരുങ്ങിയിരിക്കുകയാണ്. മന്ത്രി പി. രാജീവിനെ എതിരിടാന്‍ ഫുള്‍ ഫോമിലാണ് യുഡിഎഫിന്റെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍.
കേരളം മാറ്റം ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ഒമ്പതിന് വരാന്‍ പോകുന്നത്. കേരളമൊട്ടാകെ യുഡിഎഫിന്റെ തരംഗമുണ്ടാകും, അതിനൊപ്പം കളമശേരിയും ഉണ്ടാകുമെന്നും അബ്ദുള്‍ ഗഫൂര്‍ ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.
കളമശേരിയില്‍ ഇത്തവണ യുഡിഎഫ് തന്നെ വിജയിക്കും. കേരളമൊട്ടാകെ യുഡിഎഫിന്റെ തരംഗമാണ്. യുഡിഎഫ് സര്‍ക്കാറാണ് വരാന്‍ പോകുന്നത്. അതിനോടൊപ്പം കളമശേരി മണ്ഡലവും ഉണ്ടാകും.
കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തെ എങ്ങനെയെങ്കിലും മാറണം എന്നാണ് ജനങ്ങള്‍ക്ക്. യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, നല്ലവരായ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലും ആഗ്രഹിക്കുന്നത് അതാണ്. കേരളം മാറ്റം ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ഒമ്പതിന് വരാന്‍ പോകുന്നത്. കളമശേരിയില്‍ യുഡിഎഫിന് ഉജ്വലമായ വിജയം ഉണ്ടാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ നൂറില്‍ കൂടുതല്‍ സീറ്റ് ഉറപ്പായും ലഭിക്കും. ആ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
കളമശേരി വികസനത്തിലേക്ക്
കളമശേരി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ഡലം 2011ല്‍ രൂപീകൃതമായി വന്നപ്പോള്‍ ഇതിന്റെ കണക്ടിവിറ്റി വിഷയമായിരുന്നു.
ഇടപ്പള്ളി മുതല്‍ ഏകദേശം തൃശൂര്‍ മാളയുടെ ബോര്‍ഡര്‍ വരെയുള്ള മണ്ഡലമാണ് കളമശേരി. അതെല്ലാം 17 പാലങ്ങള്‍ കൊണ്ട് ബന്ധിപ്പിക്കാനും കണക്ടിവിറ്റി ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. എല്ലാ റോഡുകളും ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ എല്ലാം നന്നാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ മെയിന്റനന്‍സ് നടന്നിട്ടില്ല.
റോഡുകളുടെ സ്ഥിതി ഇപ്പോള്‍ വളരെ ദയനീയമായി നില്ക്കുന്ന അവസ്ഥയാണ്. 13 കൊല്ലം മുമ്പ് ടാര്‍ ചെയ്ത് നല്ല നിലവാരത്തില്‍ ആക്കിയ റോഡുകള്‍ ഇന്ന് മെയിന്റനന്‍സ് കാത്തു കിടക്കുകയാണ്.
കുടിവെള്ളത്തിന്റെ പ്രശ്നമുണ്ട് പല സ്ഥലത്തും. യുഡിഎഫിന്റെ കാലത്ത് വലിയ കുടിവെള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. എന്നാല്‍ പത്തു കൊല്ലമായിട്ടും അത് നടപ്പാക്കിയിട്ടില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ. അത് പരിഹരിക്കും.
കളമശേരി ഒരു നഗരപ്രദേശമാണ്, എന്നാല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുനുകര, കരുമാലൂര്‍, ആലങ്ങാട് ഒക്കെ ഗ്രാമപ്രദേശങ്ങളാണ്. അതിനാല്‍ തന്നെ നിരവധി ആവശ്യങ്ങളുള്ള മണ്ഡലമാണ് കളമശേരി. ഒരു പാറ്റേണ്‍ അനുസരിച്ച് മാത്രം വികസനം കൊണ്ടുവരാന്‍ പറ്റുന്ന ഒരു മണ്ഡലമല്ല ഇത്. ഓരോ പ്രദേശത്തിനും ഓരോ രീതിയിലുള്ള ആവശ്യങ്ങളാണ്, അതെല്ലാം പരിഗണിച്ചു കൊണ്ടു തന്നെ മുന്നോട്ട് പോകും.
വായു മലിനീകരണം
ഏലൂരിലെ ഇപ്പോഴത്തെ വായു മലിനീകരണം ഏകദേശം ഡല്‍ഹിയുടെ അടുത്തു തന്നെ എത്തി. പലപ്പോഴും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) ഡല്‍ഹിയുടെ അടുത്തു തന്നെയാണ്. എക്യുഐ അനാരോഗ്യകരം എന്നാണ് കാണിക്കുന്നത്. ടിസിസി അടക്കമുള്ള വലിയ കമ്പനികളെ നിലനിര്‍ത്തി കൊണ്ടു തന്നെ നല്ല രീതിയില്‍ അതിനെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിക്കണം. മലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. അതിന് വേണ്ടി ശ്രദ്ധ ചെലുത്തും.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ പ്രതിസന്ധിയാവില്ല
മുഖ്യമന്ത്രി ചര്‍ച്ചകള്‍ യുഡിഎഫിന് ഒരിക്കലും പ്രതിസന്ധി ഉണ്ടാക്കില്ല. മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നും തന്നെയായിരിക്കും. ആരാണ് മുഖ്യമന്ത്രി എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. അതിനെ എല്ലാ ഘടകകക്ഷികളും പിന്തുണയ്ക്കും. അതിലൊന്നും ഒരു തര്‍ക്കവുമില്ലഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഇരുന്നെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാവുകയില്ല. വളരെ സ്മൂത്ത് ആയിട്ട് തന്നെ കാര്യങ്ങള്‍ പോകും.
വനിതാ പ്രാതിനിധ്യം
വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ റിസര്‍വേഷന്‍ പാറ്റേണ്‍ ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നുണ്ട്. വനിതകള്‍ മത്സരിക്കാനായി സ്വമേധയാ മുന്നോട്ടു വരുന്നുണ്ട്.
നിയമസഭയില്‍ റിസര്‍വേഷന്‍ ഇല്ല. എന്നാല്‍ അതിന്റേതായ പരിഗണന എല്ലാ പാര്‍ട്ടികളും കൊടുക്കാന്‍ നോക്കാറുണ്ട്. മുസ്ലീം ലീഗ് പോലും രണ്ടു വനിത സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്നുള്ളത് വനിതകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം കൊടുക്കണം എന്നതിന്റെ ലക്ഷണമാണ്.
തൊഴിലാളികള്‍ക്ക് ആനുകൂല്യം
യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ടിസിസി അടക്കമുള്ള കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുള്ളത്. എല്‍ടിഎ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് നടപ്പിലാക്കിയിട്ടുണ്ട്. പക്ഷെ എല്‍ഡിഎഫിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് അങ്ങനെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അന്യായമായ ആനുകൂല്യങ്ങൾ ഒന്നും ചോദിക്കുന്നില്ല. ആവശ്യമായത് ഒക്കെ കൊടുക്കണം. ഇപ്പോഴുള്ള എല്‍ടിഎ പോലും ചെറിയ കാര്യങ്ങള്‍ കൊണ്ട് തടഞ്ഞു വച്ചിരിക്കുകയാണ്. യുഡിഎഫ് വന്നാല്‍ അര്‍ഹമായ രീതിയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കും.
പ്രചാരണം
പ്രചാരണം നന്നായി നടക്കുന്നുണ്ട്. എല്ലാവരും നന്നായി സഹകരിക്കുന്നുണ്ട്. യുഡിഎഫിന്റെ എല്ലാ വലിയ നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ വിജയം നൂറു ശതമാനമാണ്.
Kerala
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പോലീസ്. അധിക്ഷേപ പോസ്റ്റിലുണ്ടായിരുന്ന ഫോട്ടോ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അധിക്ഷേപ പരാമർശം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിവരം തേടി മലപ്പുറം സൈബർ പോലീസ് ഇതോടകം മെറ്റയെ സമീപിച്ചിട്ടുണ്ട്. ഈ ഫേസ്ബുക്ക് അക്കൗണ്ട് ഏത് കമ്പ്യൂട്ടറിൽ നിന്നാണ് നിർമിച്ചത് എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് ഇപ്പോൾ തേടിയിരിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. വ്യാജ രേഖ ചമക്കൽ, അപകീർത്തിപെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
Kerala
മലപ്പുറം: കേന്ദ്ര ബജറ്റിന് പിന്നാലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേന്ദ്രസർക്കാർ കോർപറേറ്റ് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധനയമാണ് നടപ്പാക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ വിമർശനം ഉന്നയിച്ചു. ആശാവർക്കർമാരെ നിരാശാ വർക്കർമാർ ആക്കിയവരാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വന്നപ്പോൾ ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ ഒരു കാര്യം മറക്കരുത്, സർക്കാർ നിലപാടിനെതിരെ ഏറ്റവും വലിയ സമരം വരാനിരിക്കുന്നതേയുള്ളൂ. ജനാധിപത്യ സമരത്തിൽ ഇടത് സർക്കാർ ഒലിച്ചു പോകുമെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
തൊഴിൽ വിരുദ്ധത ഉണ്ടായാൽ തൊഴിലാളികൾ രാഷ്ട്രീയം നോക്കാതെ സമരം ചെയ്യുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
Kerala
മഞ്ചേരി: ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ് അംഗത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് മഞ്ചേരി മുനിസിഫ് കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു. പുല്‍പ്പറ്റ പഞ്ചായത്ത് എട്ടാം വാര്‍ഡ് പൂക്കൊളത്തൂരില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഒ.പി. കുഞ്ഞാപ്പു ഹാജിക്കെതിരെയാണ് കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ഒ.പി.കെ. അബ്ദുള്‍ ഗഫൂര്‍ കോടതിയെ സമീപിച്ചത്.
നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരം നല്‍കിയെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. നോമിനേഷനോടൊപ്പമുള്ള ഫോം 2 എയിലെ ഒമ്പതാമത്തെ ചോദ്യമായ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിന് ഇല്ല എന്നാണ് കുഞ്ഞാപ്പു ഹാജി ഉത്തരം നല്‍കിയിരുന്നത്. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കേസിന്റെ നിലവിലെ അവസ്ഥ എന്ന ചോദ്യത്തിന് ബാധകമല്ല എന്നും ഉത്തരം നല്‍കിയിരുന്നു.
എന്നാല്‍ വണ്ടി ചെക്ക് നല്കി വഞ്ചിച്ചുവെന്ന കേസില്‍ 2012-ല്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുഞ്ഞാപ്പു ഹാജിയെ ഒരു വര്‍ഷം തടവിനും 20 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരേ നൽകിയ അപ്പീല്‍ ജില്ലാ സെഷന്‍സ് കോടതി 2014-ല്‍ തള്ളുകയും ചെയ്തിരുന്നു.
തുടര്‍ന്ന് 2015-ല്‍ കുഞ്ഞാപ്പുഹാജി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കഴിഞ്ഞ 10 വര്‍ഷമായി കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ തുടരുകയുമാണ്. ഇക്കാര്യങ്ങള്‍ സൂക്ഷ്മ പരിശോധനാ വേളയില്‍ റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നതുമാണെന്നാണ് കോൺഗ്രസ് നേതാവിന്റെ പരാതി.
പരാതിക്കാരനായ അബ്ദുള്‍ ഗഫൂര്‍ 14 വര്‍ഷത്തോളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, അഞ്ചുവര്‍ഷം മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, പുല്‍പ്പറ്റ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍, യുഡിഎഫ് പഞ്ചായത്ത് ചെയര്മാന്, കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് പട്ടികജാതി സംവരണ സീറ്റുകളില്‍ ഒന്നുപോലും കോണ്‍ഗ്രസിന് നല്‍കാത്തതിലും സിറ്റിംഗ് സീറ്റായ രണ്ടാം വാര്‍ഡ് നല്‍കാത്തതിലും പ്രതിഷേധിച്ച് അബ്ദുള്‍ ഗഫൂര്‍ എട്ടാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് വിമതനായി മത്സരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോടതിയെ സമീപിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും കഴിഞ്ഞ കോടതിയെ സമീപിച്ചിട്ടുണ്ട്. 178 വോട്ടിന് പരാജയപ്പെട്ട ഇടതു സ്ഥാനാര്‍ഥി എന്‍.എച്ച്. അലവിയാണ് കുഞ്ഞാപ്പുഹാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Kerala
പത്തനംതിട്ട: നഗരസഭയില്‍ കോണ്‍ഗ്രസിലെ സിന്ധു അനില്‍ അധ്യക്ഷയാകും. വൈസ് ചെയര്‍മാനായി മുസ്ലിം ലീഗിലെ എ. സഗീറിനെയാണ് യുഡിഎഫ് നിര്‍ദേശിച്ചിരിക്കുന്നത്.
തൈക്കാവ് വാര്‍ഡിനെയാണ് സിന്ധു പ്രതിനിധീകരിക്കുന്നത്. ഇത് നാലാം തവണയാണ് കൗണ്‍സിലറാകുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായി സിന്ധു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന പരേതനായ അനില്‍ മണ്ണിലിന്റെ ഭാര്യയാണ്.
ചുട്ടിപ്പാറ ഈസ്റ്റ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന എ. സഗീര്‍ നഗരസഭയുടെ മുന്‍ വൈസ് ചെയര്മാന് കൂടിയാണ്.
കോണ്‍ഗ്രസിലെ ധാരണ പ്രകാരം ആദ്യ രണ്ടുവര്‍ഷമാണ് സിന്ധു അനിലിന് അധ്യക്ഷ സ്ഥാനം ലഭിക്കുക. പിന്നീട് ഒരുവര്‍ഷം ഗീത സുരേഷിനാണ്. അവസാന രണ്ടു വര്‍ഷം അംബികാ വേണു അധ്യക്ഷയാകും.
വൈസ് ചെയര്‍മാനായ സഗീര്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിക്കും. പിന്നീട് രണ്ടുവര്‍ഷം കോണ്‍ഗ്രസിലെ സജി കെ. സൈമണും അവസാന ഒരുവര്‍ഷം ഏബല്‍ മാത്യുവിനും ലഭിക്കും.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗത്തിൽ പി.എം.എ. സലാമിനെതിരെ പോലീസിൽ പരാതി.
സിപിഎം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. വഴക്കാട് പോലീസ് സ്റ്റേഷനിലാണ് പരാതി.
അതേസമയം, സലാമിനെ തള്ളി മുസ്ലീം ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വിമർശനങ്ങൾ ആകാം, പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്നാണ് പാണക്കാട് സാദിഖലി തങ്ങളുടെ നിലപാട്.
സലാമിന് പറ്റിയ പിഴവ് പാർട്ടി തിരുത്തിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.