മലപ്പുറം: മലപ്പുറം വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡിന് തീയീട്ടതായി പരാതി. ഞായറാഴ്ച രാത്രി 9.30ഓടെ ആയിരുന്നു സംഭവം. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ചിരുന്ന ബോർഡിനാണ് തീയിട്ടത്.
സംഭവത്തിൽ കോട്ടയ്ക്കൽ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് രാത്രി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച സബാഹ് കുണ്ടുപുഴക്കൽ ആണ് ഇത്തവണ ഇടത് സ്ഥാനാർഥി.
ബിജെപിക്കായി വി.എൻ. ജയകൃഷ്ണനാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ വൻ സ്വാധീനമുള്ള പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പകരമായാണ് ഇത്തവണ യുഡിഎഫിന് വേണ്ടി കെ.എം. ഷാജി മത്സരരംഗത്തിറങ്ങുന്നത്.