തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതോടെ കാപ്പ നിയമപ്രകാരം കേസെടുത്ത് നാടുകടത്തിയ യുവാവ് കല്ലമ്പലത്ത് വധശ്രമ കേസിൽ പിടിയിലായി.
ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് (27)ആണ് പിടിയിലായത്. 2025 ജൂലൈ 16ന് ആയിരുന്നു അഭിജിത്തിന് ജില്ലയിൽ പ്രവേശിക്കുന്നതിന് എട്ടു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി പോലീസ് നാടുകടത്തിയത്.
ഇതിന് പിന്നാലെയാണ് വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി തിങ്കളാഴ്ച രാത്രി കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീണ്ടും പിടിയിലായത്.
കല്ലമ്പലം, കടയ്ക്കാവൂർ, വർക്കല എന്നിവിടങ്ങളിലായി വധശ്രമങ്ങൾ ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണ് ഇയാൾ. കാപ്പ ലംഘനത്തിനും വധശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : kerala police crime news kallambalam trivandrum