Kerala
കൊച്ചി: എറണാകുളം വൈപ്പിനില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നു 47,092 രൂപ തട്ടിയതായി പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആണെന്ന വ്യാജ രേഖ ചമച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയ ഇടുക്കി കട്ടപ്പന സ്വദേശി ശ്രീരാജ് ഷിബു, ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ചെറായി രക്തേശ്വരി ഭാഗത്തുള്ള യുവതിയില്‍ നിന്നുമാണ് പണം തട്ടിയത്.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണെന്ന് പറഞ്ഞ് സര്‍ക്കാര്‍ മുദ്രയുള്ള രേഖകളും വ്യാജ സര്‍ക്കുലറും സര്‍ക്കാര്‍ ഇമെയില്‍ ഐഡി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ ഐഡിയും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പിനായി യുവതിയെ സമീപിച്ചത്.
ബ്ലോക്ക് റിസോഴ്സസ് സെന്ററിന്റെ കീഴിലുള്ള ഗവ. സ്കൂളില്‍ സൂപ്രണ്ട് ക്വാട്ടയില്‍ ജോലി വാങ്ങിത്തരാം എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച യുവതി ഭര്‍ത്താവിന്റെയും സഹോദരിയുടെയും ഗൂഗിള്‍ പേ അക്കൗണ്ടില്‍ നിന്നുമാണ് പണം നല്‍കിയത്.
എന്നാല്‍ ജോലി ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ ചോദിച്ചു. ഇതു നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുനമ്പം എസ്ഐ പി.എസ്. സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കെ- ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം വൈകുന്നതില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍. കഴിഞ്ഞ ഫെബ്രുവരി, 21, 23 തീയതികളില്‍ നടന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ ഫലമാണു മാസങ്ങള്‍ പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാത്തത്. 60 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിജ്ഞാപനം.
ഫലം വൈകുന്നതുമൂലം ഈ അധ്യയനവര്‍ഷം എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുന്നവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. അതേസമയം, വിരമിക്കാന്‍ രണ്ടു വര്‍ഷത്തിലധികം ബാക്കിയുള്ള അധ്യാപകര്‍ കെ- ടെറ്റ് യോഗ്യത നിര്‍ബന്ധമായും നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ പരീക്ഷയായതിനാല്‍ ജോലിയിലുള്ളവരും ആശങ്കയിലാണ്.
വിദ്യാലയങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിക്കുന്നവരും ഫലം കാത്തിരിക്കുകയാണ്. നിലവിലെ അധ്യാപകരില്‍ പലര്‍ക്കും ഫലം വരാത്തതിനാല്‍ പ്രമോഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. മുമ്പ് നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സര്‍വീസിലുള്ളവര്‍ക്കായി പ്രത്യേക കെ- ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാനടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
പരീക്ഷാഫലം വന്ന ശേഷമേ വിദ്യാഭ്യാസവകുപ്പില്‍ നേരത്തേ നിയമനം നേടിയവര്‍ക്കുള്ള കെ- ടെറ്റ് പരീക്ഷാതീയതി പ്രഖ്യാപിക്കാനാകൂവെന്നതും അനിശ്ചിതത്വം വര്‍ധിപ്പിക്കുകയാണ്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനു പിന്നാലെ കെ- ടെറ്റ് ഫലം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. പരീക്ഷാഭവന്റെ മെല്ലെപ്പോക്കാണു ഫലം വൈകാന്‍ കാരണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.
National
ബംഗളൂരു: കർണാടകത്തിലെ റായ്ച്ചൂരിൽ നിർധന പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച പെൺവാണിഭ കേന്ദ്രം അടച്ചുപൂട്ടി പോലീസ്. സംഘത്തിലെ നടത്തിപ്പുകാരായ 11 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി.
റായ്ച്ചൂരിലെ മാൻവിയിൽ അവധി ദിവസങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രമാണ് പോലീസ് കണ്ടെത്തി അടപ്പിച്ചത്. തൊഴിൽരഹിരായ യുവതികൾക്ക് തൊഴിൽ ലഭ്യമാക്കി നൽകുന്നു എന്ന പേരിലായിരുന്നു പെൺവാണിഭ കേന്ദ്രത്തിന്റെ പ്രവർത്തനം.
നിർധനരായ യുവതികളെ കണ്ടെത്തുകയും തൊഴിൽ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തുമാണ് സംഘം പ്രവർത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തിന്റെ അടുത്തെത്തുന്ന യുവതികളെ പിന്നീട് ഭീഷണിപ്പെടുത്തി ഇവർ ലൈംഗികവൃത്തിയിലേക്ക് നിയോഗിക്കുകയായിരുന്നു.
തായപ്പ എന്നയാളാണ് സംഘത്തിന്റെ സൂത്രധാരൻ എന്ന് പോലീസ് വ്യക്തമാക്കി. പൊലീസ് പരിശോധനയ്ക്കെത്തുമ്പോൾ രണ്ട് യുവതികൾ ഇവിടെ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി റെസ്ക്യൂ ഹോമിലേക്ക് മാറ്റി.
സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മാൻവി പോലീസ് അറിയിച്ചു. മറ്റിടങ്ങളിലും സമാന രീതിയിൽ ഇവർ പെൺകുട്ടികളെ വലയിലാക്കായിരുന്നോ എന്നതും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Business
ന്യൂയോർക്ക്: പ്രമുഖ ഓസ്ട്രേലിയൻ - അമേരിക്കൻ സോഫ്റ്റ്വെയർ കമ്പനിയായ അറ്റ്ലാസിയൻ ഏകദേശം 1,600 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ജീവനക്കാർക്കും തൊഴിൽ നഷ്ടമായേക്കുമെന്ന് കമ്പനിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐ, എന്റർപ്രൈസ് സെയിൽസ് എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കമ്പനി അറിയിച്ചു. വടക്കേ അമേരിക്കയിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ കൂടുതൽ ബാധിക്കുന്നത്.
അമേരിക്കയിൽ 40 ശതമാനവും ഓസ്ട്രേലിയയിൽ 30 ശതമാനവും ഇന്ത്യയിൽ 16 ശതമാനവും തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് നിഗമനം.
എഐ മനുഷ്യർക്കു പകരമാകും എന്നതല്ല തങ്ങളുടെ സമീപനം, എന്നാൽ എഐ ആവശ്യമായ ഇടങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്ന് സിഇഒ മൈക്ക് കാനൻ ബ്രൂക്ക്സ് പറഞ്ഞു.
കഴിഞ്ഞ വർഷം അറ്റ്ലാസിയന്റെ ഓഹരികളിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജിര, കോൺഫ്ലുവൻസ് തുടങ്ങിയ കൊളാബറേഷൻ ടൂളുകളിൽ നിന്നാണ് കമ്പനിക്ക് പ്രധാനമായും വരുമാനം എത്തുന്നത്.
എഐ ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ പ്രൊഡക്റ്റ് ഡെവലപ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും കമ്പനിക്ക് ലാഭകരമായി വളരാനും സാധിക്കുമെന്ന് വിലയിരുത്തുന്നു.
അതേസമയം, കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ രാജീവ് രാജൻ ഈ മാസം സ്ഥാനമൊഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.
Sports
തിരുവനന്തപുരം: 2022 ലെ 22-ാമത് കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി രണ്ട് മെഡലുകൾ നേടിയ ഷട്ടിൽ ബാഡ്മിന്റണ്‍ താരം ട്രീസ ജോളിക്ക് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജിഎസ്ടി വകുപ്പിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് ജോലി നൽകുക.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി 24 പുതിയ തസ്തികകൾ സൃഷ്ടിക്കും.
11 തസ്തികകൾ പുതിയതായി റവന്യൂ വകുപ്പിലും 13 തസ്തികകൾ ദിവസവേതനാടിസ്ഥാനത്തിലും സൃഷ്ടിക്കും.
Kerala
കൂത്താട്ടുകുളം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പെരുമ്പടവും സ്വദേശി അറസ്റ്റിൽ. ഇലഞ്ഞി പെരുമ്പടവും മലയിൽ അർജുനെ (24) ആണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്. ഇടയാർ കുഴിപ്പിള്ളിയിൽ കെ.എ. സ്കറിയയാണ് പരാതി നൽകിയത്.
പരാതിക്കാരന്റെ മകന് സിംഗപ്പൂരിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി 6.5 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പരാതി.
ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ തൃശൂരിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടിയിലായത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
കോട്ടയം: പണം വാങ്ങി, ഒന്നിച്ചു ജീവിക്കാമെന്ന ഉറപ്പിൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ട്യൂഷൻ സെന്റർ അടച്ചുപൂട്ടി യുവതിക്കൊപ്പം ചെന്നു, വീടു പണി കഴിഞ്ഞതോടെ യുവതി നിലപാട് മാറ്റി. കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. സാമ്പത്തിക തർക്കമാണ് കൊലപാതക കാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പോലീസും അറിയിച്ചു. ഇടുക്കി കല്ലാര്‍ സ്വദേശി ഷേര്‍ളി മാത്യു(45)വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (38) കഴുത്തു മുറിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നു പോലീസ് സ്ഥിരീകരിച്ചു.
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൂവപ്പള്ളിയില്‍ ഷേര്‍ലി ആറു മാസം മുമ്പ് വീടു വച്ചശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. വീടു പണിയാനുള്‍പ്പെടെ ജോബില്‍നിന്ന് 15 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. വീടു പണി കഴിഞ്ഞ ശേഷം ഇയാളെ ഒഴിവാക്കാന്‍ മറ്റൊരാളുമായി നാലു മാസം മുമ്പു ഷേര്‍ലി അടുപ്പമുണ്ടാക്കിയതാണ് കൊലയ്ക്കു കാരണമായതെന്നു പോലീസ് പറഞ്ഞു.
ജോബിനോട് കൂവപ്പള്ളിയിലേക്ക് ഇനി ചെല്ലരുതെന്നും ഒരുമിച്ചു കഴിയാന്‍ താത്പര്യമില്ലെന്നും ഷേർളി നിലപാട് സ്വീകരിച്ചതോടെ ജോബ് പ്രകോപിതനായി. ഷേർളിയോടൊപ്പം ഒരുമിച്ചു കഴിയാമെന്നു കരുതിയായിരുന്നു ഇയാൾ വീടു പണിക്കും മറ്റുമായി തന്റെ ബാങ്ക് നിക്ഷേപമെടുത്തു നൽകിയത്. ഇതുകൂടാതെ ജോബ് കോട്ടയം താഴത്തങ്ങാടിയില്‍ വലിയ വരുമാനത്തോടെ നടത്തിയിരുന്ന ട്യൂഷന് സെന്റര്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം നിർത്തിയിരുന്നു. ഷേർളിയോടൊപ്പം പോയി താമസിക്കാനാണ് ട്യൂഷൻ സെന്റർ നിർത്തിയതെന്നു പറയുന്നു.
ഒഴിവാക്കൽ, കലഹം
ജോബിനെ ഒഴിവാക്കാൻ ഷേർളി ശ്രമിച്ചതോടെ ഇരുവരും തമ്മിൽ കലഹമായി. പണം തിരികെ കിട്ടിയേ മതിയാകൂ എന്നായിരുന്നു ജോബിന്റെ നിലപാട്. ഇതിനിടെ, കലഹം രൂക്ഷമായതോടെ
ജോബിനെതിരേ കാഞ്ഞിരപ്പള്ളി പോലീസില്‍ ഷേർളി പരാതി നല്കി. എന്നാല്‍, പോലീസ് വിശദമായ ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ സഹകരിക്കാന്‍ ഷേര്‍ലി താത്പര്യം കാണിച്ചില്ല. ഇതിനിടെ, തന്റെ പണം തരണമെന്ന കടുത്ത നിലപാട് ജോബ് സ്വീകരിച്ചതോടെ ഇരുവരും തമ്മില്‍ പ്രശ്നം വളഷായി. ഇതിനിടെ, ഷേര്‍ലി മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നു ജോബും ഷേര്‍ലിയുടെ ആദ്യ ഭര്‍ത്താവിന്റെ മകനും ചേര്‍ന്നു കൊച്ചിയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആ യാത്രയിലും തിരികെ വന്ന ശേഷവും ഇരുവരും തമ്മില്‍ കലശലായ ബഹളമുണ്ടായി.
ജോബ് തന്നെ വക വരുത്തുമെന്ന് അടുത്തിടെ പരിചയത്തിലായ സുഹൃത്തിനെ ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ഷേര്‍ളി ഫോണില്‍ അറിയിച്ചിരുന്നു. തിരികെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെയാണ് ഇദ്ദേഹമാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും തുടര്‍ന്ന് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതും. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യത്തില്‍ പങ്കില്ലെന്നു കണ്ടതിനാല്‍ വിട്ടയച്ചു.
മൃതദേഹങ്ങൾ സംസ്കരിച്ചു
കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലപ്പെട്ട നെടുങ്കണ്ടം കല്ലാർ തുരുത്തിയിൽ ഷേർലി മാത്യു (45), കോട്ടയം ആലുംമൂട് കുരുട്ടുപറമ്പിൽ ജോബ് സക്കറിയ (38) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഷേർലിയുടെ മൃതദേഹം പൊൻകുന്നം ചേപ്പുംപാറ ശാന്തിതീരം പൊതുശ്മശാനത്തിലും ജോബ് സക്കറിയയുടെ മൃതദേഹം കോട്ടയത്തുമാണ് സംസ്കരിച്ചത്.
Education
തിരുവനന്തപുരം: സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ഇരട്ട യോഗ്യത സർട്ടിഫിക്കറ്റ് പദ്ധതി (ഡ്യൂവൽ സർട്ടിഫിക്കേഷൻ) വിജ്ഞാപനം ചെയ്തു.
നിലവിൽ എട്ടാം സെമസ്റ്ററിൽ എത്തിയിരിക്കുന്ന വിദ്യാർഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്നവർക്ക് അവർ തെരഞ്ഞെടുക്കുന്ന മേഖലയിൽ തൊഴിൽ നൈപുണ്യ പരിശീലനത്തിനും മേഖലാ പ്രായോഗിക പരിശീലനത്തിനും നേരിട്ടുള്ള തൊഴിൽ നിയമനത്തിനും അവസരം ഉണ്ടായിരിക്കും.
ഈ പദ്ധതിയിൽ പ്രവേശനം നേടുന്ന ബിടെക് സിവിൽ അവസാന വർഷം പഠിക്കുന്ന, ആറാം സെമസ്റ്റർ വരെ ബാക് ലോഗ് ഇല്ലാത്ത വിദ്യാർഥികൾക്ക് ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്, ക്വാണ്ടിറ്റി സർവേ ആൻഡ് കോൺട്രാക്ടസ് മാനേജ്മെന്റ്, ക്വാളിറ്റി അഷ്റൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നീ മേഖലകളിൽ തൊഴിൽ നൈപുണ്യം ആർജിച്ചുകൊണ്ട് വ്യാവസായിക മേഖലാ പരിശീലനം ചെയ്യാൻ സാധിക്കും. ബിടെക് മെക്കാനിക്കൽ / ഇലക്ട്രിക്കൽ വിദ്യാർഥികൾക്ക് ബിം എംബെഡഡ് എംഇപി സിസ്റ്റം ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ് മേഖലയിലായിരിക്കും പരിശീലനം.
പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടിയവർക്ക് ബിടെക് വിജയകരമായി പൂർത്തീകരിക്കുന്നതോടെ ഐഐഐസിയിൽ അവർ തെരഞ്ഞെടുത്ത മേഖലയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ സർട്ടിഫിക്കറ്റും മുൻ നിര നിർമാണ കമ്പനിയിൽ നേരിട്ടുള്ള നിയമനത്തിന് അവസരവും ലഭിക്കും. പദ്ധതിയുടെ കാലയളവ് ആറു മാസം ആയിരിക്കും. നാലു മാസം ഐഐഐസിയിലും രണ്ടു മാസം രാജ്യത്തെ മുൻ നിര കമ്പനികളിലും ആയിരിക്കും പരിശീലനം. പരിശീലന ചെലവ് വിദ്യാർഥിവഹിക്കണം. സ്കിൽ ലോൺ ലഭിക്കാൻ ആവശ്യമായ സഹായങ്ങൾ ഐഐഐസിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കും.
ജനുവരി 20 മുതൽ പ്രവേശനം ആരംഭിക്കും. പരിശീലന ക്ലാസുകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. മൂന്ന് ഘട്ടങ്ങളായുള്ള പരിശീലനത്തിന്റെ ആദ്യ ഘട്ടം മാർച്ച് 31 നു അവസാനിക്കും. രണ്ടാം ഘട്ടം മേയ് നാലിന് ആരംഭിക്കുകയും ജൂൺ 30ന് അവസാനിക്കുകയും ചെയ്യും. ജൂലൈ 13 മുതൽ ആരംഭിക്കുന്ന വ്യാവസായിക മേഖലാ പരിശീലനം സെപ്റ്റംബർ 11ന് അവസാനിക്കും. വിശദവിവരങ്ങൾക്ക്: 80789 80000, www.iiic.ac.in.
CAREER DEEPIKA
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തരാഖണ്ഡ് റായ്പുരിലെ ഇന്ത്യ ഒപ്റ്റെൽ ലിമിറ്റഡിൽ 149 പ്രോജക്ട് ടെക്നിഷൻ, ഒരു ജൂണിയർ പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവ്. താത്കാലിക നിയമനം. ജനുവരി 16 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവുള്ള വിഭാഗം, യോഗ്യത, പ്രായം, ശമ്പളം: പ്രോജക്ട് ടെക്നിഷൻ (ഫിറ്റർ ഇൻസ്ട്രമെന്റ്സ്, ഫിറ്റർ ഇലക്ട്രോണിക്സസ്, മെഷിനിസ്റ്റ്, ഒപ്റ്റിക്കൽ വർക്കർ, ഇലക്ട്രോപ്ലേറ്റർ, പെയിന്റർ): പത്താം ക്ലാസും ബന്ധപ്പെട്ട വിഭാഗത്തിൽ എൻടിസി/എൻഎസിയും; 18-32; 20,000.
ജൂണിയർ പ്രോജക്ട് എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ അറിവ്: 18-45; 30,000.
www.ddpdoo.gov.in
CAREER DEEPIKA
തപാൽ വകുപ്പിനു കീഴിൽ അഹമ്മദാബാദ് സർക്കിളിൽ 48 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) ഒഴിവ്. നേരിട്ടുള്ള നിയമനം. ജനുവരി 19 വരെ അപേക്ഷിക്കാം.
ശമ്പളം: 19,900. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ www.indiapost.gov.inൽ പ്രസിദ്ധീകരിക്കും.
NRI
ബെര്‍ലിന്‍: പ്രതിസന്ധിയിലായ ജര്‍മനി എന്ന സമ്പദ്വ്യവസ്ഥയില് നിന്നുള്ള കൂടുതല്‍ മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനുവരി ഒന്നിന് മിനിമം വേതന വര്‍ധനവിന് മറുപടിയായി നേരിട്ട് ബാധിച്ച അഞ്ച് കമ്പനികളില്‍ ഒന്നില്‍ കൂടുതല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടു.
പ്രത്യേകിച്ചും സാമ്പത്തിക ഗവേഷകരുടെ അഭിപ്രായത്തില്‍, ജര്‍മനിയുടെ ഏറ്റവും പുതിയ ബിസിനസ് കാലാവസ്ഥാ സര്‍വേയില്‍ 21.7 ശതമാനം പേര് ശരിവയ്ക്കുകയാണ്. എന്നിരുന്നാലും മിനിമം വേതന വര്‍ധനവ് നേരിട്ട് ബാധിക്കുന്നത് 37 ശതമാനം പേരെ മാത്രമാണ്.
അവയില്‍, പല കമ്പനികളും നിക്ഷേപങ്ങള്‍ ഉപേക്ഷിച്ച് വില ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. വര്‍ഷാവസാനത്തോടെ മിനിമം വേതനം തുടക്കത്തില്‍ മണിക്കൂറിന് 1.08 യൂറോ മുതല്‍ 13.90 വരെ വര്‍ധിക്കും. ഈ വര്‍ധന ഭാവിയില്‍ ദോഷകരമായി ബാധിക്കുക മാത്രമല്ല കമ്പനികള്‍ ജോലിക്ക് ആളെ എടുക്കാത്ത അവസ്ഥയിലേയ്ക്കും തള്ളിനീക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.
വര്‍ഷാരംഭത്തില്‍ വരാനിരിക്കുന്ന മിനിമം വേതന വര്‍ധനവ് "ഇത് ബാധിച്ച കമ്പനികളുടെ തൊഴില്‍ ചെലവുകളില്‍ ഗണ്യമായ വര്‍ധനവിനെ പ്രതിനിധീകരിക്കുന്നതായി ഇഫോ ഗവേഷകനും പറയുന്നു. സാമ്പത്തിക ദുര്‍ബലതയുടെ നിലവിലെ കാലഘട്ടത്തില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് പ്രത്യേകിച്ച് ദോഷകരമാണെന്ന് കമ്പനികളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.
2022ലെ അവസാനത്തെ പ്രധാന മിനിമം വേതന വര്‍ധനവിന് ശേഷമുള്ളതിനേക്കാള്‍ വളരെ രൂക്ഷമായ പ്രതികരണമാണ് കമ്പനികളുടെത് എന്നത് ശ്രദ്ധേയമാണ്. അന്ന്, അത് 1.55 യൂറോ വര്‍ധിച്ച് 12 യൂറോയായി. ഇതും പലപ്പോഴും തൊഴില്‍ വെട്ടിക്കുറവുകളും നിക്ഷേപം കുറയ്ക്കലും ഉണ്ടാക്കി.
2022 ലെ വര്‍ധനവിന് മുമ്പ്, ബാധിച്ച കമ്പനികളില്‍ 10.6 ശതമാനം മാത്രമേ തൊഴില്‍ വെട്ടിക്കുറവ് ആസൂത്രണം ചെയ്തിരുന്നുള്ളൂ. നിക്ഷേപങ്ങളില്‍ നിലവില്‍ 27.7 ശതമാനം കുറവ് ആസൂത്രണം ചെയ്തിട്ടുണ്ട്, അന്ന് 15 ശതമാനം മാത്രമായിരുന്നു ഇത്.
സാധ്യതയുള്ള വില വര്‍ധനവിനെക്കുറിച്ച്, ഇത്തവണ പ്രതികരണങ്ങള്‍ കുറവാണ്. നിലവില്‍, 49.7 ശതമാനം പേര് അവ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നു. മുമ്പ് 54.8 ശതമാനമായിരുന്നു ഇത്.
പ്രഖ്യാപിച്ച പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, ബാധിച്ച പല കമ്പനികളും നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നു. ജര്‍മനിയിലെ 51 ശതമാനം ബിസിനസുകളും ലാഭക്ഷമതയില്‍ ഇടിവ് പ്രതീക്ഷിക്കുന്നവയാണ്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളെയും ബാധിക്കും.
കമ്പനികളെ നേരിട്ട് പരിഗണിക്കുന്നു ഭാവിയിലെ മിനിമം വേതനമായ 13.90യൂറോയില്‍ താഴെ മണിക്കൂര്‍ വേതനമുള്ള ജീവനക്കാരെ നിലവില്‍ നിയമിച്ചാല്‍ ഇത് ബാധിക്കപ്പെടും. ഹോസ്പിറ്റാലിറ്റി മേഖലയില്‍ (77 ശതമാനം), റീട്ടെയില്‍ മേഖലയില്‍ (71 ശതമാനം), ടെക്സ്റ്റെല്‍, ഭക്ഷ്യ വ്യവസായങ്ങളില്‍ (യഥാക്രമം 62, 59 ശതമാനം) ഇത് പ്രത്യേകിച്ചും സാധാരണമാണ്.
പല മേഖലകളിലും ഈ കണക്ക് 40 ശതമാനത്തില്‍ താഴെയാണ്, മെക്കാനിക്കല്‍ എൻജിനിയറിംഗിലും നിര്‍മാണത്തിലും ഇത് 20 ശതമാനത്തില്‍ താഴെയാണ്. എന്നിരുന്നാലും, മിനിമം വേതന വര്‍ധനവ് ബാധിക്കുന്ന തൊഴില്‍ ബന്ധങ്ങളുടെ അനുപാതം കുറവാണ് ബാധിച്ച കമ്പനികളിലെ ജോലികളുടെ 15.5 ശതമാനവും എല്ലാ കമ്പനികളിലുമായി 5.8 ശതമാനവും മാത്രം.
ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന അനുപാതം ഹോസ്പിറ്റാലിറ്റി വ്യവസായത്തിലാണ് (23.9 ശതമാനം).
Kerala
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
പത്മരാജനെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് സ്കൂൾ മാനേജർ പുറപ്പെടുവിച്ചു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ടിരുന്നു.
പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.
പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി.
കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
National
ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ പരിഷ്കരണങ്ങള്‍ നടത്തി നാല് തൊഴില്‍ച്ചട്ടങ്ങള്‍ (ലേബര്‍ കോഡ്) സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സാമൂഹികസുരക്ഷ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്, നിയമപ്രകാരമുള്ള മിനിമം വേതനം, സമയബന്ധിതമായ ശമ്പള വിതരണം എന്നിവ ഉറപ്പുവരുത്തുന്നതാണ് നാല് തൊഴില്‍ ചട്ടങ്ങള്‍.
നിലവിലുള്ള 29 വ്യത്യസ്ത ചട്ടങ്ങള്‍ക്ക് പകരമായാണ് ഏകീകൃത തൊഴില്‍ച്ചട്ടം. 2019ലെ വേതനച്ചട്ടം (കോഡ് ഓഫ് വേജസ്), 2020ലെ വ്യവസായ ബന്ധച്ചട്ടം (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്), 2020ലെ സാമൂഹിക സുരക്ഷാചട്ടം (കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), 2020ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ, പ്രവര്‍ത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം (ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ്) എന്നിവയാണ് ചട്ടങ്ങള്‍.
സ്ത്രീകള്‍ക്ക് വിപുലമായ അവകാശങ്ങളും സുരക്ഷയും പരിഷ്കരണത്തിന്റെ ഭാഗമാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റ് ജോലി അനുവദിക്കും. 40 വയസിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന, രാജ്യം മുഴുവന്‍ പ്രാബല്യമുള്ള ഇഎസ്ഐ പരിരക്ഷ, ഏക രജിസ്ട്രേഷന് എന്നിവ ചട്ടങ്ങളുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
CAREER DEEPIKA
തമിഴ്നാട്ടിലെ ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് പ്രഫസറുടെ 2708 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎഡ്, നെറ്റ്/സെറ്റ്/പിഎച്ച്ഡി. പിഎസ്ടിഎം റിസർവേഷൻ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി/പ്ലസ്ടു തലംവരെ തമിഴ് പഠിച്ചിരിക്കണം അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ തമിഴ്നാട് പിഎസ്സി നടത്തുന്ന തമിഴ് ലാംഗ്വേജ് ടെസ്റ്റ് പാസാകണം.
ഒഴിവുള്ള വിഷയങ്ങൾ: ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, സുവോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, സംസ്കൃതം തുടങ്ങി നിരവധി വിഷയങ്ങളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക്: www.trb.tn.nic.in
District News
അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും വിജ്ഞാന കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. കേരളപ്പിറവി ദിനമായ നാളെ രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ഈ മേളയിൽ മൈ-ജി, ഓക്സിജൻ ഡിജിറ്റൽ, നന്തിലത് ജി മാർട്ട് തുടങ്ങിയ മുപ്പതിലധികം പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ നേരിട്ടെത്തി അഭിമുഖത്തിന് നേതൃത്വം നൽകും.
എൻജിനിയറിംഗ്, നഴ്സിംഗ് തുടങ്ങി മൂവായിരത്തിലധികം തൊഴിൽ അവസരങ്ങൾ ഈ മേളയിലൂടെ ഉദ്യോഗാർഥികൾക്ക് ലഭ്യമാകും. അടൂരിലെ മികച്ച അവസരങ്ങൾക്ക് പുറമേ പന്തളം, പത്തനംതിട്ട, റാന്നി തുടങ്ങിയ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെയും ഒഴിവുകൾക്കായുള്ള അഭിമുഖം അന്നേ ദിവസം അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
എസ്എസ്എൽസി മുതൽ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാം. തുടക്കക്കാർക്കും പരിചയസമ്പന്നർക്കും ഒരേപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് തൊഴിൽമേള ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുമായി 8714699498, 9847106388 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
National
പറ്റ്ന: ബിഹാറിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അധികാരമേറ്റു കഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കും.
20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണിതെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരാനുണ്ടെന്നും തേജസ്വി വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു കഴിഞ്ഞില്ല. താൻ സർക്കാരിന്റെ ഭാഗമായിരുന്ന ചെറിയ സമയത്ത് അഞ്ചുലക്ഷം പേർക്കാണു തൊഴിൽ നൽകിയത്.
എനിക്ക് അഞ്ചുവർഷം സമയം ലഭിച്ചാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമെ താൻ പറയൂ. ഇത് എന്റെ പ്രതിജ്ഞയാണെന്നും തേജസ്വി വ്യക്തമാക്കി.