Kerala
തിരുവനന്തപുരം: കല്ലമ്പലം കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വാളിസ് കാറിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അപകട സമയത്ത് വാഹനത്തിൽ സുഗന്ധകുമാറും കുടുംബാംഗങ്ങളും ആണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നത്തോടെ വാഹനം ഒതുക്കി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു.
വിവരമറിഞ്ഞ് കല്ലമ്പലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 17വിദ്യാർഥികൾക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കല്ലമ്പലം നാവായിക്കുളം യെദുക്കാടുണ്ടായ അപകടത്തിൽപ്പെട്ടവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൃശൂർ കൊടകര എംബിഎ കോളജിൽ നിന്നും പഠനയാത്രയ്ക്കായി പുറപ്പെട്ട വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസിലുണ്ടായിരുന്നത്.
ദേശീയപാതയിൽ ബൈപാസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞതാണ് അപകടകാരണം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഹോം നഴ്സായ യുവതിയുടെ രണ്ട് കാലും തല്ലിയൊടിച്ച ശേഷമാണ് പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
നാവായികുളം സ്വദേശിനി മുനീശ്വരിയെ ആണ് ഭർത്താവ് ബിനു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ ഏഴ് മണിക്ക് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് കൊലപാതക ശ്രമത്തിലെത്തുകയുമായിരുന്നു. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് വഴക്ക് പതിവാണെന്ന് അയൽവാസികൾ പറയുന്നു.
മുനീശ്വരിയുടെ രണ്ട് കാലുകളും ബിനു കാറ്റാടിക്കഴ ഉപയോഗിച്ച് തല്ലിയൊടിക്കുകയായിരുന്നു. ഇതേ തുടർന്ന് നിലത്തുവീണ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാത നിർമാണത്തിന് സൂക്ഷിച്ചിരുന്ന വസ്തുക്കൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കടയ്ക്കോട് പാറവിള മാടൻനടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദ് ആണ് കേസിൽ പിടിയിലായത്.
പ്രതി വിൽക്കാൻ ശ്രമിച്ച നിർമാണ സാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ദേശീയപാത നിർമാണത്തിനായി നാവായിക്കുളം, 28ാം മൈൽ, തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്.
സ്റ്റീൽ പൈപ്പുകൾ, കമ്പികൾ, ഇരുമ്പ് ഷീറ്റുകൾ എന്നിവ ഉൾപ്പെടെ 1,000 കിലോഗ്രാം നിർമാണ സാമഗ്രികളാണ് വിനോദ് മോഷ്ടിച്ചത്. സ്റ്റോക്കിൽ കുറവ് വന്നതിനെ തുടർന്ന് കരാർ കമ്പനി കല്ലമ്പലം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുടുങ്ങിയത്. പെട്ടിഓട്ടോയുമായി എത്തി പാതയോരത്ത് ഇറക്കിവച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി വിൽക്കുകയായിരുന്നു ഇയാളുടെ രീതി.
Kerala
തിരുവനന്തപുരം: കല്ലമ്പലം മണമ്പൂർ വലിയവിളയിൽ ജനവാസ മേഖലയിൽ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ. മനുഷ്യാവകാശ കമ്മീഷനിൽ വലിയവിള സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നിലപാട് വ്യക്തമാക്കിയത്.
ഭാവിയിൽ അപേക്ഷ പരിഗണിക്കുകയാണെങ്കിൽ പരാതിക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകി അവരുടെ ആവശ്യങ്ങൾ പരിഗണിച്ച ശേഷം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
കല്ലമ്പലം വിദേശമദ്യഷാപ്പ് വലിയവിളയിൽ മാറ്റി സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.