കൊച്ചി: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കെ- ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം വൈകുന്നതില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍. കഴിഞ്ഞ ഫെബ്രുവരി, 21, 23 തീയതികളില്‍ നടന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ ഫലമാണു മാസങ്ങള്‍ പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാത്തത്. 60 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിജ്ഞാപനം.
ഫലം വൈകുന്നതുമൂലം ഈ അധ്യയനവര്‍ഷം എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുന്നവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. അതേസമയം, വിരമിക്കാന്‍ രണ്ടു വര്‍ഷത്തിലധികം ബാക്കിയുള്ള അധ്യാപകര്‍ കെ- ടെറ്റ് യോഗ്യത നിര്‍ബന്ധമായും നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ പരീക്ഷയായതിനാല്‍ ജോലിയിലുള്ളവരും ആശങ്കയിലാണ്.
വിദ്യാലയങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിക്കുന്നവരും ഫലം കാത്തിരിക്കുകയാണ്. നിലവിലെ അധ്യാപകരില്‍ പലര്‍ക്കും ഫലം വരാത്തതിനാല്‍ പ്രമോഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. മുമ്പ് നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സര്‍വീസിലുള്ളവര്‍ക്കായി പ്രത്യേക കെ- ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാനടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
പരീക്ഷാഫലം വന്ന ശേഷമേ വിദ്യാഭ്യാസവകുപ്പില്‍ നേരത്തേ നിയമനം നേടിയവര്‍ക്കുള്ള കെ- ടെറ്റ് പരീക്ഷാതീയതി പ്രഖ്യാപിക്കാനാകൂവെന്നതും അനിശ്ചിതത്വം വര്‍ധിപ്പിക്കുകയാണ്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനു പിന്നാലെ കെ- ടെറ്റ് ഫലം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. പരീക്ഷാഭവന്റെ മെല്ലെപ്പോക്കാണു ഫലം വൈകാന്‍ കാരണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.