തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കൊങ്ങണംകോട് തോട്ടുമുക്ക് പാലം അടിയന്തരമായി പുനർനിർമിക്കണം എന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പനവൂർ പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനു നിവേദനം നൽകി.
കാലപ്പഴക്കം കൊണ്ട് കേടുപാട് പറ്റി തകർന്ന അവസ്ഥയിൽ ആയിരിക്കവേ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് വർഷക്കാലത്തോളമായി പാലം കൂടുതൽ അപകടകരമായ വിധം തകരുകയും കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസ് ഉൾപ്പെടെ വലിയ വാഹനങ്ങളുടെ യാത്ര പൂർണമായും നിരോധിക്കുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്ലേശം രൂക്ഷമാണ്. സ്കൂൾ തുറക്കുക കൂടി ചെയ്തതോടെ രക്ഷകർത്താക്കളും വിദ്യാർഥികളും കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുന്നു.
വലിയ വാഹനങ്ങൾ പഞ്ചായത്ത് കേന്ദ്രത്തിൽ എത്തണമെങ്കിൽ അഞ്ച് കിലോമീറ്ററിൽ അധികം ചുറ്റിയാണ് വരേണ്ടത്. പാലത്തിന്‍റെ നിലവിലെ സ്ഥിതിയും ജനങ്ങളുടെ ബുദ്ധിമുട്ടും പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കും എന്ന് മന്ത്രി ഭാരവാഹികൾക്ക് ഉറപ്പുനൽകി.
മുസ്‌ലിം ലീഗ് പനവൂർ പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് ഖാൻ പനയമുട്ടം, നിയോജക മണ്ഡലം ട്രഷറർ ഒ.പി.കെ. ഷാജി, എസ്.ഇ.യു സംസ്ഥാന സെക്രട്ടറി നൗഷാദ് എസ്എൻ പുരം, പഞ്ചായത്ത് സെക്രട്ടറി ഷജീർ തോട്ടുമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
Tags : Thiruvananthapuram Bridge IUML